വോട്ടിങ് യന്ത്രത്തില്‍ അട്ടിമറി; മലപ്പുറത്ത് റീപോളിങ് വേണമെന്ന് മുഖ്യമന്ത്രി
Daily News
വോട്ടിങ് യന്ത്രത്തില്‍ അട്ടിമറി; മലപ്പുറത്ത് റീപോളിങ് വേണമെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th November 2015, 11:53 am

election

മലപ്പുറം: വോട്ടിങ് യന്ത്രത്തില്‍ തിരിമറി കണ്ടെത്തിയ സാഹചര്യത്തില്‍ മലപ്പുറത്ത് റീപോളിങ് നടത്തണമെന്ന് മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടി. തിരഞ്ഞെടുപ്പ് കമ്മീഷനോട് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടു.

നാളെ തിരഞ്ഞെടുപ്പ് നടത്തണമെന്നും ജനങ്ങളുടെ വോട്ട് ചെയ്യാനുള്ള അവകാശം നഷ്ടപ്പെടുത്തരുതെന്ന് ലീഗ് നേതൃത്വം അറിയിച്ചു. വിഷയത്തില്‍ സി.പി.ഐ.എമ്മും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

ജില്ലയില്‍ കോണ്‍ഗ്രസ്മുസ്ലീം ലീഗ് സൗഹൃദമത്സരം നടക്കുന്ന കേന്ദ്രങ്ങളിലാണ് തകരാറ് കണ്ടത്തെിയിരിക്കുന്നത്. വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതു ഗൗരവമായ പ്രശ്‌നമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു.

ബദല്‍ സംവിധാനം വേഗം ഏര്‍പ്പെടുത്തണമെന്നും വോട്ടിങിനായി കൂടുതല്‍ സമയം അനുവദിക്കണമെന്നും തെരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അട്ടിമറി നടന്നതായിസംശയിക്കുന്നില്ലെന്നും വോട്ടിങ് യന്ത്രങ്ങളുടെ തകരാറ് യാദൃശ്ചികമാകാമെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രതികരിച്ചു.

പല കേന്ദ്രങ്ങളിലും വോട്ടിങ് യന്ത്രത്തില്‍ സെല്ലോടേപ്പും പേപ്പറും സ്റ്റിക്കറുകളും തിരുകിയതായി കണ്ടെത്തിയിട്ടുണ്ട്. ഇത്രയധികം കേന്ദ്രങ്ങളില്‍ തകരാറ് കണ്ടത്തെിയതിനാലാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആസൂത്രിതമായ ശ്രമം നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍  സംശയിക്കുന്നത്.

അതേസമയം, ഉദ്യോഗസ്ഥരുടെ പരിചയക്കുറവുമൂലമാണു വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതെന്നു മലപ്പുറം ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ പറഞ്ഞു. വൈകിട്ട് അഞ്ചിന് ആരൊക്കെ ക്യൂവിലുണ്ടോ, അവരെയെല്ലാവരെയും വോട്ട് ചെയ്യാന്‍ അനുവദിക്കും. മുടങ്ങിയ സമയത്തിനു പകരമായി കൂടുതല്‍ സമയം അനുവദിക്കുന്നതിനെപ്പറ്റി തെരഞ്ഞെടുപ്പു കമ്മിഷനോട് ആലോചിക്കുമെന്നും കലക്ടര്‍ അറിയിച്ചു.