| Monday, 14th February 2022, 10:08 am

മലപ്പുറത്ത് മുസ്‌ലിം സഹോദരന്റെ മരണത്തെത്തുടര്‍ന്ന് ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങള്‍ റദ്ദാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരൂര്‍: മതസൗഹാര്‍ദത്തിന്റെ പുതിയ മാതൃക കാണിച്ച് മലപ്പുറം ജില്ലയിലെ തിരൂര്‍. പ്രദേശത്തെ ഒരു മുസ്‌ലിം കാരണവര്‍ മരിച്ചതിനെത്തുടര്‍ന്ന് ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങള്‍ ക്ഷേത്രഭാരവാഹികള്‍ റദ്ദാക്കി.

തിരൂര്‍ തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശ്ശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ക്ഷേത്രത്തിന് സമീപം ചെറാട്ടില്‍ ഹൈദര്‍ എന്നയാള്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.

മരണവിവരം അറിഞ്ഞതോടെ ആഘോഷങ്ങള്‍ നിര്‍ത്തിവെക്കാന്‍ ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ തീരുമാനിക്കുകയായിരുന്നു. ഉത്സവം ചടങ്ങുകള്‍ മാത്രമായി നടത്താനാണ് തീരുമാനിച്ചത്.

ഉത്സവാഘോഷത്തിന്റെ ഭാഗമായി ബാന്‍ഡ്‌മേളം, ശിങ്കാരിമേളം, മറ്റ് കലാരൂപങ്ങള്‍ എന്നിവയെല്ലാം ഒരുക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം വേണ്ടെന്ന് വെച്ചു.

ക്ഷേത്ര കമ്മിറ്റിക്കാരുടെ തീരുമാനത്തെ ഹൈദറിന്റെ ഹൈദറിന്റെ കബറടക്കത്തിനു മുൻപ് നടന്ന നമസ്‌കാരത്തില്‍ വെച്ച് മഹല്ല് ഭാരവാഹികള്‍ അഭിനന്ദിക്കുകയും ചെയ്തു.

നാട്ടിലെ കാരണവരും ഏവര്‍ക്കും പ്രിയപ്പെട്ടവനുമായിരുന്നു ഹൈദര്‍ എന്നും ഇദ്ദേഹം മരിച്ചതിന്റെ ദുഃഖത്തില്‍ പങ്കുചേരാനാണ് ആഘോഷം ഒഴിവാക്കിയതെന്നും കമ്മിറ്റി ഭാരവാഹികളായ ടി.പി. വേലായുധന്‍, എം.വി. വാസു, ടി.പി. അനില്‍കുമാര്‍, കെ.പി. സുരേഷ്, ബാബു പുന്നശേരി എന്നിവര്‍ പറഞ്ഞു.


Content Highlight: Malappuram Tirur, temple festival cancelled because of Muslim brother’s death

We use cookies to give you the best possible experience. Learn more