ധരിക്കുന്ന വസ്ത്രം വെച്ച് ആളുകളെ ജഡ്ജ് ചെയ്യുന്നവരെ വെറും ബോറന്മാരായിട്ടാണ് താന്‍ കാണുന്നതെന്ന് നടി മാളവിക മോഹനന്‍. പലരും തന്നെ അത്തരത്തില്‍ ജഡ്ജ് ചെയ്യാറുണ്ടെന്നും താന്‍ അതൊന്നും കാര്യമാക്കാറില്ലെന്നും മാളവിക പറഞ്ഞു.
സിറ്റിയില്‍ ജനിച്ച് വളരുന്ന ഒരാളെ സംബന്ധിച്ച് ഗ്ലാമറിനെ കുറിച്ചുള്ള ചിന്തകള്‍ വ്യത്യസ്തമായിരിക്കുമെന്നും ബുര്‍ഖ ധരിക്കാന്‍ താല്‍പര്യമുള്ളവരും സ്വിം സ്യൂട്ട് ധരിക്കാന്‍ താല്‍പര്യമുള്ളവരും അത് ചെയ്യണമെന്നും താരം പറഞ്ഞു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാളവിക ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഞാനിടുന്ന വസ്ത്രങ്ങള്‍ വെച്ചിട്ട് എന്നെ ജഡ്ജ് ചെയ്യുന്ന ആളുകളുണ്ട്. ചെറുപ്പം മുതല്‍ തന്നെ ഞാനതൊക്കെ കേട്ടിട്ടുണ്ട്. വ്യക്തിപരമായി അതൊന്നും എന്നെ ബാധിക്കാറില്ല. എന്നാല്‍ ചില സമയം ബന്ധുക്കളൊക്കെ അങ്ങനെ പറയുമ്പോള്‍, എന്നെ ബാധിച്ചിട്ടുണ്ടെന്ന് പറയാന്‍ സാധിക്കില്ല. ആ സാഹചര്യം കുറച്ച് പ്രശ്‌നമാണ്.
അവരൊന്നും ഡ്രസിങ്ങിനെ നേരിട്ട് കുറ്റം പറയുകയല്ല ചെയ്യുന്നത്. പക്ഷെ അവരൊക്കെ അര്‍ത്ഥം വെച്ചാണ് സംസാരിക്കുന്നത്.
സിറ്റിയില്‍ വളരുന്ന ഒരാളെ സംബന്ധിച്ച് ഗ്ലാമറിനെ കുറിച്ചുള്ള നമ്മുടെ ഐഡിയ മറ്റുള്ളവരില്‍ നിന്നും കുറച്ച് വ്യത്യസ്തമായിരിക്കും. എന്റെ ബന്ധുക്കളില്‍ പലരും വളര്‍ന്നത് യാഥാസ്ഥിതികമായ ഇടങ്ങളിലായിക്കും. എന്നാല്‍ ഞാന്‍ അങ്ങനെയല്ല. എന്നെ കുറിച്ച് പറയുമ്പോള്‍ ഞാന്‍ വളര്‍ന്നത് സിറ്റിയിലാണ്. അതുകൊണ്ട് തന്നെ എന്റെ ചിന്തകളും വ്യത്യസ്തമായിരിക്കും.
പൊതുവെ ഞാനൊരു പുരോഗമന ചിന്താഗതിക്കാരിയാണ്. ഒരിക്കലുമൊരു കണ്‍സര്‍വേറ്റീവായിട്ടുള്ള വ്യക്തിയല്ല. എന്റെ അഭിപ്രായത്തില്‍ ഓരോ വ്യക്തിയും അയാള്‍ക്ക് ഇഷ്ടമുള്ള കാര്യമാണ് ചെയ്യേണ്ടത്. ഒരു പെണ്‍കുട്ടിക്ക് അവളുടെ മതവിശ്വാസമനുസരിച്ച് ബുര്‍ഖയിടാന്‍ താല്‍പര്യമുണ്ടെങ്കില്‍ നൂറ് ശതമാനം അത് ചെയ്യണം.
സ്വിം സ്യൂട്ട് ധരിക്കാനാണ് പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമെങ്കില്‍ അത് ചെയ്യുക തന്നെ വേണം. നമ്മുടെ കാര്യത്തില്‍ കമന്റുകള്‍ പറയാന്‍ അവരൊക്കെ ആരാണ്. മറ്റുള്ളവരുടെ പുറത്ത് നിയമങ്ങളൊക്കെ നടപ്പാക്കാന്‍ ശ്രമിക്കുന്നവരൊക്കെ ബോറന്മാരായിട്ടാണ് എനിക്ക് തോന്നുന്നത്,’ മാളവിക മോഹനന്‍ പറഞ്ഞു.
content highlight: malavika mohannan about criticism about dressing