| Tuesday, 1st December 2015, 11:18 am

മാളവിക വീണ്ടുമെത്തുന്നു;ശ്വേതാ മേനോന്റെ മകളായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കറുത്ത പക്ഷികള്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയംകവര്‍ന്ന മാളവിക നായര്‍ മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ വെള്ളിത്തിരയില്‍ വീണ്ടുമെത്തുന്നു.

അക്കല്‍ദാമയിലെ പെണ്ണ് എന്ന ചിത്രത്തിലൂടെ വളരെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മാളവികയുടെ തിരിച്ചുവരവ്. ശ്വേതാമേനോന്റെ കൗമാരക്കാരിയായ മകളായാണ് മാളവിക ചിത്രത്തില്‍ വേഷമിടുന്നത്.

തിരക്കഥയിലെ പുതുമയും അഭിനയ സാധ്യതയുള്ള വേഷവുമായതിനാലാണ് അക്കല്‍ദാമയിലെ പെണ്ണ് എന്ന ചിത്രം തെരഞ്ഞെടുക്കാന്‍ കാരണമെന്ന് മാളവിക പറയുന്നു.

മറിയം എന്ന കഥാപാത്രത്തെയാണ് അക്കല്‍ദാമയിലെ പെണ്ണ് എന്ന സിനിമയില്‍ ഞാന്‍ അവതരിപ്പിക്കുന്നത്. ബോള്‍ഡായ ഒരു പെണ്‍കുട്ടിയാണെങ്കിലും പാവം കുട്ടിയാണ്. എന്നാല്‍ ജീവിതസാഹചര്യം അക്കല്‍ദാമയിലെ പെണ്‍കുട്ടിയെ തന്റേടിയാക്കി മാറ്റുന്നു.

അമ്മ മകളെ പുറംലോകം കാണക്കാതെയാണു വളര്‍ത്തുന്നത്. അമ്മയ്ക്ക് ജീവിതത്തില്‍ ഏറെ തിക്താനുഭവങ്ങള്‍ ഉണ്ടായതുകൊണ്ടാകാം മകളെ അങ്ങനെ വളര്‍ത്തിയത്.

ഒടുവില്‍ അമ്മയില്ലാതാകുന്നതോടെ മറിയം നേരിടേണ്ടിവരുന്ന ദുരിതമാണ് ചിത്രം പറയുന്നത്.  മൂന്നു തലമുറകളെയാണ് ഈ സിനിമയില്‍ കാണിക്കുന്നത്. ആഗ്നസ് (ശ്വേത), ആഗ്നസിന്റെ മകള്‍ മറിയം, മറിയത്തിന്റെ മകള്‍ എന്നീ മൂന്നു കഥാപാത്രങ്ങളിലൂടെ ചിത്രം മുന്നോട്ടുപോകുകയാണ്- മാളവിക പറയുന്നു.

നവാഗതനായ ജയറാം കൈലാഷ് സംവിധാനം ചെയ്തിരിക്കുന്ന സിനിമ കാസിം അരിക്കുളവും ആഷിക് ദോഹയും ചേര്‍ന്നാണു നിര്‍മിച്ചിരിക്കുന്നത്.

കറുത്തപക്ഷികള്‍ എന്ന ചിത്രത്തില്‍ മല്ലിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മാളവിക മലയാള സിനിമയിലെത്തുന്നത്.  അന്ധയായ പെണ്‍കുട്ടിയെ അവതരിപ്പിച്ച മാളവിക 2008ല്‍ മികച്ച ബാലതാരത്തിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിരുന്നു. ഊമക്കുയില്‍ പാടുമ്പോള്‍ (2012) എന്ന ചിത്രത്തിലെ പ്രധാനകഥാപാത്രമായ റീമയെ അവതരിപ്പിച്ചാണ് രണ്ടാം തവണ മാളവിക സംസ്ഥാനപുരസ്‌കാരം നേടിയത്.

We use cookies to give you the best possible experience. Learn more