| Monday, 25th April 2022, 10:09 pm

രാത്രി പന്ത്രണ്ടരയ്ക്ക് സംവിധായകന്‍ വിളിക്കുന്നത് മനസിലാക്കാം, എന്നാല്‍ യഷും വിളിച്ചു, അദ്ദേഹം അവിടെയും വന്നു: മാളവിക അവിനാഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കെ.ജി.എഫ് എന്ന ഒറ്റ ചിത്രം കൊണ്ട് കരിയര്‍ ഗ്രാഫ് മാറിമറിഞ്ഞ നടനാണ് യഷ്. പാന്‍ ഇന്ത്യന്‍ ലെവലില്‍ റീച്ച് കിട്ടിയ താരത്തിന്റെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍.

കെ.ജി.എഫ് ചാപ്റ്റര്‍ ടു റിലീസ് ചെയ്തതിന് പിന്നാലെ ഇന്ത്യന്‍ സിനിമയിലെ കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ചുള്ള പ്രദര്‍ശനമാണ് നടക്കുന്നത്.

യഷിന്റെ വിജയത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയും കഠിനാധ്വാനവുമാണെന്ന് പറയുകയാണ് നടി മാളവിക അവിനാഷ്. യഷിനൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മാളവിക കെ.ജി.എഫില്‍ മാധ്യമപ്രവര്‍ത്തകയായ ദീപ ഹെഗ്‌ഡേ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് യഷിനെ പറ്റി മാളവിക മനസ് തുറന്നത്.

‘യഷിനൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അന്നൊന്നും യഷ് ഇത്രയും അറിയപ്പെടുന്ന നടനായിരുന്നില്ല. മിസ്റ്റര്‍ ആന്‍ഡ് മിസിസ് രാമചാരി എന്ന ചിത്രം യഷിന് വലിയ സ്റ്റാര്‍ഡം നേടിക്കൊടുത്തു. ആക്ഷന്‍ സ്റ്റാര്‍ എന്ന പേര് വീണു. കെ.ജി.എഫ് വന്നതോടെ പിന്നെ എങ്ങോട്ടാണ് പോയതെന്ന് ഞാന്‍ പറയേണ്ട ആവശ്യമില്ലല്ലോ.

യഷിന്റെ ജോലിയിലുള്ള ആത്മാര്‍ത്ഥയ്ക്കാണ് ഇതിന്റെ ക്രെഡിറ്റ് എല്ലാം. ചില നായകന്മാര്‍ നമ്മുടെ കൂടെ ഇരുന്ന് വര്‍ക്ക് ചെയ്യും. ചില നടന്മാര്‍ അവരുടെ വര്‍ക്കില്‍ മാത്രം വലിയ ഹാര്‍ഡ് വര്‍ക്ക് ചെയ്യും. സിനിമയില്‍ മുഴുവന്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ആവശ്യമില്ല. ആ രീതി തിരുത്തിയത് യഷാണ്,’ മാളവിക പറഞ്ഞു.

‘മറക്കാനാവാത്ത ഒരു അനുഭവം കെ.ജി.എഫ് ഷൂട്ടിനിടയില്‍ നടന്നു. കെ.ജി.എഫ് ഒന്നാം ഭാഗത്തിന്റെ ഹിന്ദി ഡബ്ബിംഗിനായി ഒരു ദിവസം രാത്രി പന്ത്രണ്ടര മണിക്ക് എന്നെ വിളിച്ചു. വേറെ ആളില്ല ഡബ്ബ് ചെയ്യാന്‍. സംവിധായകന്‍ വിളിക്കുന്നത് എനിക്ക് മനസിലാകും. എന്നാല്‍ യഷും വിളിച്ചിരുന്നു. പന്ത്രണ്ടര മണിക്ക് ഡബ്ബിംഗിന് യഷും വന്നിരുന്നു.

രാത്രി 12 മണിക്ക് ഡബ്ബ് ചെയ്യാന്‍ പറ്റില്ല. സൗണ്ട് പ്രശ്‌നം വരും. രാവിലെ 4:30, 5 മണിക്ക് ചെയ്യാം എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ രാവിലെ പോയി ഞാന്‍ കെ.ജി.എഫ് ഹിന്ദി, തമിഴ് ട്രെയ്‌ലറിനായി ഡബ്ബ് ചെയ്തു.

യഷിനെ എപ്പോള്‍ വിളിച്ചാലും അപ്പോള്‍ തന്നെ ഫോണ്‍ എടുക്കും. മെസേജയച്ചാല്‍ അപ്പോള്‍ തന്നെ റീപ്ലേ തരും. അതുപോലെ ഒരാളെ ഞാന്‍ കണ്ടിട്ടേയില്ല,’ മാളവിക പറഞ്ഞു.

Content Highlight: malavika avinash about the hard work and sincerity of yash

We use cookies to give you the best possible experience. Learn more