Kerala News
നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മലപ്പുറം; പൊന്നാനിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; പരിശോധനകള്‍ കര്‍ശനമാക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jun 29, 08:20 am
Monday, 29th June 2020, 1:50 pm

മലപ്പുറം: അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. പൊന്നാനി താലൂക്ക് പൂര്‍ണ്ണമായും കണ്ടയിന്‍മെന്റ് സോണാക്കി മാറ്റി.

ജില്ലാ ഭരണകൂടം ശുപാര്‍ശ അംഗീകരിച്ചതോടെ പൊന്നാനിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പാടാക്കി. താലൂക്കില്‍ 1500 പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി സ്വകാര്യ ആശുപത്രികളെ സമീപിക്കുമെന്നും മന്ത്രി കെ ടി ജലീല്‍ പറഞ്ഞു.

ഇതുവരെ പൊന്നാനി മുനിസിപാലിറ്റി, മാറഞ്ചേരി, വട്ടംകുളം, എടപ്പാള്‍ ആലങ്കോട് തുടങ്ങിയ പഞ്ചായത്തുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിരുന്നത്. ഇന്ന് തവനൂര്‍, കാലടി, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയംക്കോട് എന്നീ പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പൊന്നാനി താലൂക്കിനെ മുഴുവന്‍ കണ്ടെയിന്‍മെന്റ് സോണാക്കിയത്.

പ്രവാസി മലയാളികള്‍ ഏറ്റവും കൂടുതലുള്ള മലപ്പുറം ജില്ലയില്‍ ജാഗ്രത തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

218 പേരാണ് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്. 233പേര്‍ കൊവിഡ് രോഗമുക്തി നേടി. മലപ്പുറം ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച നിലയിലാണ് മുന്നോട്ട് പോകുന്നതെന്നും ജലീല്‍ വ്യക്തമാക്കി.

നിലവില്‍ കൊവിഡ് രോഗികളെ ചികിത്സിക്കുന്നത് സര്‍ക്കാര്‍ ആശുപത്രിയിലാണ്. മികച്ച പ്രവര്‍ത്തനത്തിന് സ്വകാര്യ ആശുപത്രിയുടെ സേവനം കൂടി തേടേണ്ടതുണ്ട്. ഇതിനായി ഐസിഎംആറിന്റെ അനുവാദം വാങ്ങേണ്ടതുണ്ടെന്നും ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ച മേഖലയില്‍ അടിയന്തര സേവനങ്ങള്‍ക്കല്ലാതെ യാത്രകള്‍ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

മേല്‍ സൂചിപ്പിട്ടുള്ള പ്രദേശങ്ങളിലുള്ള ഹൈവേയിലൂടെ കടന്ന് പോകുന്ന ദീര്‍ഘദൂര യാത്രാവാഹനങ്ങള്‍ 30 മിനിറ്റില്‍ കൂടുതല്‍ സമയം ഈ പ്രദേശ പരിധിയില്‍ ഉണ്ടാവാന്‍ പാടുള്ളതല്ലെന്നും പാല്‍ പത്രം മീഡിയ മെഡിക്കല്‍ ലാബ് തുടങ്ങിയവ പ്രവര്‍ത്തിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

സ്വകാര്യ സ്ഥാപനങ്ങള്‍ , അക്ഷയ എന്നിവ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുളളതല്ലെന്നും പ്രസ്തുത പ്രദേശങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം രീതിയിലാണ് പ്രവര്‍ത്തിക്കേണ്ടതെന്നും കളക്ടര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ