| Saturday, 22nd May 2021, 5:04 pm

മലപ്പുറത്ത് നാളെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറക്കില്ല; മെഡിക്കല്‍ സേവനങ്ങള്‍ക്ക് മാത്രം അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലുള്ള മലപ്പുറത്ത് ഞായറാഴ്ച അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും അടച്ചിടണമെന്ന് ജില്ലാ കളക്ടര്‍. കൊവിഡ് അതിരൂക്ഷ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമായ സാഹചര്യത്തിലാണ് തീരുമാനം.

അടിയന്തര ആവശ്യങ്ങള്‍ക്കായുള്ള മെഡിക്കല്‍ സേവനങ്ങള്‍ മാത്രമാകും ഞായറാഴ്ച ജില്ലയില്‍ പ്രവര്‍ത്തിക്കുക.

സംസ്ഥാനത്ത് നിലവില്‍ മലപ്പുറത്ത് മാത്രമാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലുള്ളത്. മലപ്പുറമടക്കം നാല് ജില്ലകളില്‍ സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ മറ്റു മൂന്ന് ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചു.

കേരളത്തിലെ മറ്റ് ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തില്‍ താഴെയാണ്. അതേസമയം, മലപ്പുറം ജില്ലയില്‍ പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും ഉയര്‍ന്ന് നില്‍ക്കുകയാണ്. ഇതാണ് നിയന്ത്രണങ്ങള്‍ തുടരുന്നതിനുള്ള കാരണം.

അതേസമയം മലപ്പുറം ജില്ലയിലെ ഉള്‍പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് എസ്.പി എസ്. സുജിത്ത് പറഞ്ഞിട്ടുണ്ട്. ഇതിനായി മൊബൈല്‍ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തും.

നഗരപ്രദേശങ്ങളിലും പ്രധാന റോഡുകളിലും തിരക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം, ഉള്‍പ്രദേശങ്ങളില്‍ ഇപ്പോഴും ആള്‍ക്കൂട്ടമുണ്ടാവുന്നുണ്ടെന്ന് എസ്.പി പറഞ്ഞു.

പല ഗ്രാമീണ പ്രദേശങ്ങളിലും ഉണ്ടാവുന്ന ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനാവും ഇനി പ്രധാന പരിഗണന. ഇതിനൊപ്പം ട്രിപ്പിള്‍ ലോക്ഡൗണ്‍ എല്ലാ സ്ഥലങ്ങളിലും കര്‍ശനമായി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

65,780 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 48,142 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ 776 പേരാണ് കൊവിഡ് ബാധിതരായി മരിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Malappuram Triple Lockdown Collector Order

We use cookies to give you the best possible experience. Learn more