Entertainment
പ്രഭാസിന്റെ ആ പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ നായികയാകേണ്ടിയിരുന്നത് ഞാന്‍: മാളവിക മോഹനന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 08, 05:47 am
Saturday, 8th February 2025, 11:17 am

പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു സലാര്‍ പാര്‍ട്ട് 1 സീസ്ഫയര്‍. പ്രശാന്തിന്റെ ആദ്യചിത്രമായ ഉഗ്രത്തിന്റെ കഥയുടെ ലാര്‍ജ് സ്‌കെയില്‍ അവതരണമായിരുന്നു സലാര്‍. മലയാളത്തില്‍ നിന്ന് പൃഥ്വിരാജും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു. 200 കോടി ബജറ്റിലെത്തിയ ചിത്രം ബോക്സ് ഓഫീസില്‍ 500 കോടിക്കുമുകളില്‍ കളക്ഷന്‍ നേടി.

സലാറില്‍ താന്‍ അഭിനയിക്കേണ്ടതായിരുന്നെന്ന് നടി മാളവിക മോഹനന്‍ പറയുന്നു. താന്‍ വലിയ ബാഹുബലി ആരാധികയാണെന്നും ബാഹുബലി കണ്ടതുമുതല്‍ പ്രഭാസിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും മാളവിക പറയുന്നു.

മാസ്റ്റര്‍ എന്ന സിനിമ കഴിഞ്ഞ ഉടനെ എനിക്ക് പ്രശാന്ത് നീലിന്റെ ടീമില്‍ നിന്ന് ഒരു കോള്‍ വന്നു. അവര്‍ ആ സമയത്ത് സലാര്‍ ചെയ്യാന്‍ പ്ലാന്‍ ചെയ്യുകയായിരുന്നു. അങ്ങനെ ഞാന്‍ സലാറിന് വേണ്ടി പ്രശാന്ത് നീലിനെ കണ്ടു – മാളവിക മോഹനന്‍

മാസ്റ്റര്‍ സിനിമ ചെയ്ത് കഴിഞ്ഞ ഉടനെ തനിക്ക് പ്രശാന്ത് നീലിന്റെ ടീമില്‍ നിന്ന് കോള്‍ വന്നെന്നും അങ്ങനെ പ്രശാന്തിനെ പോയി കണ്ടെന്നും മാളവിക പറഞ്ഞു. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് സലാര്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാളവിക മോഹനന്‍.

‘കുറെ വര്‍ഷമായി വെള്ളിത്തിരയില്‍ കാണുന്ന താരമാണ് പ്രഭാസ്. ഞാന്‍ വലിയ ബാഹുബലി ഫാനാണ്. ബോണഫൈഡ് ആയിട്ടുള്ള ആരാധികയാണ് ഞാന്‍. ബാഹുബലി കണ്ടതുമുതല്‍ എനിക്ക് പ്രഭാസിന്റെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് വലിയ ആഗ്രഹമാണ്.

ഇന്ത്യയിലെ ഇപ്പോഴുള്ള ഏറ്റവും വലിയ സ്റ്റാറുമാണല്ലോ പ്രഭാസ്.

എനിക്കിപ്പോഴും ഓര്‍മയുണ്ട്, മാസ്റ്റര്‍ എന്ന സിനിമ കഴിഞ്ഞ ഉടനെ എനിക്ക് പ്രശാന്ത് നീലിന്റെ ടീമില്‍ നിന്ന് ഒരു കോള്‍ വന്നു. അവര്‍ ആ സമയത്ത് സലാര്‍ ചെയ്യാന്‍ പ്ലാന്‍ ചെയ്യുകയായിരുന്നു. അങ്ങനെ ഞാന്‍ സലാറിന് വേണ്ടി പ്രശാന്ത് നീലിനെ കണ്ടു. വളരെ സ്വീറ്റായിട്ടുള്ള മനുഷ്യനായിരുന്നു അദ്ദേഹം.

പ്രഭാസിന്റെ കൂടെ തെലുങ്കില്‍ എനിക്ക് അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞാല്‍ അത് വളരെ വലിയ കാര്യമല്ലേ. അതെല്ലാം ഓര്‍ത്ത് ഞാന്‍ വളരെ എക്‌സൈറ്റഡ് ആയിരുന്നു. പക്ഷെ എന്തൊക്കയോ പല കാര്യങ്ങള്‍ കൊണ്ട് എനിക്ക് സലാറില്‍ ഭാഗമാകാന്‍ കഴിഞ്ഞില്ല,’ മാളവിക മോഹനന്‍ പറയുന്നു.

Content highlight: Malavika Mohanan talks about Salaar movie