Entertainment
തങ്കലാന്റെ ഷൂട്ടിന്റെ സമയത്ത് അഞ്ച് ഡോക്ടര്‍മാരെയാണ് ഞാന്‍ കണ്ടത്: മാളവിക മോഹനന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 24, 08:22 am
Wednesday, 24th July 2024, 1:52 pm

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടം പോലെയിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന താരമാണ് മാളവിക മോഹനന്‍. വിഖ്യാത സംവിധായകന്‍ മാജിദ് മജീദിയുടെ ബിയോണ്ട് ദ ക്ലൗഡ്‌സ് എന്ന ചിത്രത്തിന്റെ ഭാഗമാകാനും മാളവികക്ക് സാധിച്ചു. തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യമറിയിക്കാന്‍ ചുരുങ്ങിയ കാലം കൊണ്ട് മാളവികക്ക് സാധിച്ചു.

പാ.രഞ്ജിത് സംവിധാനം ചെയ്യുന്ന തങ്കലാനില്‍ മാളവിക പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 19ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. ചിയാന്‍ വിക്രം നായകനാകുന്ന ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് മാളവിക ചിത്രത്തില്‍ എത്തുന്നത്.

തങ്കലാനിലെ തന്റെ മേക്കപ്പും, ടാറ്റുവും കാരണം അലര്‍ജി ബാധിച്ച് അഞ്ച് ഡോക്ടര്‍മാരെ കാണേണ്ടി വന്നിട്ടുണ്ടെന്ന് മാളവിക പറഞ്ഞു. മുഴുവന്‍ വെയിലില്‍ ഷൂട്ട് ചെയ്തത് കൊണ്ട് കൈയും കാലും പൊള്ളിയെന്നും കണ്ണില്‍ ലെന്‍സ് വെച്ച് അഭിനയിച്ചതുകൊണ്ട് കണ്ണ് ഡ്രൈയായി പോയെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘തങ്കലാന്റെ ഷൂട്ടിന്റെ സമയത്ത് അഞ്ച് ഡോക്ടര്‍മാരെ കാണേണ്ട അവസ്ഥ വന്നിട്ടുണ്ട്. മേക്കപ്പിന് വേണ്ടി മാത്രം ദിവസവും നാല് മണിക്കൂര്‍ ചെലവഴിച്ചിരുന്നു. ഡാര്‍ക്ക് മേക്കപ്പും ടാറ്റുവും ഒക്കെ ചെയ്ത് മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്ക് എനിക്ക് അലര്‍ജി ബാധിച്ചു. ഷൂട്ടിന്റെ സമയത്ത് നമ്മള്‍ ക്യാരക്ടറിലായതുകൊണ്ട് ആ സമയത്ത് ഒന്നും തോന്നില്ല. പക്ഷേ റൂമിലെത്തിക്കഴിഞ്ഞാല്‍ റാഷസ് ഒക്കെ കാരണം ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാകും.

അതുപോലെ, കണ്ണില്‍ ലെന്‍സ് വെച്ചാണ് ഞാന്‍ ഈ സിനിമയില്‍ അഭിനയിച്ചത്. കഥാപാത്രത്തിന്റെ ഹൊറര്‍ ഫീല്‍ കിട്ടാന്‍ വേണ്ടിയാണ് അത് ചെയ്തത്. അത്രയും വെയിലത്ത് സ്‌മോക്ക് ഒക്കെ ഉപയോഗിച്ച് ഷൂട്ട് ചെയ്തപ്പോള്‍ കണ്ണ് മുഴുവന്‍ ഡ്രൈയായി. ഫിസിക്കലി എന്നെ ഇത്രയും അഫക്ട് ചെയ്ത വേറെ സിനിമ ഉണ്ടായിട്ടില്ല,’ മാളവിക മോഹനന്‍ പറഞ്ഞു.

Content Highlight: Malavika Mohanan shares the shooting experience of Thangalaan