ബോളിവുഡ് താരം വിക്കി കൗശല്‍ തന്റെ ബാല്യകാല സുഹൃത്താണെന്ന് നടി മാളവിക മോഹനന്‍. മുംബൈയില്‍ അടുത്തടുത്ത ഫ്‌ളാറ്റിലാണ് ഇരുവരുടെയും കുടുംബങ്ങള്‍ താമസിച്ചിരുന്നതെന്നും മാളവിക പറഞ്ഞു. ചെറിയൊരു ബില്‍ഡിങ്ങില്‍ ഒരു മുറി മാത്രമുള്ള ഫ്‌ളാറ്റിലായിരുന്നു താമസമെന്നും താരം പറഞ്ഞു.
ചെറുപ്പത്തില്‍ വളരെ നാണക്കാരനായ കുട്ടിയായിരുന്നു വിക്കിയെന്നും അധികം ആരോടും സംസാരിക്കാറില്ലായിരുന്നെന്നും അവര്‍ പറഞ്ഞു. ഇരുപത് വയസിനൊക്കെ ശേഷമാണ് ഈ വളര്‍ച്ചയുണ്ടായതെന്നും മാളവിക മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘എനിക്ക് ഒരു വയസുള്ളപ്പോള്‍ മുതല്‍ വിക്കിയെ അറിയാം. ഞങ്ങള്‍ ബാല്യകാലം മുതലുള്ള സുഹൃത്തുക്കളാണ്. എന്റെ മാതാപിതാക്കള്‍ പയ്യന്നൂരില്‍ നിന്നും വരുന്നവരാണ്. അച്ഛന്‍ പയ്യന്നൂരില്‍ നിന്നും പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമാറ്റോഗ്രഫി പഠിക്കാന്‍ പോയിരുന്നു. അതൊക്കെ കഴിഞ്ഞ് ഞങ്ങള്‍ ബോംബെയിലേക്ക് മാറി താമസിച്ചു. ശരിക്കുമത് അച്ഛന്റെയൊരു സ്ട്രഗിളിങ് സമയമായിരുന്നു.
എല്ലാവര്‍ക്കും അങ്ങനെയൊരു സമയമുണ്ടല്ലോ. ആ സമയത്താണ് ഞങ്ങള്‍ ബോംബെയിലെ ചെറിയൊരു ഫ്‌ളാറ്റില്‍ താമസിക്കാന്‍ പോകുന്നത്. അതൊരു ചെറിയ ബില്‍ഡിങ്ങായിരുന്നു. ഞങ്ങളുടെ റൂമിന്റെ ഒരു ഭിത്തിക്കപ്പുറമുള്ള ഫ്‌ളാറ്റിലാണ് വിക്കി കൗശലും കുടുംബവും താമസിച്ചിരുന്നത്. ഇന്ന് വിക്കിയുടെ അച്ഛന്‍ ശ്യാം കൗശല്‍ ബോളിവുഡിലെ വലിയൊരു ആക്ഷന്‍ സംവിധായകനാണ്.
എന്നാല്‍ ഞങ്ങള്‍ ഒരുമിച്ച് താമസിക്കുന്ന സമയത്ത് അത് അങ്കിളിന്റെയും സ്ട്രഗിളിങ് സമയമായിരുന്നു. അങ്ങനെയുള്ള സമയത്താണ് ചെറിയൊരു ബില്‍ഡിങ്ങില്‍ ഒരു ബെഡ്‌റൂം മാത്രമുള്ള ഒരു ഫ്‌ളാറ്റില്‍ അടുത്തടുത്ത് നമ്മള്‍ താമസിച്ചുകൊണ്ടിരുന്നത്. എനിക്കന്ന് ഏതാണ്ട് ഒരു വയസ് മാത്രമായിരുന്നു പ്രായം. വിക്കിക്ക് അഞ്ചോ ആറോ വയസായിരുന്നു ഉണ്ടായിരുന്നത്.
അത്രയും പഴയൊരു ബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളത്. യഥാര്‍ത്ഥത്തില്‍ വളരെ നാണക്കാരനായിട്ടുള്ള ഒരാളായിരുന്നു വിക്കി ചെറുപ്പത്തില്‍. ആരോടും അധികമൊന്നും സംസാരിക്കാത്ത ഒരാളുമായിരുന്നു. പിന്നെയൊരു ഇരുപത് വയസൊക്കെ കഴിഞ്ഞപ്പോഴാണ് ഇത്രയധികം അദ്ദേഹം വളര്‍ന്നു വന്നത്,’ മാളവിക മോഹനന്‍ പറഞ്ഞു.
content highlight: malavika mohan shares childhood memories with vicky kaushal