ഇതാണ് മലപ്പുറം; മുസ്‌ലീങ്ങള്‍ക്ക് ഇഫ്താര്‍ വിരുന്ന് ഒരുക്കി ലക്ഷ്മി നരസിംഹ മൂര്‍ത്തി വിഷ്ണു ക്ഷേത്രം; പങ്കെടുത്തത് 400 ലേറെ പേര്‍
Kerala
ഇതാണ് മലപ്പുറം; മുസ്‌ലീങ്ങള്‍ക്ക് ഇഫ്താര്‍ വിരുന്ന് ഒരുക്കി ലക്ഷ്മി നരസിംഹ മൂര്‍ത്തി വിഷ്ണു ക്ഷേത്രം; പങ്കെടുത്തത് 400 ലേറെ പേര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd June 2017, 10:25 am

മലപ്പുറം: മലപ്പുറത്ത് നിലനില്‍ക്കുന്ന മതസൗഹാര്‍ദത്തിന്റെ മറ്റൊരു ഉദാഹരണമാകുകയായിരുന്നു ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രം സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന്. 400 ലേറെ വരുന്ന മുസ്‌ലീങ്ങള്‍ക്ക് ഇഫ്താര്‍ പാര്‍ട്ടി നല്‍കിക്കൊണ്ടാണ് ഇവിടെ മതസൗഹാര്‍ദം ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിച്ചത്.

പുനപ്രതിഷ്ഠയുടെ ഭാഗമായി ഇവിടെ ക്ഷേത്രനിര്‍മ്മാണം നടന്നുവരികയായിരുന്നു. മെയ് 29 മുതല്‍ ജൂണ്‍ നാല് വരെയാണ് പുനപ്രതിഷ്ഠ ചടങ്ങുകള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി കൂടിയാണ് ഇഫ്താര്‍ സംഗവും സംഘടിപ്പിച്ചത്. 400 മുസ്‌ലീങ്ങള്‍ പങ്കുചേര്‍ന്ന ഇഫ്താര്‍ പാര്‍ട്ടില്‍ നൂറിലേറെ വരുന്ന മറ്റ് മതസ്ഥരും പങ്കെടുത്തു.


Dont Miss സംഘ് പരിവാര സുഹൃത്തുക്കളോട് സ്‌നേഹപൂര്‍വ്വം; സുബ്രഹ്മണ്യം സ്വാമിക്കും ഗോപാലകൃഷ്ണനും പരിചയമില്ലാത്ത മലപ്പുറത്തെ കുറിച്ച് 


ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നൂറിലേറെ വരുന്ന മുസ് ലീം കുടുംബങ്ങളായിരുന്നു സാമ്പത്തിക സഹായം നല്‍കിയിരുന്നത്. വെട്ടിച്ചറിയിലെ മുസ് ലീം ഭൂരിപക്ഷ പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

“”
മതസൗഹാര്‍ദ്ദത്തിന്റെ ഒരു അന്തരീക്ഷത്തിലാണ് ഞങ്ങള്‍ ഇവിടെ വളര്‍ന്നത്. ഇവിടെ മതത്തിനല്ല മറിച്ച് മാനവിതയ്ക്കാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. തങ്ങളുടെ മതമോ ജാതിയോ പിന്തുടരുന്നതിന് എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍, അതിനര്‍ത്ഥം മറ്റു മതക്കാരോട് നാം സൗഹൃദം പുലര്‍ത്താന്‍ പാടില്ലെന്ന് അല്ല. മറ്റു മതത്തിലെ ആളുകളെ സ്വാഗതം ചെയ്യാനുള്ള മനസ് നമുക്ക് ഉണ്ടാകണം””- ക്ഷേത്ര കമ്മറ്റി സെക്രട്ടറി പി.ടി മോഹനന്‍ പറയുന്നു.


Dont Miss നെല്‍വയലുകള്‍ നികത്തുന്നവരെ മുക്കാലിയില്‍ കെട്ടി അടിക്കണം: വി.എസ് സുനില്‍ കുമാര്‍ 


ഇഫ്താര്‍ വിരുന്നിനായി പ്രതീക്ഷിച്ചതിലും അധികം ആളുകള്‍ എത്തിച്ചേര്‍ന്നതിനാല്‍ ക്ഷേത്രത്തിലെ സൗകര്യക്കുറവ് പരിഗണിച്ച് ക്ഷേത്രത്തിന് സമീപത്തെ മമ്മു മാസ്റ്ററുടെ വീട്ടില്‍ വെച്ചായിരുന്നു ഭക്ഷണം വിളമ്പിയത്. കേരളത്തിലെ പരമ്പരാഗതമായ ഭക്ഷണങ്ങളും സദ്യയും ഇഫ്താര്‍ പാര്‍ട്ടിയില്‍ ഒരുക്കിയിരുന്നു.

ഇഫ്താര്‍ വിരുന്നിനായി ഞങ്ങള്‍ ക്ഷണിച്ച എല്ലാ മുസ്‌ലീം കുടുംബങ്ങളും ഇവിടെ എത്തിച്ചേര്‍ന്നിരുന്നു. ആരും മടി കാണിച്ചല്ല. അതില്‍ വളരെ സന്തോഷം തോന്നിയെന്നും പി.ടി മോഹനന്‍ പറഞ്ഞു.