മലപ്പുറം: ജില്ലയിലെ ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്നതു നിരോധിച്ചുള്ള മലപ്പുറം ജില്ലാ കലക്ടറുടെ ഉത്തരവ് മരവിപ്പിച്ചു. ആരാധനാലയങ്ങളിലെ നിയന്ത്രണം സംബന്ധിച്ച് തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമെടുക്കുമെന്നാണ് പുതിയ അറിയിപ്പ്.
നേരത്തെ നിയന്ത്രണങ്ങള്‍ക്കെതിരെ മതസംഘടനകള്‍ രംഗത്തെത്തിയിരുന്നു. പ്രവേശനം അഞ്ച് പേര്‍ക്കായി ചുരുക്കിയത് കൂടിയാലോചനയില്ലാതെയാണെന്നും തീരുമാനം പുനപരിശോധിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും കേരള മുസ്‌ലീം ജമാഅത്തും ആവശ്യപ്പെട്ടിരുന്നു.
മലപ്പുറം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടമാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
മലപ്പുറത്ത് പതിനാറ് പഞ്ചായത്തുകളില്‍ കൂടി ഇന്ന് രാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ജില്ലയിലെ ഏഴു പഞ്ചായത്തുകളിലും കൊണ്ടോട്ടി നഗരസഭയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
ഇന്ന് 2,671 പേര്‍ക്കാണ് ജില്ലയില്‍ രോഗം ബാധിച്ചത്. 529 പേര്‍ രോഗമുക്തരായി. ഇന്ന് രോഗബാധിതരായവരില്‍ 2,529 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 75 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗം ബാധിച്ചത്.
വൈറസ് ബാധിതരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും 57 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇതുവരെയായി 643 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരണപ്പെട്ടത്.