തന്റെ മോര്‍ഫ് ചെയ്ത ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചതിന് ഏഷ്യാനെറ്റ് തമിഴിനെതിരെ നടി മാളവിക മോഹന്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് താരം ഏഷ്യാനെറ്റ് തമിഴിനെതിരെ രംഗത്ത് വന്നത്.
സോഷ്യല്‍മീഡിയയില്‍ സ്വീകാര്യത കിട്ടുന്നതിന് വേണ്ടി ഒരു കാര്യത്തിന്റെ വസ്തുത പരിശോധിക്കാതെ അത് ഷെയര്‍ ചെയ്യുന്ന നിങ്ങളെ ഓര്‍ത്ത് ലജ്ജ തോന്നുന്നതായി താരം ട്വീറ്റില്‍ പറഞ്ഞു.
‘സോഷ്യല്‍ മീഡിയ മൈലേജിന് വേണ്ടി ഒരു വസ്തുതാ പരിശോധന നടത്താതെ, ഇത്തരം പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ വ്യാജ ഫോട്ടോഷോപ്പ് ചെയ്ത അശ്ലീല ഫോട്ടോകള്‍ ഉപയോഗിക്കുന്നത് കാണുന്നതില്‍ സങ്കടമുണ്ട്. @ഏഷ്യാനെറ്റ് ന്യൂസ് ടി.എം നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു,’ മാളവിക ട്വീറ്റ് ചെയ്തു.
ഇത് വിലകുറഞ്ഞ പത്രപ്രവര്‍ത്തനമാണെന്നും മാളവിക പറയുന്നു.
‘കുറച്ച് മാസങ്ങള്‍ക്ക് മുമ്പുള്ള എന്റെ ഒരു ഫോട്ടോയാണിത്. ആരോ ഫോട്ടോഷോപ്പ് ചെയ്ത് അതിനെ മോശമാക്കി. ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇത് പ്രചരിപ്പിച്ചിരുന്നു @ഏഷ്യാനെറ്റ് ന്യൂസ് ടി.എം
, ഇത് വിലകുറഞ്ഞ പത്രപ്രവര്‍ത്തനം മാത്രമാണ്. നിങ്ങള്‍ വ്യാജ ഫോട്ടോകള്‍ കണ്ടാല്‍ ദയവായി സഹായിക്കുകയും അറിയിക്കുകയും ചെയ്യുക,’ താരം ട്വീറ്റ് ചെയ്തു.
ഏഷ്യാനെറ്റ് തമിഴിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി കമന്റുകളാണ് താരത്തിന്റെ പോസ്റ്റിന് താഴെ വരുന്നത്. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ഏഷ്യാനെറ്റിന്റെ പേജില്‍ നിന്ന് പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.
Content Highlights: Malavika Mohan against Asianet Tamil for spreading morphed photo