തിരുവനന്തപുരം: മലപ്പുറം പോക്‌സോ കേസില്‍ യുവാവിനെ പ്രതി ചേര്‍ത്ത സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍.
പ്രായപൂര്‍ത്തിയാവാത്ത യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്ന കുറ്റം ചുമത്തിയാണ് 18കാരനായ തിരൂരങ്ങാടി സ്വദേശി ശ്രീനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ യുവാവ് ഡി.എന്‍.എ പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഡി.എന്‍.എ പരിശോധനയില്‍ യുവാവ് കുറ്റക്കാരനല്ല എന്ന് കണ്ടെത്തിയതോടെ കോടതി ജാമ്യം അനുവദിച്ചു. വിഷയം നവമാധ്യമങ്ങളിലും മറ്റും വലിയ ചര്‍ച്ചയായതിനു പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
യുവാവിനെ തെറ്റായി പ്രതി ചേര്‍ത്തതില്‍ അന്വേഷണം വേണമെന്നും രണ്ടാഴ്ചയ്ക്കകം ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നുമാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കേസില്‍ തിരൂരങ്ങാടി സ്വദേശി ശ്രീനാഥ് 36 ദിവസം ജയിലില്‍ കിടന്നിരുന്നു. എന്നാല്‍ ഡി.എന്‍.എ പരിശോധനാഫലം നെഗറ്റീവായതിന് പിന്നാലെ ശ്രീനാഥിനെ സ്വന്തം ജാമ്യത്തില്‍ പോക്സോ കോടതി വിട്ടയച്ചു.
പൊലീസ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് വെളിപ്പെടുത്തിയ ശ്രീനാഥ് പൊലീസ് മുഖത്തടിച്ചതിനെ തുടര്‍ന്ന് തന്റെ കേള്‍വി ശക്തിക്ക് ഗുരുതര തകരാര്‍ സംഭവിച്ചെന്നും ആരോപിച്ചിരുന്നു.