ആലപ്പുഴ: പാനായിക്കുളം എന്‍.ഐ.എ. കേസിലെ 17ാം പ്രതി നിസാമിന് ജാമ്യം അനുവദിച്ചതിന്റെ പേരില്‍ തന്നെ സിമിക്കാരനാക്കി ചിത്രീകരിക്കാന്‍ ശ്രമുണ്ടായതായി റിട്ട: മുന്‍സിഫ് മജിസ്‌ട്രേറ്റ് അഡ്വ. എം. താഹയുടെ വെളിപ്പെടുത്തല്‍. പാനായിക്കുളം കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന നിലവില്‍ മലപ്പുറം എസ്.പി. കൂടിയായ ശശിധരനായിരുന്നു ഈ ശ്രമത്തിന് പിന്നിലെന്ന് അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. സിമിക്കാരനാക്കി ചിത്രീകരിച്ച് തന്നെ സസ്‌പെന്റ് ചെയ്യിക്കാന്‍ ശശിധരന്‍ ശ്രമിച്ചിരുന്നതായി ഹൈക്കോടതി ജഡ്ജായിരുന്ന പയസ് തന്നോട് പറഞ്ഞിരുന്നു എന്നും അദ്ദേഹം പറയുന്നു. ഹൈക്കോടതിയിലെ വിജിലന്‍സ് ഡയറക്ടറായിരുന്ന ഉദ്യോഗസഥനെ കൂട്ടുപിടിച്ചായിരുന്നു തനിക്കെതിരായ ഗുഢാലോചനയെന്നും അഡ്വ. എം. താഹ പറഞ്ഞു.
2009ല്‍ നോര്‍ത്ത് പറവൂര്‍ മജിസ്‌ട്രേറ്റായി ജോലി ചെയ്യുന്ന കാലത്താണ് തനിക്ക് ഈ ദുരനുഭവുമുണ്ടായതെന്നും അദ്ദേഹം പറയുന്നു. ഇതിന്റെ പേരില്‍ തന്നെ ആദ്യം കോഴിക്കോട്ടേക്ക് സ്ഥലം മാറ്റിയെന്നും എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍ തനിക്ക് സിമിയുമായി ബന്ധമില്ലെന്ന് കണ്ടെത്തിയെന്നും അദ്ദേഹം പറയുന്നു.
‘കേസിലെ 17ാം പ്രതിയായ നിസാമിനെ കോടതിയില്‍ ഹാജരാക്കിയത് അന്വേഷണ ഉദ്യോഗസ്ഥനായ ശശിധരനായിരുന്നു. നിസാമിന് ഈ സമയത്ത് പൊലീസ് ഭക്ഷണം നല്‍കിയിരുന്നില്ല. പൊലീസിനോട് പ്രതിക്ക് ഭക്ഷണം വാങ്ങി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത് ശശിധരന് ഇഷ്ടപ്പെട്ടില്ല. പിന്നീട് ഭക്ഷണം വാങ്ങി നല്‍കിയതിന് ശേഷം ഹാജരാക്കിയ നിസാമിനെ പൊലീസിന്റെ ആവശ്യപ്രകാരം രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.
രണ്ട് ദിവസത്തിന് ശേഷം പ്രതിയെ വീണ്ടും ഹാജരാക്കിയപ്പോള്‍ പ്രൊസിക്യൂഷന്റെ ആവശ്യപ്പെട്ടത് പോലെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ആലുവ ജയിലില്‍ റിമാന്റ് ചെയ്തു. ഈ ഘട്ടത്തിലാണ് നിസാമിന്റെ അഭിഭാഷകന്‍ ജാമ്യം ആവശ്യപ്പെട്ടത്. പ്രതി നാട്ടകം പോളിടെക്നിക്കിലെ വിദ്യാര്‍ത്ഥിയാണെന്നും അടുത്ത ആഴ്ച പരീക്ഷയാണെന്നും ജാമ്യാപേക്ഷയില്‍ ഉണ്ടായിരുന്നു.
ഈ ഘട്ടത്തില്‍ പൊലീസിനോട് കേസ് ഡയറി ചോദിച്ചു. കേസ് ഡയറി നല്‍കാന്‍ സമയമെടുക്കുമെന്ന് ശശിധരന്‍ പറഞ്ഞപ്പോള്‍ വൈകീട്ട് തന്നെ ഹാജരാക്കണമെന്ന് കോടതി നിര്‍ബന്ധം പറഞ്ഞു. ഇതും ശശിധരന്റെ അനിഷ്ടത്തിന് കാരണമായി.
പൊലീസ് നല്‍കിയ കേസ് ഡയറിയില്‍ കേസില്‍ നിസാമുമായി ബന്ധപ്പെടുത്തുന്ന ഒന്നും തന്നെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് നിസാമിന് ജാമ്യം നല്‍കി. ഒരു വിദ്യാര്‍ത്ഥിയുടെ പഠനവും പരീക്ഷയും തടസ്സപ്പെടുത്തുന്നത് നീതിയല്ല എന്ന ബോധ്യത്തിലാണ് നിസാമിന് ജാമ്യം നല്‍കിയത്,’ അഡ്വ. എം. താഹ പറഞ്ഞു.
നേരത്തെ പാനായിക്കുളം കേസിലെ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതെ വിടുകയും സുപ്രീം കോടതി ഈ വിധി ശരിവെക്കുകയും ചെയ്ത ഘട്ടത്തിലും അഡ്വ. എം. താഹ ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. നിലവില്‍ നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍ ഉള്‍പ്പടെ മലപ്പുറം എസ്.പി. ശശിധരനെതിരെ ആരോപണങ്ങളുമായി രംഗത്തുവന്ന ഘട്ടത്തിലാണ് അഡ്വ. എം. താഹ ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നത്.
മലപ്പുറം എസ്.പിയായ ശശിധരനെ സ്ഥലം മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ നിന്നാണ് ഇപ്പോള്‍ പി.വി. അന്‍വറിന്റെ വെളിപ്പെടുത്തലുകളും വിവാദങ്ങളുമുണ്ടായിരിക്കുന്നത്.
content highlights: Malappuram SP made himself a SIMI worker for granting bail to accused in Panaikulam case. ; Ex-Magistrate with disclosure