Entertainment
എന്റെ സീനുകളില്‍ പകുതിയിലധികവും ആ സിനിമയില്‍ നിന്ന് നീക്കം ചെയ്തത് ചെറിയ വിഷമമുണ്ടാക്കി: മാളവിക മോഹനന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 11, 04:26 pm
Tuesday, 11th February 2025, 9:56 pm

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടം പോലെയിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന താരമാണ് മാളവിക മോഹനന്‍. വിഖ്യാത സംവിധായകന്‍ മാജിദ് മജീദിയുടെ ബിയോണ്ട് ദ ക്ലൗഡ്‌സ് എന്ന ചിത്രത്തിലും മാളവിക ഭാഗമായിരുന്നു. തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യമറിയിക്കാന്‍ ചുരുങ്ങിയ കാലം കൊണ്ട് മാളവികക്ക് സാധിച്ചു.

കഴിഞ്ഞവര്‍ഷം നിരൂപകപ്രശംസ നേടിയ ചിത്രങ്ങളില്‍ ഒന്നായ തങ്കലാനിലും മാളവികയുടെ സാന്നിധ്യമുണ്ടായിരുന്നു. ആരതി എന്ന കഥാപാത്രമായാണ് മാളവിക തങ്കലാനില്‍ വേഷമിട്ടത്. ചിത്രത്തിലൈ തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് മാളവിക മോഹനന്‍. ആ സിനിമയില്‍ താന്‍ ചെയ്ത പകുതിയിലധികം സീനുകളും ഫൈനല്‍ എഡിറ്റില്‍ കട്ട് ചെയ്ത് കളഞ്ഞെന്ന് മാളവിക മോഹനന്‍ പറഞ്ഞു.

സിനിമയുടെ ലെങ്തിനെ തന്റെ രംഗങ്ങള്‍ ബാധിച്ചെന്ന് പറഞ്ഞെന്നും എന്നാല്‍ താന്‍ ഒരുപാട് സമയമെടുത്ത് ചെയ്ത രംഗങ്ങളായിരുന്നു അതെന്നും മാളവിക കൂട്ടിച്ചേര്‍ത്തു. ഷൂട്ട് ചെയ്യാനും എക്‌സിക്യൂട്ട് ചെയ്യാനും ഒരുപാട് സമയമെടുത്ത രംഗങ്ങളില്‍ പലതും അവസാനമായപ്പോഴേക്ക് ഒഴിവാക്കിയെന്നും മാളവിക കൂട്ടിച്ചേര്‍ത്തു.

ഫൈനല്‍ എഡിറ്റിന് ശേഷം തന്റെ കഥാപാത്രത്തിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതുപോലെ തോന്നിയെന്നും അത് ചെറിയ വിഷമമുണ്ടാക്കിയെന്നും മാളവിക പറഞ്ഞു. ഇക്കാര്യം തന്റെ സുഹൃത്തുക്കളോട് പറഞ്ഞെന്നും അവര്‍ തന്നെ ആശ്വസിപ്പിച്ചെന്നും മാളവിക കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് മാളവിക ഇക്കാര്യം പറഞ്ഞത്.

‘തങ്കലാനില്‍ ഞാന്‍ ചെയ്ത 50 ശതമാനം സീനുകളും നീക്കം ചെയ്തിട്ടുണ്ട്. ആ സിനിമയുടെ ഫൈനല്‍ എഡിറ്റിലാണ് എന്റെ പല സീനുകളും വെട്ടിക്കളഞ്ഞത്. സിനിമയുടെ ലെങ്തിനെ ബാധിക്കുന്ന സീനുകളാണെന്ന് പറഞ്ഞാണ് അതെല്ലാം ഒഴിവാക്കിയത്. ആ സീനെല്ലാം ഞാന്‍ വളരെ സമയമെടുത്ത് ചെയ്തവയാണ്.

ഷൂട്ട് ചെയ്യാനും എക്‌സിക്യൂട്ട് ചെയ്യാനും ഒരുപാട് പ്രയാസപ്പെട്ട പല സീനുകളും ഫൈനല്‍ എഡിറ്റില്‍ പോയി. അതെല്ലാം ഒഴിവാക്കിയതിന് ശേഷം ആ സിനിമയില്‍ എന്റെ ക്യാരക്ടറിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതുപോലെയായി. അതെനിക്ക് ചെറിയ വിഷമമുണ്ടാക്കിയിരുന്നു. എന്റെ ഫ്രണ്ട്‌സിനോട് ഇത് പറഞ്ഞപ്പോള്‍ അവര്‍ എന്നെ ആശ്വസിപ്പിച്ചു,’ മാളവിക പറഞ്ഞു.

Content Highlight: Malavika Mohanan saying most of her scene chopped off from Thangalaan movie