മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലും മലപ്പുറം ലോക്‌സഭാ മണ്ഡലം പിടിക്കാനുള്ള കഠിന ശ്രമത്തിലാണ് മുന്നണികള്‍. പി. കെ കുഞ്ഞാലിക്കുട്ടി സ്ഥാനമൊഴിഞ്ഞതോടെയാണ് മലപ്പുറം ലോകസഭാ മണ്ഡലവും ഒരു ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്നത്.
ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി. പി സാനു മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. കുഞ്ഞാലിക്കുട്ടി വലിയ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലം നിലനിര്‍ത്തുകയെന്നത് ലീഗിന്റെയും യു.ഡി.എഫിന്റെയും അഭിമാന പ്രശ്‌നമാണ്. മുന്‍ രാജ്യസഭാംഗമായ അബ്ദുസമദ് സമദാനിയെ അടക്കമുള്ള നേതാക്കളെയാണ് ലീഗ് ഇവിടെ പരിഗണിക്കുന്നത്.
അതേസമയം ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ. പി അബ്ദുള്ളക്കുട്ടിയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.
2019ലെ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി. കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇടതു മുന്നണി നിര്‍ത്തിയത് വി പി സാനുവിനെ തന്നെയായിരുന്നു. ഇത്തവണ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സാനു തന്നെ വീണ്ടും മത്സരിക്കുന്നത് വിജയ പ്രതീക്ഷയോടെയാണ് സി.പി.ഐ.എം നോക്കി കാണുന്നത്.
എക്കാലവും ലീഗിന്റെ ഉറച്ചമണ്ഡലമായി നിലകൊണ്ട മലപ്പുറം മണ്ഡലത്തില്‍ ഒരു തവണ മാത്രമാണ് സി.പി.ഐ.എമ്മിന് വിജയിച്ച് കയറാനായിട്ടുള്ളത്.
മലബാര്‍ ജില്ലയായിരുന്ന 1952 മുതല്‍ മുസ്‌ലിം ലീഗിനൊപ്പം നിന്ന മണ്ഡലത്തില്‍ 2004ലാണ് സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ടി കെ ഹംസ വിജയിക്കുന്നത്. എന്നാല്‍ അടുത്ത തവണ ലീഗിനെ പിന്തുണച്ച മണ്ഡലം ഇ. അഹമ്മദിനെ പിന്തുണച്ചു. തുടര്‍ന്ന് 2017ലും 2019ലും പി. കെ കുഞ്ഞാലിക്കുട്ടി തന്നെ വിജയിക്കുകയും ചെയ്തു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 5,89,873 വോട്ടുകളാണ് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്. വി. പി സാനുവിന് 3,29,720 വോട്ടുകളും ലഭിച്ചു. 2,60,153 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പി. കെ കുഞ്ഞാലിക്കുട്ടി ജയിച്ചത്.
വോട്ടിംഗ് ശതമാനത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 5 ശതമാനം വര്‍ധനവും ഉണ്ടായി. എന്നാല്‍ തുടക്കകാരനും, എസ്.എഫ്.ഐയുടെ അമരക്കാരനുമായ വി. പി സാനുവിന് ലഭിച്ച വോട്ടുകള്‍ പ്രതീക്ഷയോടെ തന്നെയാണ് സി.പി.ഐ.എം നോക്കികാണുന്നത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വി. പി സാനു സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ മലപ്പുറത്തെ ലീഗിന്റെ ഉരുക്കു കോട്ടയെ തകര്‍ക്കാന്‍ കച്ച കെട്ടിയിറങ്ങിയ യുവനേതാവ് എന്നത് മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ പ്രത്യേകത.
1991ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറം മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥിയായി കുഞ്ഞാലിക്കുട്ടി മത്സരിച്ചപ്പോള്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വി. പി സക്കറിയയുടെ മകന്‍ എന്നതു കൂടിയായിരുന്നു.
ഇത്തവണ വീണ്ടും വി പി സാനുവിനെ സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍ ജയിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുമുന്നണി. കുഞ്ഞാലിക്കുട്ടി എം. പി സ്ഥാനം രാജി വെച്ചതു തന്നെയാണ് പ്രധാനമായും ഇടതുപക്ഷം ഉന്നയിക്കുന്ന രാഷ്ട്രീയ ആയുധം. രാജ്യത്ത് കര്‍ഷക സമരം കൊടുമ്പിരികൊള്ളുമ്പോള്‍ കര്‍ഷക നേതാവും രാജ്യസഭാ എം.പിയുമായ കെ കെ രാഗേഷ്, ഓള്‍ ഇന്ത്യാ കിസാന്‍ സഭാ ട്രഷററും മുന്‍ വയനാട് എം.എല്‍.എയുമായിരുന്ന പി കൃഷ്ണപ്രസാദ് എന്നിവര്‍ക്കൊപ്പം എസ്.എഫ്.ഐയുടെ അമരക്കാരനായ വി പി സാനുവും സമരമുഖത്ത് നില്‍ക്കുമ്പോള്‍ കേരളത്തില്‍ നിന്നു പോയ 19 എം.പിമാരെവിടെ എന്ന ചോദ്യമായിരുന്നു പ്രധാനമായും ഉയര്‍ന്നു വന്നിരുന്നത്.
നിയമസഭാ സീറ്റില്‍ മത്സരിക്കുന്നതിനായി കുഞ്ഞാലിക്കുട്ടി എം. പി സ്ഥാനം രാജിവെക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത് കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്ന സാനുവിന്റെ ചിത്രങ്ങളാണ്. ഇത് വോട്ടാകുമെന്ന പ്രതീക്ഷയിലാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലും എല്‍.ഡി.എഫ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക