മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള സിനിമയാണ് മമ്മൂട്ടി നായകനായെത്തിയ കറുത്ത പക്ഷികളെന്ന സിനിമ. സിനിമയിലെ മല്ലിയെന്ന കുട്ടി കഥാപാത്രത്തെ മലയാളികള്‍ ഇന്നും ഓര്‍മിക്കുന്നുണ്ട്. ഇപ്പോഴും ആളുകള്‍ തന്നെ തിരിച്ചറിയുന്നത് മല്ലിയിലൂടെയാണെന്ന് പറയുകയാണ് നടി മാളവിക നായര്‍.
താന്‍ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മല്ലിയായി അഭിനയിച്ചതെന്ന് നടി പറഞ്ഞു. അതുകൊണ്ട് തന്നെ ആ സിനിമയ്ക്ക് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് ലഭിച്ചപ്പോള്‍ അതിന്റെ പ്രാധാന്യം തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും മാളവിക മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ഒരു ബോധമില്ലാത്ത സമയത്താണ് എനിക്ക് സംസ്ഥാന അവാര്‍ഡ് കിട്ടുന്നത്. അതിന്റെ മൂല്യമോ പ്രാധാന്യമോ തിരിച്ചറിയാന്‍ സാധിക്കുന്ന പ്രായമായിരുന്നില്ല. ഇപ്പോള്‍ അതിന്റെ സന്തോഷമുണ്ട്. ഇപ്പോഴും ആ പടം വെച്ച് എന്നെ ആളുകള്‍ തിരിച്ചറിയുന്നുണ്ട്.
ഒന്നാം ക്ലാസില്‍ ചെയ്ത പടമാണത്. ഇപ്പോള്‍ ഞാന്‍ പി.എച്ച്.ഡി ചെയ്യുന്നു. ഇപ്പോഴും ആളുകള്‍ കറുത്ത പക്ഷികളിലെ മല്ലിയല്ലേ എന്ന് ചോദിക്കുമ്പോള്‍ ഭയങ്കര സന്തോഷമാണ്. കറുത്ത പക്ഷികള്‍ വെച്ചിട്ടാണ് ഇപ്പോഴും ആളുകള്‍ എന്നെ തിരിച്ചറിയുന്നത്.
അതിന് ശേഷം വേറൊരു ചിത്രം വെച്ചെന്നെ ആളുകള്‍ തിരിച്ചറിഞ്ഞിട്ടില്ല. അത് ചെയ്തിട്ടിപ്പോള്‍ കുറേ വര്‍ഷമായി. അതില്‍ സന്തോഷമുണ്ട്. പിന്നീട് നല്ല കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ലെന്നത് സത്യമാണ്. ഇടക്ക് അത് ആലോചിക്കുമ്പോള്‍ വിഷമമുണ്ടാകും. പക്ഷേ പരാതിയൊന്നുമില്ല.
കാരണം ഞാന്‍ പഠനത്തില്‍ ശ്രദ്ധ തിരിച്ചു. പി.ജി. കഴിഞ്ഞു, പി.എച്ച്.ഡി ചെയ്യുന്നു, ഇപ്പോള്‍ ജോലി കിട്ടി. ജീവിതത്തില്‍ ഞാന്‍ ഹാപ്പിയാണ്. പക്ഷേ അഭിനയത്തില്‍ എനിക്ക് നല്ലൊരു കഥാപാത്രം കിട്ടിയില്ല. വന്നാല്‍ ഞാന്‍ തീര്‍ച്ചയായും ചെയ്യും. വന്നില്ലെങ്കിലും എനിക്കൊരു പരാതിയുമില്ല,’ മാളവിക പറഞ്ഞു.
അക്കല്‍ദാമയിലെ പെണ്ണ് എന്ന ചിത്രത്തിലെ തന്റെ ചിത്രത്തെ കുറിച്ചും മാളവിക സംസാരിച്ചു. തന്റെ കരിയറില്‍ അവാര്‍ഡ് സിനിമകള്‍ എന്ന് കാറ്റഗറി ചെയ്യപ്പെട്ട സിനിമകളിലാണ് ഏറ്റവും കൂടുതല്‍ അഭിനയിച്ചതെന്നും നടി പറഞ്ഞു.
‘ആ സിനിമ എത്ര പേര്‍ കണ്ടിട്ടുണ്ടെന്നറിയില്ല. തിയേറ്ററില്‍ വന്ന് എല്ലാവരും കണ്ട് കയ്യടിക്കും എന്ന് ആലോചിച്ച് സിനിമ ചെയ്തിട്ടില്ല. എന്റെ കരിയര്‍ എടുത്ത് നോക്കിയാല്‍ ‘അവാര്‍ഡ്’ കാറ്റഗറി എന്ന് മാറ്റിവെക്കുന്ന സിനിമകളാണ് കൂടുതല്‍ ചെയ്തത്.
ശ്വേത (ശ്വേത മേനോന്‍) ചേച്ചിയുടെ കൂടെ ചെയ്ത ഈ സിനിമ പെര്‍ഫോമന്‍സ് ചെയ്യാന്‍ സാധ്യതയുള്ള, ഡെപ്തുള്ളൊരു കഥാപാത്രമായിരുന്നു. പക്ഷേ ഈ സിനിമ അധികമാരും കണ്ടിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. പ്രൈമിലെവിടെയോ സിനിമയുണ്ട്.
ഇടക്ക് അത് കണ്ടിട്ട് ആളുകളെനിക്ക് മെസേജ് അയച്ചിട്ടുണ്ട്. ആ പടം കണ്ടിരുന്നു, നല്ല പെര്‍ഫോമന്‍സ് ആയിരുന്നു എന്ന് പറയും. ആരെങ്കിലും ഒക്കെ കണ്ടല്ലോ, മെസേജ് അയച്ചല്ലോ എന്ന് ആലോചിച്ച് സന്തോഷം തോന്നും,’ മാളവിക പറഞ്ഞു.
പി.ജയറാം കൈലാസ് സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ സിനിമയാണ് അക്കല്‍ദാമയിലെ പെണ്ണ് ശ്വേത മേനോനെ കൂടാതെ വിനീത്, സുധീര്‍ കരമന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
CONTENT HIGHLIGHTS: malavika nair about karutha pakshikal