പതിനാലാം വയസില്‍ നിദ്ര എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് കടന്നുവന്ന നടിയാണ് മാളവിക മേനോന്‍. അതേ വര്‍ഷമിറങ്ങിയ 916 എന്ന സിനിമയില്‍ നായികയാകാനും മാളവികക്ക് കഴിഞ്ഞു.
സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് മാളവിക മേനോന്‍. ചെറുപ്പത്തില്‍ സിനിമയില്‍ അഭിനയിക്കണമെന്ന മോഹം ഉണ്ടായിരുന്നില്ലെന്നും സിനിമ കാണാന്‍ ഇഷ്ടമായിരുന്നുവെന്നും മാളവിക മേനോന്‍ പറയുന്നു. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ഫോട്ടോഷൂട്ട് ചെയ്തുവെന്നും അത് ശ്രദ്ധിക്കപ്പെട്ട ശേഷം ഒരു ഷോര്‍ട്ട് ഫിലിമും ചെയ്തിരുന്നുവെന്നും മാളവിക പറഞ്ഞു.
താനും നിദ്ര സിനിമയുടെ സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതനും ഫേസ്ബുക്ക് സുഹൃത്തുക്കള്‍ ആയിരുന്നുവെന്നും അങ്ങനെയാണ് നിദ്ര എന്ന സിനിമയിലേക്കെത്തുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു.
ചാലക്കുടിയിലെ ലൊക്കേഷനില്‍ വെച്ചാണ് സിദ്ധാര്‍ഥ് ഭരതന്‍ തന്നെ ആദ്യമായി കാണുന്നതെന്നും ഇത്ര ചെറിയ കുട്ടിക്ക് മുതിര്‍ന്ന പെണ്‍കുട്ടിയുടെ വേഷം തന്നാല്‍ ആളുകള്‍ തന്നെ തല്ലുമെന്ന് സിദ്ധാര്‍ഥ് പറഞ്ഞെന്നും മാളവിക കൂട്ടിച്ചേര്‍ത്തു.
‘ചെറുപ്പത്തില്‍ സിനിമയില്‍ അഭിനയിക്കണമെന്ന മോഹമൊന്നുമുണ്ടായിരുന്നില്ല. സിനിമ കാണാന്‍ ഇഷ്ടമായിരുന്നു. ഡാന്‍സൊക്കെ പഠിച്ചിട്ടുണ്ട്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ഫോട്ടോഷൂട്ട് ചെയ്തു. അത് ശ്രദ്ധിക്കപ്പെട്ടു അതിനുശേഷം ഒരു ഷോര്‍ട്ട് ഫിലിമും ചെയ്തു. അതില്‍ സുകുമാരിയമ്മയുടെ കൂടെ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചു.
ഞാനും സിദ്ധുവേട്ടനും (സിദ്ധാര്‍ഥ് ഭരതന്‍) ഫേസ്ബുക്കില്‍ സുഹ്യത്തുക്കളാണ്. ഒരിക്കല്‍ സിദ്ധുവേട്ടന്‍ ഒരു കഥാപാത്രത്തെപ്പറ്റി സംസാരിച്ചു. താത്പര്യമുണ്ടെങ്കില്‍ ചെയ്യാമെന്നും പറഞ്ഞു. ഞാന്‍ ഓക്കെ പറഞ്ഞു.
സിനിമയുടെ ഷൂട്ടിങ് എങ്ങനെ നടക്കുന്നു, ക്യാമറ എങ്ങനെ വെക്കുന്നു എന്നൊക്കെ മനസിലാക്കാം എന്നായിരുന്നു ഉള്ളില്‍. ചാലക്കുടിയിലെ ലൊക്കേഷനില്‍ വെച്ചാണ് സിദ്ധുവേട്ടനെ ആദ്യമായി കാണുന്നത്. മുതിര്‍ന്ന പെണ്‍കുട്ടിയുടെ വേഷമായിരുന്നു എന്റേത്.
‘നീ ഇത്ര ചെറിയ കുട്ടിയായിരുന്നോ. ഈ റോള്‍ നിനക്ക് തന്നാല്‍ ആളുകള്‍ എന്നെ തല്ലുമല്ലോ’ എന്ന് പറഞ്ഞ് സിദ്ധുവേട്ടന്‍ എനിക്ക് വേറെ കഥാപാത്രം തന്നു. ഷൂട്ടിങ് കഴിഞ്ഞപ്പോഴേക്കും സിനിമ എനിക്ക് പറ്റുന്ന പണിയല്ലെന്ന് മനസിലായി. ഇനി സിനിമയിലേക്കില്ലെന്ന് ഉറപ്പിച്ചായിരുന്നു അന്നത്തെ മടക്കയാത്ര,’ മാളവിക മേനോന്‍ പറയുന്നു.
Content highlight: Malavika Menon talks about her first movie