| Friday, 31st January 2020, 12:50 pm

ക്ഷേത്ര ഉത്സവത്തിന് ഭക്ഷണം ഒരുക്കി ജുമാ മസ്ജിദ് കമ്മറ്റി; മതസാഹോദര്യത്തിന്റെ മറ്റൊരു അനുഭവവുമായി മലപ്പുറം

ഡൂള്‍ന്യൂസ് ഡെസ്‌ക്

എടക്കര: മലപ്പുറം എടക്കര ദുര്‍ഗാഭഗവതി ക്ഷേത്രത്തിലെ ഉത്സവം സമാപിക്കുന്ന ദിവസമായിരുന്നു വ്യാഴാഴ്ച. അന്ന് ക്ഷേത്രത്തിലെ പാചകപ്പുര നിയന്ത്രിച്ചത് പൂവ്വത്തിങ്കല്‍ ജുമാ മസ്ജിദ് ഭാരവാഹികളാണ്. കാരണം സമാപന ദിവസത്തില്‍ ക്ഷേത്രത്തിലെത്തുന്നവര്‍ക്കുള്ള ഭക്ഷണം പള്ളിക്കമ്മറ്റി വകയായിരുന്നു എന്നതാണ്.

രാവിലെയും ഉച്ചയ്ക്കും രാത്രിയിലും ഉള്ള ഭക്ഷണമാണ് പള്ളിക്കമ്മറ്റി നല്‍കിയത്. പപ്പടവും പായസവും അച്ചാറും അവിയലും മറ്റ് വിഭവങ്ങളും വിളമ്പിയ സദ്യ ഭക്ഷണം കഴിക്കാനെത്തിയവരുടെ വയറ് മാത്രമല്ല നിറച്ചത് മനസ്സുമായിരുന്നു. ഭക്ഷണത്തിന് ശേഷം നടന്ന യോഗം സലീം എടക്കര ഉദ്ഘാടനം ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നഷ്ടപ്പെടുന്ന മാനവികതയെ കുറിച്ചും കൂട്ടായ്മകള്‍ നഷ്ടപ്പെടുന്നതിനെ കുറിച്ചും യോഗത്തില്‍ പങ്കെടുത്തവര്‍ ആശങ്ക രേഖപ്പെടുത്തി. എന്നാല്‍ കാലങ്ങളായി നേടിയെടുത്ത ഐക്യവും സ്‌നേഹവും നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്ന വിശ്വാസത്തോടെയാണ് യോഗം കഴിഞ്ഞ് എല്ലാവരും മടങ്ങിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

യു. മൊയ്തീന്‍ ഹാജി, ഡി.സി.സി അദ്ധ്യക്ഷന്‍ വി.വി പ്രകാശ്, പഞ്ചായത്ത് പ്രസിഡന്റ് ആലീസ് അമ്പാട്ട്, കാരാടന്‍ സുലൈമാന്‍, ടി.പി. അഷറഫ്അലി, എം.കെ. ചന്ദ്രന്‍, ജി. ശശിധരന്‍, എം. ഉമ്മര്‍, അനില്‍ ലൈലാക്, സി.ജി. സുധാകരന്‍ മുതലായവര്‍ യോഗത്തില്‍ സംസാരിച്ചു.

മലപ്പുറത്തിന്റെ മതസാഹോദര്യത്തിന്റെ അനുഭവം പങ്കുവെക്കുന്ന നിരവധി സംഭവങ്ങളാണ് ഈയടുത്ത മാസങ്ങളില്‍ ഉണ്ടായത്. മുടങ്ങിക്കിടക്കുകയായിരുന്ന ഏഴൂര്‍ കൊറ്റംകുളങ്ങര ശിവഭഗവതീ ക്ഷേത്രത്തിലെ ഭഗവതിയാട്ട് മഹോത്സവം പുനരാരംഭിച്ചതാണ് മറ്റൊരു സംഭവം. നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് മുടങ്ങിയ ഉത്സവമാണ് വീണ്ടുമാരംഭിച്ചത്. മുടങ്ങിയ ഉത്സവം ജനകീയമായി നടത്താനായിരുന്നു ക്ഷേത്ര പ്രശ്‌നവിധി പ്രകാരം അറിയിച്ചത്.

ഇതോടെ ഉത്സവം നടത്തുന്നതിന് വേണ്ടി നാടൊന്നാകെ ഉണരുകയായിരുന്നു. ക്ഷേത്രമുറ്റത്ത് യോഗം ചേര്‍ന്ന് ഉത്സവം നടത്തുന്നതിന് വേണ്ടിയുള്ള കമ്മറ്റി രൂപീകരിച്ചു. പുരാതന മുസ്‌ലിം കുടുംബങ്ങളിലെ കാരണവന്‍മാരും യുവാക്കളും കമ്മറ്റിയുടെ ഭാഗമായി. ജാതിമത്യ വ്യത്യാസമില്ലാതെ ആയിരങ്ങളാണ് ക്ഷേത്രത്തില്‍ നടന്ന ഉത്സവത്തിനും സ്‌നേഹസദ്യക്കും വന്നുചേര്‍ന്നത്.

ഉത്സവത്തിന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അതിഥിയായെത്തി. ജാതിയുടെയും മതത്തിന്റെയും പേരില്‍ നാട് കലഹിക്കരുതെന്നും മനുഷ്യനെ വിഭജിച്ചുകാണാതെ ഒരുമയോടെ നാം ജീവിക്കണമെന്നും റഷീദലി തങ്ങള്‍ പറഞ്ഞു.

ഗായകന്‍ ഫിറോസ് ബാബു, തിരൂര്‍ സി.ഐ ഫര്‍ഷാദ്, എസ്.ഐ ജലീല്‍ കറുത്തേടത്ത്, നഗരസഭാദ്ധ്യക്ഷന്‍ കെ. ബാവ, ഗഫൂര്‍.പി.ലീല്ലീസ്, വി. ഗോവിന്ദന്‍കുട്ടി, എ.കെ സെയ്താലിക്കുട്ടി, പി.പി ലക്ഷ്മണന്‍, സി.വി വിമല്‍കുമാര്‍ എന്നിവരും ഉത്സവത്തിനെത്തി.

ഉത്സവ കമ്മറ്റി ചെയര്‍മാന്‍ യാസര്‍ പൊട്ടച്ചോല, കമ്മറ്റി അംഗങ്ങളായ ചന്ദ്രശേഖര്‍ പറൂര്‍, എ.കെ സെയ്താലിക്കുട്ടി, കെ.സുനില്‍ കുമാര്‍, അജേഷ് പറൂര്‍ എന്നിവര്‍ ചേര്‍ന്ന് അതിഥികള്‍ക്ക് സ്വീകരണം ഒരുക്കി.

ഗണപതി ഹോമത്തോടെ തുടക്കം കുറിച്ച ഉത്സവത്തിന്റെ ഭാഗമായി കൊടിയേറ്റവും സമൂഹസദ്യയും എഴുന്നെള്ളിപ്പും നടന്നു. കൊടിവരവുകളും ഭഗവതിയാട്ടവും പാതിരത്താലവും ഉണ്ടായിരുന്നു.

വെട്ടത്ത് രാജാവ് 800 വര്‍ഷങ്ങള്‍ക്ക് മുമ്പ് സേവകര്‍ക്കായി പണിത ക്ഷേത്രത്തില്‍ ഒരു നൂറ്റാണ്ട് മുമ്പ് മുടങ്ങിയ ഉത്സവമാണ് ഒരു നാട് മുന്നിട്ടിറങ്ങി നടത്തിയത്.

പുതുവര്‍ഷാരംഭത്തിലാണ് കോട്ടപ്പടി മണ്ണൂര്‍ ശിവക്ഷേത്രത്തിലെ ഉത്സവം നടന്നത്. ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന സമൂഹ സദ്യയില്‍ പാണക്കാട് കുടുംബത്തില്‍ നിന്ന് ഒന്നരപതിറ്റാണ്ടായി ഒരാള്‍ പങ്കെടുക്കാറുണ്ട്. ഇക്കുറി സദ്യയില്‍ പങ്കെടുക്കാനെത്തിയത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി സാദിഖലി ശിഹാബ് തങ്ങളാണ് ക്ഷേത്രത്തിലെത്താറുള്ളത്.

സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ക്ഷേത്രഭാരവാഹികള്‍ ഇലയിട്ട് ഊണ് വിളമ്പി. ഭാരവാഹികളോട് സാദിഖലി ശിഹാബ് തങ്ങള്‍ ക്ഷേത്രവിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു.

ശിവന്റെ രണ്ടുരൂപങ്ങള്‍ തുല്യപ്രാധാന്യത്തോടെ പ്രതിഷ്ഠിച്ച ക്ഷേത്രമാണിത്. ഉത്സവത്തിന് ആനയുണ്ടാവും. എന്നാല്‍ ആനയ്ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനമില്ല. നേരത്തെ ജനകീയ പങ്കാളിത്തത്തോടെ ഘോഷയാത്ര ഉത്സവത്തോടനുബന്ധിച്ച് നടത്താറുണ്ടായിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി മുടങ്ങുകയായിരുന്നുവെന്ന് ഭാരവാഹികള്‍ പറഞ്ഞു.

തങ്ങളോടൊപ്പം പി. ഉബൈദുല്ല എം.എല്‍.എ, ഫാ. സെബാസ്റ്റ്യന്‍ എന്നിവരും സമൂഹസദ്യക്കെത്തി. ഉത്സവസമിതി പ്രസിഡണ്ട് എം.ടി രാമചന്ദ്രന്‍, സെക്രട്ടറി. പി.വി സുരേഷ് കുമാര്‍, എ.പി സുരേഷ്, പാര്‍വ്വതി സായൂജ്യം, എം.ടി ജയശ്രീ എന്നിവര്‍ അതിഥികളെ സ്വീകരിച്ചു.

മലപ്പുറത്തെ കുറിച്ച് വടക്കേ ഇന്ത്യയിലും കര്‍ണാടകം പോലുള്ള സംസ്ഥാനങ്ങളിലും വര്‍ഗീയമായി പ്രചരണം ഒരുവിഭാഗം അഴിച്ചു വിട്ടുകൊണ്ടിരിക്കുകയാണ്. അതേ സമയം അത്തരം പ്രചരണങ്ങളെയൊന്നും പരിഗണിക്കുക പോലും ചെയ്യാതെ മതമൈത്രിയുടെയും സൗഹാര്‍ദത്തിന്റെയും വഴികളില്‍ മലപ്പുറം മുന്നേറുകയാണെന്നാണ് ദിനേന വരുന്ന റിപ്പോര്‍ട്ടുകള്‍ നമ്മോടു പറയുന്നത്.

We use cookies to give you the best possible experience. Learn more