മലപ്പുറം: രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റു ചെയ്ത മലപ്പുറം ഗവണ്‍മെന്റ് കോളജ് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം. ജില്ല വിട്ടുപോകരുത്, പാസ്‌പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കണം, ദിവസവും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണം തുടങ്ങിയ നിബന്ധനകളോടെയാണ് ജാമ്യം.
രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥികളായ റിന്‍ഷാദ്, ഫാരിസ് എന്നിവര്‍ക്കാണ് മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
കശ്മീരിനും മണിപ്പൂരിനും ഫലസ്തീനും സ്വാതന്ത്ര്യം അനുവദിക്കുകയെന്ന പോസ്റ്റര്‍ പതിച്ചെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി ഇരുവര്‍ക്കുമെതിരെ 124 എ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. റാഡിക്കല്‍ സ്റ്റുഡന്റ്‌സ് ഫോറം എന്ന സംഘടനയുടെ പേരിലായിരുന്നു ക്യാമ്പസില്‍ പോസ്റ്റര്‍ പതിച്ചത്. കോളജ് പ്രിന്‍സിപ്പല്‍ മായയുടെ പരാതിയിലാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
അതിനിടെ, വിദ്യാര്‍ഥികളെ കേസില്‍ കുടുക്കിയതാണെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. പോസ്റ്ററിലുള്ളത് ഇവരുടെ കയ്യക്ഷരമല്ലെന്നും ഇവര്‍ പോസ്റ്റര്‍ പതിച്ചുവെന്നതിന് സാക്ഷികളാരും ഇല്ലെന്നിരിക്കെയാണ് ഇവര്‍ക്കെതിരെ 124 എ പ്രകാരം കേസെടുത്തതെന്ന് വിദ്യാര്‍ഥികളുടെ അഭിഭാഷകന്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരികള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഇതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ഇവര്‍ പോസ്റ്റര്‍ ഒട്ടിച്ചിരുന്നു. “കശ്മീരികള്‍ക്ക് എതിരെയുള്ള സംഘപരിവാര്‍ അക്രമത്തില്‍ പ്രതിഷേധിക്കുക” എന്നായിരുന്നു പോസ്റ്റര്‍.
രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ആസൂത്രണമായ നീക്കത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായി റിന്‍ഷാദിന്റെ ബന്ധു ജലാലുദ്ദീന്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. മലപ്പുറത്തെ തീവ്രവാദത്തിന്റെ മേഖലയാക്കി ചിത്രീകരിക്കാനുള്ള ആരുടെയോ അജണ്ടയുടെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.