ദി ഹിന്ദുവിലെ മലപ്പുറം പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന ഹരജി തള്ളി കോടതി
Kerala News
ദി ഹിന്ദുവിലെ മലപ്പുറം പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന ഹരജി തള്ളി കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th November 2024, 8:06 pm

കൊച്ചി: ‘ദി ഹിന്ദു’ ദിനപത്രം റിപ്പോര്‍ട്ട് ചെയ്ത മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണെമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി. എറണാകുളം സി.ജെ.എം കോടതിയുടേതാണ് നടപടി.

മലപ്പുറവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ കുറ്റം കണ്ടെത്താനായിട്ടില്ലെന്ന നിരീക്ഷണത്തിലാണ് കോടതി ഹരജി തള്ളിയത്. അഡ്വ. ബൈജു നോയലാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കോടതിയെ സമീപിച്ചത്.

മുഖ്യമന്ത്രിയുടേത് മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള പരാമര്‍ശം എന്നായിരുന്നു ഹരജിക്കാരന്റെ വാദം. എന്നാല്‍ പ്രസ്തുത വാദത്തെ സാധൂരിക്കുന്ന തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹരജി തള്ളുകയായിരുന്നു.

മലപ്പുറത്ത് സ്വര്‍ണക്കടത്ത് നടക്കുന്നുണ്ടെന്നും ഈ പണം ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞതായാണ് പത്രം പ്രസിദ്ധീകരിച്ചത്.

സംഭവം വിവാദമായതോടെ മുഖ്യമന്ത്രി പറയാത്ത കാര്യങ്ങള്‍ ഉള്‍പ്പെടെയാണ് പ്രസിദ്ധീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി പ്രസ് സെക്രട്ടറി പത്രത്തിന് കത്തെഴുതുകയുണ്ടായി.

പരാമര്‍ശത്തില്‍ ഒരു സ്ഥലത്തെയോ പ്രദേശത്തെയോ കുറിച്ച് സംസാരിച്ചിട്ടില്ലെന്നും വിവാദം അവസാനിപ്പിക്കാന്‍ വിശദീകരണം നല്‍കണമെന്നുമാണ് പ്രസ് സെക്രട്ടറി കത്തില്‍ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെയോ സര്‍ക്കാരിന്റെയോ നിലപാടല്ല റിപ്പോര്‍ട്ടിലെ വിവിധ വരികളില്‍ ഉള്ളതെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് പത്രം സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മലപ്പുറവുമായി ബന്ധപ്പെട്ട പരാമര്‍ശം കൈസന്‍ എന്ന പി.ആര്‍ ഏജന്‍സി എഴുതി നല്‍കിയതാണെന്ന വിശദീകരണമാണ് പത്രം നല്‍കിയത്.

പരാമര്‍ശം മുഖ്യമന്ത്രി അഭിമുഖത്തില്‍ പറഞ്ഞതല്ലെന്നും മുമ്പ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണെന്ന് കാണിച്ച് ഏജന്‍സി നല്‍കിയതാണെന്നുമാണ് പത്രം പ്രതികരിച്ചത്.

മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. സ്വര്‍ണക്കടത്തിലൂടെ മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കുള്ളതാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ദല്‍ഹിയിലെ സംഘപരിവാര്‍ ഏമാന്‍മാരെ സന്തോഷിപ്പിക്കാനുള്ളതാണെന്നായിരുന്നു വി.ഡി. സതീശന്റെ വിമര്‍ശനം.

Content Highlight: Malappuram statement in The Hindu; The court rejected the petition to file a case against the Chief Minister