Entertainment
എരുമയെ കാണിച്ച് കൊള്ളാമോ എന്ന് സംവിധായകന്‍ ചോദിച്ചു, കൊള്ളാമെന്ന് പറഞ്ഞതും അതിന്റെ പുറത്ത് കേറിയിരിക്കാന്‍ പറഞ്ഞു: മാളവിക മോഹനന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 26, 08:13 am
Friday, 26th July 2024, 1:43 pm

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടം പോലെയിലൂടെ സിനിമാലോകത്തെത്തിയ താരമാണ് മാളവിക മോഹനന്‍. വിഖ്യാത സംവിധായകന്‍ മാജിദ് മജീദിയുടെ ബിയോണ്ട് ദ ക്ലൗഡ്‌സിലെ നായികവേഷം ചെയ്ത മാളവിക ചുരുങ്ങിയ കാലം കൊണ്ട് തമിഴിലും തെലുങ്കിലുമായി മികച്ച സിനിമകളുടെ ഭാഗമായി. പാ. രഞ്ജിത് സംവിധാനം ചെയ്യുന്ന തങ്കലാനാണ് താരത്തിന്റെ പുതിയ ചിത്രം.

19ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നടക്കുന്ന കഥയില്‍ ചിയാന്‍ വിക്രമാണ് നായകന്‍. ആരതി എന്ന ഗ്രാമദേവതയായാണ് തങ്കലാനില്‍ മാളവിക എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറിലും ടീസറിലുമെല്ലാം മാളവികയുടെ കഥാപാത്രത്തിന് നിഗൂഢതയാണ് നല്‍കിയിരിക്കുന്നത്. ചിത്രത്തിനായി വളരെയധികം കഷ്ടപ്പെട്ടുവെന്ന് പറയുകയാണ് മാളവിക.

ഷൂട്ട് തുടങ്ങി മൂന്നാം ദിവസം മേക്കപ്പൊക്കെ ചെയ്ത സ്‌പോട്ടിലെത്തിയെന്നും സംവിധായകന്‍ പാ.രഞ്ജിത് ഒരു എരുമയെ കാണിച്ചിട്ട് കൊള്ളാമോ എന്ന് ചോദിച്ചുവെന്ന് മാളവിക പറഞ്ഞു. കൊള്ളാമെന്ന് പറഞ്ഞതും അതിന്റെ മുകളില്‍ കയറിയിരിക്കാന്‍ ആവശ്യപ്പെട്ടുവെന്നും അത് കേട്ട് താന്‍ ഞെട്ടിയെന്നും താരം പറഞ്ഞു.

പറ്റില്ലെന്ന് താന്‍ പറഞ്ഞപ്പോള്‍ ഗ്രാമദേവത വരുന്നത് എരുമയുടെ പുറത്താണെന്ന് പറഞ്ഞ് തന്നെ അതിന്റെ പുറത്ത് കയറ്റിയിരുത്തിയെന്നും ആ സംഭവം ഒരിക്കലും മറക്കിെല്ലന്നും മാളവിക കൂട്ടിച്ചേര്‍ത്തു. ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘തങ്കലാന്റെ ഷൂട്ടെന്ന് പറയുന്നത് തന്നെ വല്ലാത്ത എക്‌സ്പീരിയന്‍സായിരുന്നു. വേറൊരു ലോകത്തിലെത്തിയതുപോലെയായിരുന്നു. ഷൂട്ട് തുടങ്ങി മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഒരു സംഭവമുണ്ടായി. ഞാന്‍ മേക്കപ്പൊക്കെ ചെയ്ത് സ്‌പോട്ടിലെത്തിയപ്പോള്‍ പാ. രഞ്ജിത് ഒരു എരുമയുടെ അടുത്ത് നില്‍ക്കുകയാണ്. എന്താണ് സംഗതിയെന്നറിയാന്‍ വേണ്ടി ഞാന്‍ പുള്ളിയുടെയടുത്തേക്ക് ചെന്നു.

ആ എരുമയെ കാണിച്ചിട്ട് കൊള്ളാമോ എന്ന് ചോദിച്ചു. കൊള്ളാമെന്ന് ഞാന്‍ പറഞ്ഞതും ‘അതിന്റെ പുറത്ത് കയറി ഇരിക്ക്’ എന്ന് പറഞ്ഞു. ഞാന്‍ പെട്ടെന്ന് ഷോക്കായി. എരുമയുടെ പുറത്ത് എങ്ങനെയാ ഇരിക്കുക എന്ന് ചോദിച്ചപ്പോള്‍ ‘നീ ആരതിയാണ്, ഈ ഗ്രാമത്തിന്റെ ദേവതയാണ്. കേറിയിരുന്നേ പറ്റൂ’ എന്നാണ് പുള്ളി പറഞ്ഞത്. ഒരു തയാറെടുപ്പുമില്ലാതെ ആ എരുമയുടെ പുറത്ത് ഞാന്‍ കയറിയിരുന്നു,’ മാളവിക പറഞ്ഞു.

Content Highlight: Malavika Mohanan about Thangalaan movie and Pa Ranjith