കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ചരിത്ര അധ്യാപികയായ മാളവിക ബിന്നി. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ക്രൂരമായ സിനിമയിറങ്ങിയ നാടാണ് കേരളമെന്നും ചിത്രത്തിന്റെ അവസാനം മാരിറ്റല്‍ റേപ്പ് ചെയ്തയാളെ വിശുദ്ധനാക്കി കാണിച്ചെന്നും മാളവിക പറയുന്നു.
മാരിറ്റല്‍ റേപ്പ് ചെയ്തയാള്‍ പാവമാണെന്നും മദ്യപിച്ചിട്ടാണെന്നും കളിയാക്കപ്പെട്ടതുമൂലമാണെന്നുമുള്ള ലോജിക്കില്‍ വന്ന സിനിമയിറങ്ങിയ നാടാണ് കേരളമെന്നും ചിത്രം ഇറങ്ങിയിട്ട് അധികം നാളായിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. റേപ്പ് സീന്‍ കാണിക്കാതിരിക്കാനുള്ള വിവരം ഫിലിം മേക്കറിനുണ്ടായിരുന്നെന്നും ഒരുപക്ഷെ അത് നായകനെ ന്യായികരിക്കാനായിരിക്കാമെന്നും മാളവിക പറഞ്ഞു. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാളവിക ബിന്നി.
‘കെട്ട്യോളാണ് എന്റെ മാലാഖ എന്ന ക്രൂരമായ സിനിമയിറങ്ങിയ നാടാണ് കേരളം. മാരിറ്റല്‍ റേപ്പ് ചെയ്ത ഒരാളെ സിനിമയുടെ ക്ലൈമാക്‌സിലേക്ക് എത്തുമ്പോള്‍ ഒരു വിശുദ്ധനെ പോലെ കാണിച്ച് അവസാനം ഒരു കര്‍ഷകശ്രീ അവാര്‍ഡുവരെ കൊടുക്കുന്നു. എന്നിട്ട് ആ റേപ്പ് ചെയ്യപ്പെട്ട സ്ത്രീ പോയിട്ട് അഭിനന്ദനം അറിയിക്കുന്നു.
അയാള്‍ പാവമാണ്, അയാള്‍ മദ്യപിച്ചിട്ടാണ്, അയാള്‍ കളിയാക്കപ്പെട്ടതുകൊണ്ടാണ് അയാള്‍ റേപ്പ് ചെയ്തത് എന്നൊക്കെ ഉള്ള ലോജിക്കുള്ള സിനിമയിറങ്ങിയ നാടാണ് കേരളം എന്ന് ആലോചിക്കേണ്ടതുണ്ട്. അതിറങ്ങിയിട്ട് ഒരുപാട് നാളുപോലും ആയിട്ടില്ല.
ആ ഫിലിം മേക്കറിന് റേപ്പ് സീന്‍ കാണിക്കാതിരിക്കാനുള്ള വിവരമെങ്കിലും ഉണ്ടായി. ഒരു പക്ഷെ നായകനെ ന്യായീകരിക്കാനായിരിക്കും അത് കാണിക്കാതിരുന്നിട്ടുണ്ടാകുക,’ മാളവിക ബിന്നി പറയുന്നു
അജി പീറ്റര്‍ തങ്കം എഴുതി നിസാം ബഷീര്‍ സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. ആസിഫ് അലി, വീണ നന്ദകുമാര്‍, ജാഫര്‍ ഇടുക്കി, ബേസില്‍ ജോസഫ്, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നവദമ്പതികളായ സ്ലീവച്ചനും റിന്‍സിയും വിവാഹജീവിതം ആരംഭിക്കുമ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
Content Highlight: Malavika Binny Talks About Kettyolaanu Ente Malakha Movie