| Wednesday, 3rd June 2020, 2:42 pm

ചായ കുടിച്ചാല്‍ എന്നെപോലെ കറുത്തുപോകുമെന്നായിരുന്നു അവന്റെ അമ്മ പറഞ്ഞത്; മലയാളിയായതില്‍ നേരിട്ട വര്‍ണവിവേചനം തുറന്നു പറഞ്ഞ് മാളവിക മോഹന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: അമേരിക്കയില്‍ കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയിഡിന്‌റെ കൊലപാതകത്തിന് പിന്നാലെ വ്യാപകമായ പ്രതിഷേധമാണ് ലോകം മുഴുവന്‍ ഉയരുന്നത്. അമേരിക്കയില്‍ മാത്രമല്ല ലോകമെമ്പാടും ഇത്തരത്തില്‍ വിവേചനങ്ങള്‍ക്ക് മനുഷ്യര്‍ ഇരയാവുന്നുണ്ട്.

ഇപ്പോഴിതാ പതിനാലാം വയസില്‍ മലയാളിയായതിനെ തുടര്‍ന്നും നിറം ഇല്ലാത്തതിനെ തുടര്‍ന്നും നേരിട്ട വിവേചനം തുറന്നു പറഞ്ഞിരിക്കുകയാണ് നടി മാളവിക മോഹന്‍.

ഉത്തരേന്ത്യക്കാരും ദക്ഷിണേന്ത്യക്കാരും തമ്മിലുള്ള വര്‍ണവിവേചനം ഇന്നും നിലനില്‍ക്കുന്നുണ്ടെന്ന് മാളവിക പറഞ്ഞു. തന്റെ അടുത്ത കൂട്ടുകാരന് അവന്റെ അമ്മ ഒരിക്കലും ചായ കൊടുക്കില്ലായിരുന്നുവെന്നും ചായ കുടിച്ചാല്‍ തന്നെപ്പോലെ കറുത്ത് പോകും എന്ന് അവര്‍ പറയുമായിരുന്നെന്നും മാളവിക പറഞ്ഞു.

പതിനാലാം വയസിലാണ് താന്‍ ഇത്തരത്തില്‍ ഒരു വിവേചനം നേരിട്ടതെന്ന് താരം പറയുന്നു.’എനിക്ക് 14 വയസ്സുള്ളപ്പോള്‍ എന്റെ അടുത്ത കൂട്ടുകാരില്‍ ഒരാള്‍ അവന്റെ അമ്മ ഒരിക്കലും അവനെ ചായ കുടിക്കാന്‍ സമ്മതിക്കാറില്ല എന്ന് പറഞ്ഞു. ചായ കുടിച്ചാല്‍ കറുത്തു പോകുമെന്നാണ് അവര്‍ കരുതിയിരുന്നത്. ഒരിക്കല്‍ അവന്‍ ചായ ചോദിച്ചപ്പോള്‍ നീ അവളെ പോലെ (എന്നെ പോലെ) കറുത്തു പോകും എന്ന് അവനോട് അവര്‍ പറഞ്ഞു. അവന്‍ മഹാരാഷ്ട്രക്കാരനായ വെളുത്ത പയ്യനും ഞാന്‍ അല്‍പം ഇരുണ്ട നിറമുള്ള മലയാളിപ്പെണ്‍കുട്ടിയും ആയിരുന്നു. ഞങ്ങള്‍ തമ്മിലുള്ള നിറവ്യത്യാസം അതു വരെ എനിക്ക് ഒരു പ്രശ്‌നവുമല്ലായിരുന്നു. പക്ഷേ എന്റെ നിറത്തെക്കുറിച്ച് ആദ്യമായി ഒരാള്‍ അങ്ങനെ പറഞ്ഞതോടെയാണ് ഞാനും അതെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്.’ മാളവിക പറഞ്ഞു.

‘ജാതീയതയും വര്‍ണവിവേചനവും നമ്മുടെ സമൂഹത്തില്‍ ഇപ്പോഴുമുണ്ട്. ഇരുണ്ട നിറമുള്ളവരെ ‘കാലാ’ എന്ന് അഭിസംബോധന ചെയ്യുന്നത് എപ്പോഴും കേള്‍ക്കാം. ഉത്തരേന്ത്യക്കാരും ദക്ഷിണേന്ത്യക്കാരും തമ്മിലുള്ള ഈ വര്‍ണവിവേചനം ഭീകരമാണ്. ഇരുണ്ട നിറമുള്ള ആളുകളെ മദ്രാസികള്‍ എന്നാണ് ഉത്തരേന്ത്യക്കാര്‍ പൊതുവെ വിളിക്കുന്നത്. എന്തു കൊണ്ടാണ് ദക്ഷിണേന്ത്യക്കാരെ അവര്‍ ഇങ്ങനെ വിളിക്കുന്നതെന്ന് അറിയില്ല. ഉത്തരേന്ത്യക്കാര്‍ വെളുത്തവരും സുന്ദരന്മാരും ആണെന്നും ദക്ഷിണേന്ത്യക്കാര്‍ ഇരുണ്ട നിറക്കാരും വിരൂപരും ആണെന്നും ഒരു ധാരണ ഇപ്പോഴുമുണ്ട്.’ മാളവിക കുറിച്ചു.

‘ലോകത്തെ വംശവെറിയെ അപലപിക്കുമ്പോള്‍ നമുക്ക് ചുറ്റും കൂടി ഒന്ന് കണ്ണോടിക്കണം. നമ്മുടെ വീട്ടിലും സമൂഹത്തിലുമൊക്കെ ഇതിന്റെ ഓരോ പതിപ്പുകള്‍ കാണാന്‍ സാധിക്കും. ഒരുവന്റെ ഉള്ളിലെ നന്മയാണ് അവനെ സുന്ദരനാക്കുന്നത് അല്ലാതെ നിറമല്ല’ എന്നും മാളവിക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more