മലപ്പുറം: അരീക്കോട് കുനിയില്‍ ഇരട്ടക്കൊലപാതകക്കേസില്‍ ഗള്‍ഫിലേക്ക് കടന്ന പ്രധാന പ്രതി മുക്താറിനെ നാട്ടിലെത്തിച്ചു. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയ്ക്കാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന ഉടനെ ഇയാള്‍ ദോഹയിലേക്ക് കടന്നതായിരുന്നു.
കൊല്ലപ്പെട്ട അതീഖുറഹ്മാന്റെ സഹോദരനാണ് മുഖ്താര്‍. ഇയാളുടെ അറസ്റ്റ് മലപ്പുറം ഡി.വൈ.എസ്.പി രേഖപ്പെടുത്തി. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തതിനുശേഷം കോടതിയില്‍ ഹാജരാക്കും.
കേസില്‍ ഇതുവരെ 15 പേര്‍ പോലീസ് പിടിയിലായിട്ടുണ്ട്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു മുക്താറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
ഇരട്ടക്കൊലപാതകം നടന്നതിന്റെ അടുത്ത ദിവസം രാവിലെയാണ് മുക്താര്‍ ഗള്‍ഫിലേക്ക് പോയത്. തുടര്‍ന്ന് പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. മുക്താറിനെ നാട്ടിലെത്തിക്കാനായി പലവിധ സമ്മര്‍ദ്ദങ്ങള്‍ പൊലീസ് നടത്തി. ദോഹയിലെ മുക്താറിന്റെ സ്‌പോണ്‍സറെ ബന്ധപ്പെട്ട് കൊലക്കേസ് പ്രതിയെ ഒളിപ്പിച്ചാലുള്ള നിയമനടപടികളെക്കുറിച്ചും അറിയിച്ചിരുന്നു.
ജൂണ്‍ 11നാണ് അജ്ഞാത സംഘത്തിന്റെ വെട്ടേറ്റ് കൊളക്കാടന്‍ ആസാദ്, കൊളക്കാടന്‍ അബൂബക്കര്‍ എന്ന കുഞ്ഞാപ്പു എന്നിവര്‍ മരിച്ചത്. കുനില്‍ നടുപ്പാട്ടില്‍ അതീഖ് റഹ്മാന്‍ വധിക്കപ്പെട്ടത്. ഫുട്‌ബോള്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു അതീഖു റഹ്മാന്‍ വധം.