പാപ്പന്‍ എന്ന ബോക്‌സ് ഓഫീസ് ഹിറ്റ് സിനിമക്ക് ശേഷം സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രമാണ് ‘മേ ഹൂം മൂസ’. ജിബു ജേക്കബിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയാണ് കേന്ദ്ര കഥാപാത്രമായ ‘മൂസ’യെ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ ആര്‍മിയിലെ അംഗമായ മലപ്പുറം പൊന്നാനിക്കാരനായ ‘മൂസ’ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
രാജ്യത്തെ അകമഴിഞ്ഞു സ്‌നേഹിക്കുന്ന, സേവിക്കുന്ന ഒരു കഥാപാത്രമാണ് മൂസ. അദ്ദേഹത്തിന്റെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
പുനം ബജ്‌വ, അശ്വിനി റെഡ്ഢി, സൈജു കുറുപ്പ് , ഹരിഷ് കണാരന്‍, ജോണി ആന്റണി, മേജര്‍ രവി, മിഥുന്‍ രമേശ്, ശരണ്‍, സ്രിന്ദ, ശശാങ്കന്‍ മയ്യനാട്, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
ഇപ്പോഴിതാ മേ ഹൂം മുസയുടെ പ്രൊമോഷന്റെ ഭാഗമായി മലപ്പുറത്ത് നടന്ന പരിപാടിയില്‍ തന്റെ ഭരത് ചന്ദ്രന്‍ ഐ.പി.എസ് എന്ന കഥാപാത്രത്തെക്കുറിച്ചും, സിനിമയേക്കുറിച്ചും സംസാരിക്കുകയാണ് സുരേഷ് ഗോപി.
‘ഭരത് ചന്ദ്രന്‍ തന്നെയാണോ ഉന്നതന്‍ എന്ന് ചോദിച്ചാല്‍ അല്ല. ഞാന്‍ നിങ്ങളോട് സിനിമകള്‍ കാണണം എന്ന് പറയുമ്പോള്‍ സുരേഷ് ഗോപി എന്ന ആക്ടറുടെ ഒരു ടെമ്പറോ, ടെക്‌സ്റ്ററോ മനസിലാക്കണമെങ്കില്‍ ഞാന്‍ ആദ്യം പറയും ‘ഇന്നലെ’ സിനിമ കാണണമെന്ന്, പിന്നെ കളിയാട്ടം കാണണമെന്ന് പറയും. പത്രം, നന്ദഗോപന്‍ കാണണമെന്ന് ഞാന്‍ പറയും.
ഭരത് ചന്ദ്രന്‍ ഐ.പി.എസ് കാണണം, കാരണം ചില ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ അതിനകത്ത് അഗാധമായി ഉണ്ട്. അത് അതിന്റെ എഴുത്തുകാരന്‍ രണ്‍ജി പണിക്കറുമായി ചേര്‍ന്ന് ചര്‍ച്ച ചെയ്ത് വന്ന ചില അംശങ്ങളുണ്ട്. നിങ്ങള്‍ അതിന്റെ രണ്ടാം ഭാഗം പ്രധാനമായും കാണേണ്ടതാണ്.
മലപ്പുറത്തുകാര്‍ ഒന്നുകൂടി അത് ഉറപ്പിച്ച് മനസ് വെച്ച് കാണേണ്ടതാണ്. അതില്‍ പ്രതിപാദിക്കുന്ന വിഷയങ്ങളുണ്ട്, അതിന് മതത്തിന്റെ നിറമില്ല. സമൂഹത്തിലെ ഓരോ വിഭാഗങ്ങളുടെയും ക്രമീകരണങ്ങള്‍, അവരുടെ ഉയര്‍പ്പിന് വേണ്ടിയുള്ള സന്നദ്ധത, ഇതെല്ലാം അതിനകത്ത് ചര്‍ച്ച ചെയ്യുന്നുണ്ട്,’ സുരേഷ് ഗോപി പറഞ്ഞു.