| Tuesday, 11th June 2024, 5:07 pm

മലാവി വൈസ് പ്രസിഡന്റ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു; വിമാനത്തിലുണ്ടായിരുന്നത് മുന്‍ പ്രഥമ വനിതയടക്കം 10 പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലിലോന്‍ഗ്വേ: മലാവി വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. പ്രസിഡന്റ് അടക്കം 10 പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വിമാനം തിങ്കളാഴ്ച കാണാതായിരുന്നു. ഒരു ദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസിനൊപ്പം മുന്‍ പ്രഥമ വനിത ഷാനില്‍ ഡിംബിരിയും വിമാനത്തില്‍ ഉണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ 9:17ന് ദക്ഷിണാഫ്രിക്കയിലെ ലിലോങ്വേയില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍ പെട്ടത്. പത്തരയോടെ മലാവിയിലെ മസുസുവിലെ വിമാനത്താവളത്തില്‍ ആയിരുന്നു വിമാനം ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്.

മുന്‍ കാബിനറ്റ് മന്ത്രി റാല്‍ഫ് കസാംബാരയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സംഘം. വിമാനത്തിലുണ്ടായിരുന്നവരില്‍ മൂന്ന് പേര്‍ എയര്‍ക്രാഫ്റ്റ് ജീവനക്കാരാണ്.

മോശമായ കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് മലാവി പ്രസിഡന്റ് ലാസറസ് മക്കാര്‍ത്തി ചക്വേര മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോളിന് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയും കുറച്ച് സമയത്തിനകം വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തുവെന്നാണ് അദ്ദേഹം പറഞ്ഞത്.

വിമാനം കണ്ടെടുക്കുന്നതിനായി യു.എസ്, യു.കെ, നോര്‍വേ, ഇസ്രഈല്‍ തുടങ്ങിയ രാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു. പത്ത് വര്‍ഷമായി കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു സൗലോസ് ക്ലോസ്.

Content Highlight: Malawi Vice President Killed in Plane Crash

We use cookies to give you the best possible experience. Learn more