| Wednesday, 14th December 2022, 7:04 pm

ധനുഷിനും വിജയ്ക്കും ശേഷം മാത്യു തോമസിനൊപ്പം; ബെന്യാമിന്‍-ജി.ആര്‍. ഇന്ദുഗോപന്‍ ചിത്രത്തില്‍ മാളവിക മോഹനന്‍; ഫസ്റ്റ് ലുക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബെന്യാമിനും ജി.ആര്‍. ഇന്ദുഗോപനും ഒന്നിച്ചെഴുതുന്ന പുതിയ ചിത്രമായ ക്രിസ്റ്റിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. 2017ലിറങ്ങിയ ദ ഗ്രേറ്റ് ഫാദറിന് ശേഷം മാളവിക മോഹനന്‍ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ക്രിസ്റ്റി.

രജനീകാന്ത് നായകനായ പേട്ട, വിജയ്‌ക്കൊപ്പം നായികാവേഷത്തിലെത്തിയ മാസ്റ്റര്‍, ധനുഷിനൊപ്പമുള്ള മാരന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ക്രിസ്റ്റിയില്‍ മാളവിക എത്തുന്നത്. മാത്യു തോമസാണ് ഈ ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്.

കടലിനുള്ളിലൂടെ സൈക്കിളോടിച്ചു പോകുന്ന മാത്യു തോമസും മാളവികയുമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിലുള്ളത്. ചുറ്റും മീനുകളും പവിഴപ്പുറ്റുകളുമായി ഫാന്റസി ലുക്കിലാണ് പോസ്റ്റര്‍.

ബെന്യാമിന്‍ ആദ്യമായി തിരക്കഥയെഴുത്തിലേക്ക് കടന്നുവരുന്ന ചിത്രം കൂടിയാണ് ക്രിസ്റ്റി. ബെന്യാമിന്റെ ആടുജീവിതം സിനിമയാകുന്നുണ്ടെങ്കിലും സംവിധായകന്‍ ബ്ലെസിയാണ് തിരക്കഥയെഴുതുന്നത്.

മലയാള സിനിമയില്‍ അടുത്ത കാലത്തിറങ്ങിയ നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ജി.ആര്‍. ഇന്ദുഗോപനൊപ്പം ബെന്യാമിന്‍ എത്തുന്നതോടെ മികച്ച ഒരു സിനിമ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

നവാഗതനായ ആല്‍വിന്‍ ഹെന്റിയുടേതാണ് ക്രിസ്റ്റിയുടെ കഥ. അദ്ദേഹം തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സജായ് സെബാസ്റ്റ്യനും കണ്ണന്‍ സതീശനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ആനന്ദ് സി. ചന്ദ്രനാണ് ക്രിസ്റ്റിയുടെ ഛായാഗ്രഹണം. ഗോവിന്ദ് വസന്തയാണ് സംഗീതമൊരുക്കുന്നത്.

പൂവാര്‍ എന്ന ഗ്രാമത്തെ പശ്ചാത്തലമാക്കി ഒരുക്കുന്ന കമിങ് ഓഫ് ഏജ് ഡ്രാമയാണ് ചിത്രമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബറില്‍ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങിയിരുന്നു. വൈകാതെ റിലീസിനെത്തുമെന്നാണ് സൂചനകള്‍.

Content Highlight: Malavika Mohanan and Mathew Thomas starring Christy first look poster out

We use cookies to give you the best possible experience. Learn more