കൊലാലംപൂര്‍: മലാകയില്‍ നിന്നും കൗന്താനിലേക്ക് പോവുകയായിരുന്ന മലേഷ്യന്‍ എണ്ണക്കപ്പല്‍ കാണാതായി. 22ഓളം ജീവനക്കാരുണ്ടായിരുന്ന എം.ടി ഓര്‍കിം ഹാര്‍മണി എന്ന കപ്പലിലാണ് കാണാതായത്. 7.5 മില്യണ്‍ ലിറ്റര്‍ പെട്രോളും കപ്പലില്‍ ഉണ്ടായിരുന്നു. മലേഷ്യന്‍ സംസ്ഥാനമായ ജോഹോറിന്റെ കിഴക്ക് ഭാഗത്തായാണ് കപ്പല്‍ കാണാതായത്.
6,000 ടണ്‍ ഭാരമുള്ള 15 മില്ല്യണ്‍ റിങ്കിറ്റ് വിലയുള്ള ഇന്ധനമാണ് കപ്പലിലുണ്ടായിരുന്നതെന്ന് മലേഷ്യ മാരിടൈം എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി ഓപറേഷന്‍ ഡയറക്ടര്‍ ഇബ്രാഹിം മുഹമ്മദ് പറഞ്ഞു. അതേസമയം കപ്പലിനെ കുറിച്ചും കപ്പലിലുള്ളവരെ കുറിച്ചും പ്രധാനമന്ത്രി നജീബ് റസാഖ് അദ്ദേഹത്തിന്റെ ആശങ്കയറിയിച്ചു.
മലേഷ്യന്‍ ഉടമസ്ഥതയിലുള്ള കപ്പില്‍ കാണാതായ വാര്‍ത്ത ഏറെ വിഷമിപ്പിക്കുന്നതാണ്. 16 മലേഷ്യക്കാരടക്കം കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്. അവരുടെ കുടുംബത്തെ കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്. കപ്പല്‍ കണ്ടെത്താന്‍ രാജ്യം പരിശ്രമിക്കും. അദ്ദേഹം പറഞ്ഞു. നേരത്തെ എണ്ണക്കപ്പല്‍ ഹൈജാക്ക്് ചെയ്തു എന്ന്് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു
16 മലേഷ്യന്‍ പൗരന്‍മാരും അഞ്ച് ഇന്തോനേഷ്യക്കാരും ഒരു മ്യാന്‍മര്‍ സ്വദേശിയുമാണ് കപ്പിലുണ്ടായിരുന്ന ജീവനക്കാര്‍. കൊട്ടാ തിങ്കിയിലെ താന്‍ജൂങ് പെന്‍വാര്‍ മുതല്‍ മെഴ്‌സിങ് വരെയും സിങ്കപൂര്‍ ഇന്തോനേഷ്യ കടല്‍ പരിധിയിലും 20,000 ഓളം സ്‌ക്വയര്‍ കിലോമീറ്റര്‍ ദൂരം കപ്പലിനായുള്ള തിരച്ചില്‍ നടത്തിക്കഴിഞ്ഞുവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.