മലപ്പുറം: യാത്രക്കിടെ അപമാനിക്കാന്‍ ശ്രമിച്ച യുവാക്കളെ മിനുട്ടുകള്‍ക്കുള്ളില്‍ പിടികൂടിയ കേരള പൊലീസിനെ അഭിനന്ദിച്ച് മലപ്പുറം കെ.എസ്.യു വൈസ് പ്രസിഡന്റ് ജസ്‌ല മാടത്തറ. ഫേസ്ബുക്ക് ലൈവിലൂടെയാണ് പൊലീസിനെ അഭിനന്ദിച്ച് ജസ്‌ല രംഗത്തെത്തിയത്.
മഞ്ചേരിയില്‍ നിന്നും പെരിന്തല്‍മണ്ണയ്ക്കുള്ള യാത്രാ മധ്യേയായിരുന്നു സംഭവം. ബൈക്കില്‍ തനിച്ച് യാത്ര ചെയ്യുകയായിരുന്ന തന്നെ മൂന്ന് പേര്‍ വാഹനത്തില്‍ പിന്തുടരുകയും പല രീതിയില്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും ജസ്‌ല പറയുന്നു.
തന്റെ ബൈക്കില്‍ അവരുടെ വാഹനം ഇടിപ്പിക്കാനും തികച്ചും അശ്ലീലവും അറപ്പുളവാക്കുന്നതുമായ കാര്യങ്ങള്‍ വിളിച്ചുപറഞ്ഞും അവര്‍ തന്നെ പിന്തുടരുകയായിരുന്നു. ഉടന്‍ തന്നെ മങ്കട പൊലീസ് സ്റ്റേഷനിലെത്തി കാര്യം പറയുകയും അവരുടെ വാഹന നമ്പര്‍ പൊലീസിന് കൈമാറുകയുംചെയ്തു.
മങ്കട പൊലീസില്‍ പരാതി കൊടുത്ത് താന്‍ പെരിന്തല്‍മണ്ണ എത്തിയപ്പോഴേക്കും പ്രതികളെ പിടികൂടിയെന്ന് പറഞ്ഞുള്ള പൊലീസിന്റെ കോള്‍ ലഭിച്ചിരുന്നു.
പ്രതികള്‍ കുറ്റം സമ്മതിച്ചില്ലെന്നും താന്‍ വന്ന് പ്രതികളെ തിരിച്ചറിയണമെന്നും പറഞ്ഞു. ഉടന്‍ തന്നെ അവിടെയെത്തിയപ്പോള്‍ എന്നെ ഉപദ്രവിച്ച് മൂന്ന് പേരേയും അവിടെ കാണാന്‍ കഴിഞ്ഞു. വളരെ അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. വെറും 20 മിനുട്ടുകൊണ്ട് അത്രയേറെ ജാഗ്രതയോടും കാര്യക്ഷമമായും പൊലീസ് പ്രവര്‍ത്തിച്ചു.
പൊലീസുകാരെ ഓര്‍ത്ത് അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. തന്നെ ഉപദ്രവിച്ചവര്‍ മാപ്പുപറയണമെന്നും കേസാക്കരുതെന്നുമൊക്കെ പറഞ്ഞു. അവര്‍ക്ക് ഒരിക്കലും മാപ്പ് കൊടുക്കില്ലെന്നും ഒരു പെണ്‍കുട്ടിയോടും ഇത്തരത്തില്‍ അവര്‍ ഇനി പെരുമാറാന്‍ പാടില്ലെന്നും ജസ് ല പറയുന്നു.
ഇത്തരം സാഹചര്യങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ പെണ്‍കുട്ടികള്‍ പതറാതെ കാര്യങ്ങളെ നേരിടണമെന്നും വാഹനത്തിന്റെ നമ്പര്‍ നോട്ട് ചെയ്ത് പൊലീസിനെ അറിയിക്കണമെന്നും ജസ്‌ല വീഡിയോയില്‍ പറയുന്നു.