അത്രയ്ക്ക് ഗംഭീരമായിരുന്നു തിരക്കഥ. അതുകൊണ്ട് തന്നെയാണ് ചിത്രം ചെയ്യാന്‍ തീരുമാനിച്ചതും
ജോണ്‍സണ്‍ എസ്തപ്പാന്‍ കഥയും തിരക്കഥയും അഒരുക്കി സംവിധാനം ചെയ്യുന്ന ഡഫേദാര്‍ എന്ന ചിത്രത്തിലെ നായികയാണ് ഇനി മാളവിക. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മാളവിക ഒരു മുഴുനീള കഥാപാത്രം ചെയ്യുന്നതിന്റെ ത്രില്ലിലാണ്.
എന്നാല്‍ ഡഫേദാര്‍ പോലൊരു സിനിമയില്‍ അഭിനയിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും എന്നാല്‍ ചിത്രത്തിന്റെ തിരക്കഥ വായിച്ചപ്പോള്‍ എന്റെ തീരുമാനം മാറ്റേണ്ടി വന്നെന്നും മാളവിക പറയുന്നു. അത്രയ്ക്ക് ഗംഭീരമായിരുന്നു തിരക്കഥ. അതുകൊണ്ട് തന്നെയാണ് ചിത്രം ചെയ്യാന്‍ തീരുമാനിച്ചതും- മാളവിക പറയുന്നു.
അമല എന്ന നഴ്‌സായാണ് മാളവിക ചിത്രത്തില്‍ എത്തുന്നത്. ആമി എന്നാണ് എല്ലാവരും അവളെ വിളിക്കുക. വിരമിച്ചുകഴിയുന്ന ഒരു ഡഫേദാറെ ശ്രുശൂഷിക്കാനായി എത്തുന്ന കഥാപാത്രമാണ് അമല. ടിനി ടോമാണ് ഡഫേദാറുടെ വേഷം ചെയ്യുന്നത്. ഡഫേദാര്‍ അമലയെ മകളായി കാണുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രംകൈകാര്യം ചെയ്യുന്നത്.
ഡഫേദാറായി കലാഭവന്‍മണിയേയായിരുന്നു കണ്ടുവെച്ചിരുന്നത്. എന്നാല്‍ മണിയുടെ അപ്രതീക്ഷിതയമായ വിയോഗത്തിന് ശേഷമാണ് നായകസ്ഥാനത്തേക്ക് ടിനി ടോമിനെ പരിഗണിക്കുന്നത്.
കറുത്ത പക്ഷികളിലൂടെ വെള്ളിത്തിരയിലെത്തി സംസ്ഥാന പുരസ്‌കാരം നേടിയ താരമാണ് മാളവിക. ചിത്രത്തിലെ നായികയായി ആദ്യം പരിഗണിച്ചിരുന്നത് നടി അനന്യയെയായിരുന്നു. എന്നാല്‍ അനന്യയുടെ തിരക്ക് മൂലം മാളവികയ്ക്ക് നറുക്ക് വീഴുകയായിരുന്നു.ഈ സിനിമ ചാലക്കുടിയില്‍ ചിത്രീകരിക്കണമെന്നത് മണിച്ചേട്ടന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് സംവിധായകന്‍ പറഞ്ഞു.
“കളക്ടറുടെ സഹായിയായിരുന്ന ഡഫേദാര്‍ പെന്‍ഷനായിട്ടും പിരിഞ്ഞ് പോയിട്ടില്ല. അയാള്‍ക്ക് മനസുകൊണ്ട് വിരമിക്കാനാവുന്നില്ല. ആ വീടിന് ചുറ്റും എപ്പോഴും അയാള്‍ അലഞ്ഞുതിരിയുന്നു. എന്ത് ആവശ്യമുണ്ടെങ്കിലും അയാള്‍ വിളിപ്പുറത്തുണ്ടാകും. മണിക്ക് പകരം പലരെയും ഈ വേഷം അവതരിപ്പിക്കാന്‍ ആലോചിച്ചെങ്കിലും എന്തുകൊണ്ടോ യോജിച്ചത് ടിനി തന്നെയാണെന്ന് തോന്നി. അയ്യപ്പന്‍ എന്ന അറുപത്തഞ്ചുകാരനെ ടിനി നന്നായിട്ട് ചെയ്തിട്ടു”ണ്ടെന്നും അദ്ദേഹം പറയുന്നു.