മലപ്പുറം ജില്ല രൂപം കൊണ്ട കാലം മുതല്‍ ‘ഇന്ത്യന്‍ ഫാസിസ്റ്റുകള്‍’ അതിനെതിരാണ്. അവരുടെ കാഴ്ചപ്പാടുകള്‍ പൊതുബോധത്തില്‍ കലങ്ങിച്ചേരുന്ന കാഴ്ചയാണ് സിനിമ മുതല്‍, പലരുടെയും അഭിപ്രായ പ്രകടനങ്ങളില്‍ അറിഞ്ഞും അറിയാതെയും കലരുന്നത്.
മറ്റേതൊരു കേരള ജില്ല പോലെ സാധ്യതകളും പരിമിതികളുമുള്ള ഒരു ജില്ലയായി മലപ്പുറത്തെയും കണ്ടാല്‍ മതിയാവും. ഭീകരതകളുടെ ആയുധക്കപ്പല്‍ മലപ്പുറത്ത് മാത്രമേ എത്തിച്ചേരുകയുള്ളൂ എന്ന മട്ടിലുള്ള തട്ടുപൊളിപ്പന്‍ തകര വര്‍ത്തമാനങ്ങള്‍ തുടരുന്നത്, വ്യത്യസ്ത ബ്രാന്‍ഡിലുള്ള ഭീകരതകളെ തിരിച്ചറിയുന്നതിന് തടസ്സം സൃഷ്ടിക്കും (കെ ഇ എന്‍/പച്ചബ്ലൗസ് എന്തുകൊണ്ട്)
പാലക്കാട് ജില്ലയിലെ വന മേഖലയില്‍ നടന്ന ഹീനമായ ഒരു കുറ്റകൃത്യത്തിന്റെ പേരില്‍ മലപ്പുറം ജില്ലയെ പൈശാചികവത്ക്കരിക്കാന്‍ കേരളത്തിനു പുറത്തുള്ള ചിലര്‍ പരിശ്രമിക്കുന്ന സമകാലിക സംഭവത്തിന്റെ പുറകില്‍ ഒരു നൂറ്റാണ്ടിലധികം വരുന്ന കാലത്തെ ചരിത്ര പശ്ചാത്തലമുണ്ടെന്നതാണ് വാസ്തവം.
1921ലെ മലബാര്‍ കലാപകാലത്ത് കലാപകാരികളെന്ന് വിശേഷിപ്പിക്കപ്പെട്ട പ്രതിഷേധസമരക്കാരെ അടിച്ചമര്‍ത്താന്‍ വേണ്ടി ബ്രിട്ടീഷുകാര്‍ രൂപപ്പെടുത്തിയ പ്രത്യേക പൊലീസാണ് മലപ്പുറം സ്പെഷ്യല്‍ പൊലീസ്.
എം.എസ്.പി എന്ന ചുരുക്കപ്പേര് ഇപ്പോഴും തുടരുന്നുണ്ടെങ്കിലും അതിലെ മലപ്പുറം എന്നതു മാറ്റി മലബാര്‍ സ്പെഷ്യല്‍ പൊലീസ് എന്നാക്കി ഇടക്കാലത്ത് മാറ്റുകയുണ്ടായി. അതായത്, മലപ്പുറം കലാപത്തിന്റെയും വര്‍ഗീയതയുടെയും ഒരു പ്രഭവകേന്ദ്രമാണെന്ന തോന്നല്‍ പൊതുബോധത്തിലുറപ്പിക്കാന്‍ ഇക്കാലം മുതല്‍ക്കു തന്നെ പരിശ്രമങ്ങളുണ്ടായിട്ടുണ്ടെന്നാണിത് തെളിയിക്കുന്നത്.
സോള്‍ടാന്‍ ഫാബ്രിയുടെ നരകത്തില്‍ രണ്ടു ഹാഫ് ടൈമുകള്‍ എന്ന സിനിമയില്‍ നാസി അധീനതയിലുള്ള തടവറയില്‍ സൈനികരും തടവുകാരും രണ്ടു ടീമായി പിരിഞ്ഞ് ഫുട്ബാള്‍ കളിക്കുന്നതിന്റെ ആഖ്യാനമാണുള്ളത്. വിജയവും പരാജയവും ഒരേ പോലെ പ്രതിസന്ധി സൃഷ്ടിക്കുന്ന ഒരവസ്ഥയാണ് തടവുകാര്‍ നേരിടുന്നത്.
മലപ്പുറത്ത് ഫുട്‌ബോള്‍ പ്രചാരത്തിലാവുന്നതിലും ചില സമാനതകള്‍ കാണാം. കുന്നിന്‍ പുറങ്ങള്‍ നിറഞ്ഞതും പരന്ന മൈതാനങ്ങള്‍ കുറവായതുമായ മലപ്പുറത്തിന്റെ ഗ്രാമങ്ങളാകെ ഫുട്‌ബോള്‍ ജനപ്രിയമായതിനു പിന്നില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടുള്ള പ്രതീതി വിജയത്തിന്റെ രാഷ്ട്രീയ ഉള്ളടക്കമാണുള്ളതെന്നതാണ് വാസ്തവം.
1969ല്‍ ഇ.എം.എസിന്റെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് അടക്കം ഘടകകക്ഷിയായുള്ള സപ്തകക്ഷി മുന്നണിയുടെ ഭരണകാലത്താണ്, മലപ്പുറം ജില്ല രൂപീകരിക്കപ്പെടുന്നത്. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ പെട്ട പിന്നോക്കപ്രദേശങ്ങളുള്‍പ്പെടുത്തി, രൂപീകരിക്കപ്പെട്ട മലപ്പുറം ജില്ലക്കെതിരായ രൂക്ഷമായ സമരം അന്ന് അരങ്ങേറുകയുണ്ടായി.
അടുത്തകാലത്ത് കേരളത്തെ സമ്മര്‍ദ്ദത്തിലാക്കുകയും നൂറ്റാണ്ടുകളോളം പുറകോട്ടു കൊണ്ടു പോകാന്‍ കാരണങ്ങളുണ്ടാക്കുകയും ചെയ്ത ശബരിമല നാമജപ സമരത്തിന്റെ ഒരു മാതൃക ഈ മലപ്പുറം ജില്ലാ വിരുദ്ധ സമരത്തിലും കാണാമായിരുന്നു. ജനസംഘമാണ് സമരത്തിനാവശ്യമായ ആള്‍ബലവും പ്രത്യയശാസ്ത്രബലവും നല്‍കിയതെങ്കില്‍, സമരനായകരില്‍ പ്രമുഖന്‍ കേരള ഗാന്ധി എന്നറിയപ്പെട്ടിരുന്ന കെ.കേളപ്പനായിരുന്നു.
ദേശീയ മുസ്‌ലിം ലേബലിനു വേണ്ടി നടന്നിരുന്ന മറ്റു ചില പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും ഈ സമരത്തിലണി ചേര്‍ന്നു. പീക്കിങ്ങില്‍ (ബീജിങ്ങിന്റെ പഴയ പേര്/ചൈന) നിന്നും കറാച്ചി(പാക്കിസ്ഥാന്‍)യില്‍ നിന്നും അറബിക്കടലിലൂടെ മുങ്ങിക്കപ്പല്‍ വന്ന് പൊന്നാനിയിലും താനൂരിലും പൊങ്ങുമെന്നൊക്കെയായിരുന്നു അന്നുയര്‍ന്നു കേട്ട പ്രസംഗങ്ങള്‍. താനൂര്‍ കടലില്‍ പാക്കിസ്ഥാന്‍ പതാകയുള്ള കപ്പല്‍ കണ്ടെന്ന വാര്‍ത്തയും ചിലര്‍ പ്രചരിപ്പിച്ചു.
അതിനു ശേഷം, മലയാള സിനിമയില്‍ നവ ഹിന്ദുത്വത്തിന്റെ തേരോട്ടം സജീവമായപ്പോഴാണ്, മലപ്പുറം വിരുദ്ധ വികാരം കേരളീയ/ഇന്ത്യന്‍ പൊതുബോധത്തിലേക്ക് വ്യാപിപ്പിച്ചത്. മലയാള സിനിമയില്‍ ഒരു പരാമര്‍ശം വന്നാല്‍, അതിത്ര കൊട്ടിഘോഷിക്കണോ അതൊക്കെ നിസ്സാരമല്ലേ, എന്നു ചോദിക്കുന്നവര്‍ വരവേല്‍പ് (ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട്) എന്ന സിനിമയിലെ ഒരു നിരീക്ഷണം അന്നത്തെ പ്രധാനമന്ത്രി വാജ് പേയ് തന്നെ ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റിന്റെ ഉദ്ഘാടനപ്രസംഗത്തില്‍ ഉദ്ധരിച്ചത് ഓര്‍ക്കേണ്ടതാണ്.
എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും മുഖ്യധാരാ മലയാള സിനിമകളിലെ ഊന്നലുകളും പരാമര്‍ശങ്ങളും കഥാപാത്രവത്ക്കരണങ്ങളും പ്രതിനായകരൂപീകരണങ്ങളും നാടുവാഴി/സവര്‍ണന്‍/പുരുഷന്‍/രാജാവ്/ഹിന്ദു/ എന്നിങ്ങനെയുള്ള നായകത്വങ്ങളുടെ മഹത്വവത്ക്കരണങ്ങളും എല്ലാം ചേര്‍ന്ന് സമാഹരിച്ച പൊതുബോധത്തിന്റെ വര്‍ഗീയ-വംശീയ-മതാത്മക-പ്രാദേശിക ശത്രുതക്ക് നിരന്തരമായി മലപ്പുറവും മുസ്‌ലിങ്ങളും വിധേയരായി. ചില ഉദാഹരണങ്ങള്‍ നോക്കുക.
ബോംബിവിടെ ഇഷ്ടം പോലെ മലപ്പുറത്ത് കിട്ടുമല്ലോ (ആറാം തമ്പുരാന്‍), കാസറഗോഡു മുതല്‍ പാറശ്ശാല വരെ ദേശീയപാതയിലൊന്നു സഞ്ചരിച്ചു നോക്കൂ; ഇരുവശത്തും ഉയര്‍ന്നു നില്‍ക്കുന്ന രമ്യഹര്‍മ്യങ്ങളും മണിമാളികകളും ഏതു സമുദായക്കാരുടേതാണ്? ഒരൊറ്റ ബ്രാഹ്മണന്റേതുമതിലില്ല (മഹാത്മ);
ഭൂരിപക്ഷ സമുദായത്തില്‍ പെട്ട ഒരു സ്ത്രീയെ ന്യൂനപക്ഷക്കാരന്‍ കെട്ടിയാല്‍ അത് ദേശീയോദ്ഗ്രഥനവും മതസൗഹാര്‍ദവും; മറിച്ചായാല്‍ ഇവിടെ വര്‍ഗീയ ലഹള (ആര്യന്‍), മലപ്പുറത്തു നടന്ന വര്‍ഗീയ ലഹളയില്‍ എന്റെ അഛന്‍ പൊലീസുകാരന് ഗുരുതരപരിക്കു പറ്റി (വിനോദയാത്ര)
സാമ്രാജ്യത്വവും വലതുപക്ഷ കക്ഷി രാഷ്ട്രീയവും മുഖ്യധാരാ സിനിമയും ചേര്‍ന്ന് സമാഹരിച്ചെടുക്കുന്ന പൗരത്വനിര്‍മ്മിതികളാണ് മലപ്പുറത്തിനെ അകാരണമായി കുറ്റപ്പെടുത്തുമ്പോള്‍ പോലും അതിന് വ്യാപകമായ പ്രചാരവും വിശ്വാസ്യതയും ഏല്പിച്ചുകൊടുക്കുന്നത്. മലപ്പുറത്തിനെതിരെ നടക്കുന്ന ഏതു ദുഷ്പ്രചാരണവും ഇന്ത്യന്‍ ഫാസിസത്തിന്റെ ഒരു മുന്നേറ്റമാണെന്നും നാം മനസ്സിലാക്കണം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക