| Sunday, 14th February 2021, 8:08 pm

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം: തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്തുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

വിഷുവിനും റമദാന്‍ നോമ്പിനും മുമ്പ് വോട്ടെടുപ്പ് വേണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത് പരിഗണിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. വരാനിരിക്കുന്ന വിവിധ പരീക്ഷകളും പരിഗണിക്കുമെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍, ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരുമായും ചര്‍ച്ച നടത്തി.

കൂടുതല്‍ പോളിംഗ് സ്‌റ്റേഷനുകള്‍ ഉണ്ടാകും. ഓരോ ബൂത്തിലും 500 മുതല്‍ 1000 വോട്ടര്‍മാര്‍ വരെയായിരിക്കും ഉണ്ടാവുക. അവസാന ഒരുമണിക്കൂര്‍ കൊവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യാം.

അതേസമയം വോട്ടെടുപ്പ് സമയം നീട്ടുന്നത് സംബന്ധിച്ചുള്ള തീരുമാനം പിന്നീട് അറിയിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. ചില മാധ്യമങ്ങള്‍ രാഷ്ട്രീയ പ്രേരിതമായി ഏകപക്ഷീയ വാര്‍ത്തകള്‍ നല്‍കുന്നുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു.

നിലവില്‍ മൂന്ന് ജില്ലകള്‍ പ്രശ്‌നബാധിത പ്രദേശങ്ങളായി ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇവിടങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും കമ്മീഷന്‍ പറഞ്ഞു.

ഏപ്രിലില്‍ ആദ്യ വാരങ്ങളില്‍ തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് യു.ഡി.എഫും എല്‍.ഡി.എഫും തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇത്ര പെട്ടെന്ന് നടത്തരുതെന്നാണ് ബി.ജെ.പി അഭിപ്രായപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Malappuram loksabha by election will conduct on legislative assemly election day

We use cookies to give you the best possible experience. Learn more