| Sunday, 24th April 2022, 8:37 pm

ഷൂട്ടിനിടയില്‍ പ്രശാന്തിനെ അടുത്ത് വിളിച്ചിരുത്തി കഥ പറയണം ഇല്ലെങ്കില്‍ അഭിനയിക്കില്ല എന്ന് പറഞ്ഞു: മാളവിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കെ.ജി.എഫ് ചാപ്റ്റര്‍ ടുവില്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് ദീപ എന്ന മാധ്യമപ്രവര്‍ത്തക. കണിശക്കാരിയായ ദീപയെ സ്‌ക്രീനില്‍ അവതരിപ്പിച്ചത് മാളവിക അവിനാഷായിരുന്നു.

കെ.ജി.എഫില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ തുറന്ന് പറയുകയാണ് മാളവിക. കഥ അറിയാതെയാണ് കെ.ജി.എഫില്‍ അഭിനയിച്ചിരുന്നതെന്നും രണ്ടാം ഭാഗത്തിലും ഇത് ആവര്‍ത്തിച്ചപ്പോള്‍ സംവിധായകന്‍ പ്രശാന്ത് നീലിനെ അടുത്ത് വിളിച്ചിരുത്തി കഥ പറഞ്ഞില്ലെങ്കില്‍ അഭിനയിക്കില്ല എന്ന് പറഞ്ഞെന്നും മാളവിക വെളിപ്പെടുത്തുന്നു.

ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് മാളവിക പ്രശാന്ത് നീലിനെ പറ്റി പറഞ്ഞത്.

‘പ്രശാന്ത് എപ്പോഴും സീരിയസായിട്ടാണ് ഇരിക്കുന്നത്. മുഖത്ത് ചിരി പോലും വരില്ല. സംസാരിക്കുമ്പോള്‍ നമുക്ക് തന്നെ വല്ലാതാവും. ഒന്നു ചിരിക്കാന്‍ മേലേ എന്ന് അഭിനയിക്കുമ്പോള്‍ തോന്നും. ആദ്യഭാഗത്തില്‍ കഥ എന്താണെന്ന് അറിയാതെയാണ് അഭിനയിച്ചത്. രണ്ടാം ഭാഗത്തിലെത്തിയപ്പോഴും അങ്ങനെ തന്നെയായിരുന്നു.
അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ പ്രശാന്തിനെ വിളിച്ച് അടുത്തിരുത്തി കഥ പറയണം ഇല്ലെങ്കില്‍ അഭിനയിക്കില്ല എന്ന് പറഞ്ഞു.

ആദ്യഭാഗത്തില്‍ എന്തു പറയുന്നോ അത് ചെയ്യുകയായിരുന്നു. ഇപ്രാവിശ്യവും അങ്ങനെ തന്നെ. ഒരു മാറ്റവുമില്ല. പ്രശാന്ത് നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടേയിരിക്കും. ഇങ്ങനെയെ ചെയ്യാവൂ എന്ന് വരെ പറയും. പരീക്ഷക്ക് വന്നിരിക്കുന്നത് പോലെയാണ് സെറ്റിലിരിക്കുന്നത്. അദ്ദേഹം പറയുന്നത് പോലെ ചെയ്യാന്‍ പറ്റുമോ ഇല്ലയോ എന്ന് സംശയം വരും,’ മാളവിക പറഞ്ഞു.

അതേസമയം കെ.ജി.എഫ് ചാപ്റ്റര്‍ ടു കളക്ഷന്‍ 750 കോടി കടന്നിരിക്കുകയാണ്. ഹിന്ദി പതിപ്പ് ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ മുന്നൂറ് കോടി കടന്നു. ബാഹുബലി 2ന് ശേഷം ഇതാദ്യമായാണ് ഒരു തെന്നിന്ത്യന്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഈ നേട്ടം സ്വന്തമാക്കുന്നത്.

കേരളത്തിലും റെക്കോഡ് കളക്ഷനാണ് ചിത്രം നേടിയത്. കേരളത്തില്‍ ഏത് ഭാഷാ ചിത്രവും എക്കാലത്തും നേടുന്ന ഏറ്റവും മികച്ച റിലീസ് ദിന കളക്ഷന്‍ നിലവില്‍ കെ.ജി.എഫ് 2ന്റെ പേരിലാണ്.

മോഹന്‍ലാല്‍ നായകനായ ഒടിയന്റെ റെക്കോര്‍ഡ് ആണ് ചിത്രം ബ്രേക്ക് ചെയ്തത്. 7.48 കോടിയാണ് കേരളത്തില്‍ നിന്ന് കെ.ജി.എഫ് 2 ആദ്യദിനം നേടിയത്.

Content Highlight: malavika avinash about prashanth neel and kgf shoot

We use cookies to give you the best possible experience. Learn more