മണിരത്‌നം സിനിമകളിലെ മലയാളി തിളക്കം
Film News
മണിരത്‌നം സിനിമകളിലെ മലയാളി തിളക്കം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 5th October 2022, 9:15 pm

പൊന്നിയിന്‍ സെല്‍വന്‍ റിലീസിന് പിന്നാലെ ഏറ്റവുമധികം ചര്‍ച്ചയാവുന്ന കഥാപാത്രമാണ് ജയറാമിന്റെ ആഴ്‌വാര്‍ക്കടിയന്‍ നമ്പി. സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ പല സ്ഥലങ്ങളിലും അദ്ദേഹം നിറഞ്ഞുനില്‍ക്കുന്നുണ്ട്. ജയറാം സ്‌ക്രീനിലേക്ക് വരുമ്പോള്‍ പ്രേക്ഷകര്‍ കൂടുതല്‍ ചിരിച്ചു, എന്‍ഗേജിങ്ങായി. കാര്‍ത്തിയുടെയും ഐശ്വര്യ റായിയുടെയും തൃഷയുടെയും വിക്രമിന്റേയും പേരുകള്‍ക്കൊപ്പം ജയറാമിനേയും നിരൂപകര്‍ എടുത്തുപറഞ്ഞു.

ജയറാമിനെ കൂടാതെ ഐശ്വര്യ ലക്ഷ്മി, ലാല്‍, റഹ്മാന്‍, ബാബു ആന്റണി, റിയാസ് ഖാന്‍ എന്നിവരും മലയാളി സാന്നിധ്യങ്ങളായി പൊന്നിയിന്‍ സെല്‍വനിലെത്തുന്നുണ്ട്. കേവല സാന്നിധ്യം എന്നതിനപ്പുറം പ്രധാനകഥാപാത്രങ്ങളായാണ് ഇവരെല്ലാം സിനിമയിലെത്തിയിരിക്കുന്നത്.

മണിരത്‌നം സിനിമകളിലെ ഒരു മുഖ്യഘടകമാണ് മലയാളി താരങ്ങള്‍. അദ്ദേഹത്തിന്റ വിജയ ചിത്രങ്ങളിലെല്ലാം തിളക്കത്തോടെ മലയാളികള്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ശോഭിച്ചുനിന്നിട്ടുണ്ട്. ആദ്യകാല ചിത്രം മുതല്‍ തന്നെ ഇത് നമുക്ക് കാണാനാവും. ആദ്യചിത്രം കന്നഡയില്‍ സംവിധാനം ചെയ്ത മണിരത്‌നം തന്റെ രണ്ടാം ചിത്രം മലയാളത്തിലാണ് ചെയ്തത്. 1984ല്‍ പുറത്തിറങ്ങിയ ഉണരൂ എന്ന ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകന്‍. 1985ലാണ് തന്റെ മൂന്നാമത്തേതും തമിഴിലെ ആദ്യത്തേതുമായ പകല്‍ നിലവ് മണിരത്‌നം സംവിധാനം ചെയ്യുന്നത്. രേവതിയായിരുന്നു ചിത്രത്തില്‍ നായിക.

86ല്‍ പുറത്ത് വന്ന മൗന രാഗത്തിലൂടെയാണ് മണി രത്‌നം സംവിധായകനെന്ന നിലയില്‍ വലിയ ശ്രദ്ധ നേടുന്നത്. തന്റെ ഏറ്റവും മികച്ച സിനിമകളുടെ ലിസ്റ്റില്‍ മുന്‍നിരയിലുള്ള മൗന രാഗത്തിലും മണി രത്‌നം നായികയായി തെരഞ്ഞെടുത്തത് രേവതിയെ ആയിരുന്നു.

ഇതിന് ശേഷം മണിരത്‌നം സംവിധാനം ചെയ്ത ചിത്രം അദ്ദേഹത്തിന്റെ കരിയറിലും കമല്‍ ഹാസന്റെ കരിയറിലും നിര്‍ണായകമായ നായകനായിരുന്നു. ഇന്നും ഇന്ത്യന്‍ സിനിമ പാഠപുസ്തകമായി കരുതുന്ന നായകനില്‍ നമ്മുടെ കാര്‍ത്തികയുമുണ്ടായിരുന്നു.

89ല്‍ പുറത്ത് വന്ന അഞ്ജലിയില്‍ അഞ്ജലി എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് ബേബി ശ്യാമിലിയായിരുന്നു. ഈ ചിത്രത്തിലും ഒരു പ്രധാനകഥാപാത്രമായി രേവതി ഉണ്ട്. അഞ്ജലിയിലെ അഭിനയത്തിന് ബേബി ശ്യാമിലിക്ക് അന്ന് ബെസ്റ്റ് ചൈല്‍ഡ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.

1991ലാണ് ദളപതി പുറത്ത് വരുന്നത്. രജിനികാന്തും മമ്മൂട്ടിയും പ്രധാനകഥാപാത്രങ്ങളായ ചിത്രത്തില്‍ നായികമാരായത് ശോഭനയും ഗീതയുമായിരുന്നു. ന്യൂഡല്‍ഹിയിലൂടെയും സി.ബി.ഐയിലൂടെയും തമിഴ്‌നാട്ടില്‍ നേരത്തെ തന്നെ വലിയ താരമായി അറിയപ്പെട്ട മമ്മൂട്ടിയുടെ അവിടുത്തെ സ്റ്റാര്‍ഡം ഒന്നുകൂടി ഉറപ്പിക്കുന്നതായിരുന്നു ദളപതിയിലെ ദേവരാജ്.

97ലാണ് മോഹന്‍ലാലിനെ നായകനാക്കി ഇരുവര്‍ മണി രത്‌നം സംവിധാനം ചെയ്യുന്നത്. ഇരുവരിലെ ആനന്ദന്‍ മോഹന്‍ലാലിന്റെ കരിയരിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ്.

2000ത്തിലാണ് പിന്നെ ഒരു മലയാളി നടിയെ നായികയാക്കി മണിരത്‌നമെത്തുന്നത്. അലൈപായുതെയിലെ ശാലിനി മണിരത്‌നം ചിത്രങ്ങളില്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ട നായികയാണ്. ചിത്രത്തിലെ ശാലിനി-മാധവന്‍ ജോഡി തെന്നിന്ത്യയില്‍ തന്നെ തരംഗമായി. ശക്തിയെ കാര്‍ത്തിക് പ്രൊപ്പോസ് ചെയ്യുന്നത് ഇന്നും സിനിമകളില്‍ ഒരു റഫറന്‍സായി ഉപയോഗിക്കുന്നുണ്ട്.

2004ല്‍ മാധവന്‍, സൂര്യ, സിദ്ധാര്‍ത്ഥ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മണി സംവിധാനം ചെയ്ത ആയുധം എഴുത്തില്‍ ശക്തമായ കഥാപാത്രമായി മീര ജാസ്മിനുമുണ്ടായിരുന്നു. 2010ലാണ് വിക്രം കേന്ദ്രകഥാപാത്രമായ രാവണന്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ തുടക്കത്തില്‍ നായകനായും ഒടുക്കത്തില്‍ വില്ലനായും പൃഥ്വിരാജിന്റെ ദേവ് പ്രകാശും തിളങ്ങി.

2015ല്‍ മണി രത്‌നം സംവിധാനം ചെയ്ത ഒ.കെ. കണ്‍മണിയില്‍ നായകനും നായികയും മലയാളികളായിരുന്നു. ദുല്‍ഖറിനും നിത്യാ മേനനും തെന്നിന്ത്യയാകെ ശ്രദ്ധ നേടികൊടുത്ത ചിത്രത്തിനും ഇന്നും നല്ല ഫാന്‍ബേസാണുള്ളത്.

മണിരത്‌നം ചിത്രത്തിലെത്തിയ മലയാളികള്‍ക്കെല്ലാം തങ്ങളുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ലഭിക്കാറുള്ളത്. പ്രധാനപ്പെട്ടതെന്ന് തോന്നിയ ചിലതാണ് പറഞ്ഞത്. വിട്ടുപോയതോ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതോ ആയ കഥാപാത്രങ്ങളെ കമന്റില്‍ പറയുമല്ലോ.

Content Highlight: malayai stars in mani ratnam movies