തീയായി ആരതി, തങ്കലാനില്‍ ഞെട്ടിച്ച മാളവിക
Entertainment
തീയായി ആരതി, തങ്കലാനില്‍ ഞെട്ടിച്ച മാളവിക
അമര്‍നാഥ് എം.
Tuesday, 20th August 2024, 6:38 pm

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടം പോലെയിലൂടെയാണ് മാളവിക തന്റെ സിനിമാജീവിതം ആരംഭിച്ചത്. 11 വര്‍ഷത്തെ കരിയറില്‍ വെറും പത്ത് സിനിമകളില്‍ മാത്രമേ മാളവിക അഭിനയിച്ചിട്ടുള്ളൂ. കരിയറിന്റെ തുടക്കത്തില്‍ തന്നെ മാജിദ് മജീദിയെന്ന വിഖ്യാത സംവിധായകന്റെ ചിത്രത്തില്‍ ഭാഗമാകാന്‍ മാളവികക്ക് സാധിച്ചു. ബിയോണ്ട് ദി ക്ലൗഡ്‌സ് എന്ന ചിത്രം മാളവിക കരിയറിലെ മികച്ച വേഷങ്ങളിലൊന്നായി മാറി.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചുരുങ്ങിയ കാലം കൊണ്ട് മാളവിക തന്റെ സാന്നിധ്യമറിയിച്ചു. തന്റെ കഴിവിനനുസരിച്ചുള്ള വേഷങ്ങള്‍ മാളവികക്ക് ലഭിച്ചിരുന്നില്ല എന്ന് പറയേണ്ടി വരും. മാസ്റ്റര്‍ പോലൊരു പുരുഷ കേന്ദ്രീകൃത സിനിമയില്‍ അത്ര പ്രാധാന്യമില്ലാത്ത വേഷം മാളവിക ചെയ്തിട്ടുണ്ട്. എന്നാല്‍ ഏറ്റവുമൊടുവില്‍ ചെയ്ത തങ്കലാന്‍ മാളവികയുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് എന്ന് പറയേണ്ടി വരും.

കോലാറിലെ അമൂല്യമായ ഖനിയെ കാലങ്ങളായി സംരക്ഷിച്ചുപോരുന്ന ആരതി എന്ന ഗ്രാമദേവതയായി ഗംഭീരപ്രകടനമാണ് മാളവിക കാഴ്ചവെച്ചത്. തങ്കലാന്റെ ഫസ്റ്റ് ലുക്ക് വന്നപ്പോള്‍ തന്നെ മാളവികയുടെ ഗെറ്റപ്പ് ചര്‍ച്ചയായിരുന്നു. ഇതുവരെ കാണാത്ത തരത്തിലുള്ള വേഷവിധാനത്തിലാണ് മാളവിക പ്രത്യക്ഷപ്പെട്ടത്. ടീസറും ട്രെയ്‌ലറും റിലീസായപ്പോള്‍ ഏറ്റവും ചര്‍ച്ചയായതും മാളവികയുടെ കഥാപാത്രമായിരുന്നു.

പൂര്‍ണമായും കഥാപാത്രത്തിലേക്ക് മാറിക്കൊണ്ടാണ് ആരതിയെ മാളവിക സ്‌ക്രീനില്‍ അവതരിപ്പിച്ചത്. ആരതിയുടെ ലുക്കും ബോഡി ലാംഗ്വേജുമെല്ലാം മാളവികയുടെ കൈയില്‍ ഭദ്രമായിരുന്നു. ഡയലോഗുകള്‍ അധികമില്ലാത്ത, എക്‌സ്പ്രഷനുകള്‍ക്ക് പ്രാധാന്യമുള്ള ആരതിയെ മാളവിക പകര്‍ന്നാടിയ വിധത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

ചിയാന്‍ വിക്രമുമായി ആകെ മൂന്ന് സീന്‍ മാത്രമേ മാളവികക്ക് ഉണ്ടായിരുന്നുള്ളൂ. ആ സീനുകളില്‍ വിക്രമിനെ കടത്തിവെട്ടുന്ന സ്‌ക്രീന്‍ പ്രസന്‍സായിരുന്നു മാളവികക്ക്. ആക്ഷന്‍ സീനുകളിലും താരത്തിന്റെ പെര്‍ഫക്ഷന്‍ ഗംഭീരമായിരുന്നു. പാ. രഞ്ജിത് എന്ന സംവിധായകന്‍ തന്നെ വിശ്വസിച്ച് ഏല്പിച്ച കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ മാളവികക്കായി. ഒരൊറ്റ ആരതിയില്‍ മാത്രം ഒതുക്കി നിര്‍ത്തേണ്ടതല്ല മാളവിക എന്ന നടിയെ. ഇനിയും വിസ്മയിപ്പിക്കാന്‍ മാളവികക്ക് സാധിക്കുമെന്ന് തങ്കലാന്‍ തെളിയിച്ചു.

Content Highlight: Malavika Mohanan’s perfomance in Thangalaan

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം