| Tuesday, 5th October 2021, 11:00 am

ഉപ്പയെ അവര്‍ തല്ലാന്‍ വരെ നോക്കി, മകളെ തത്ക്കാലത്തേക്ക് കൊണ്ടുനടക്കുകയാണെന്ന് പറഞ്ഞത് ഉപ്പയ്ക്ക് സഹിച്ചില്ല; സ്ത്രീധനത്തിന്റെ പേരില്‍ നേരിട്ടത് കൊടിയ പീഡനം; മൂസക്കുട്ടിയുടെ ആത്മഹത്യയില്‍ മകള്‍ ഹിബ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: വിവരിക്കാനാവാത്ത പീഡനമാണ് ഭര്‍ത്താവിന്റെ വീട്ടില്‍ താന്‍ അനുഭവിച്ചതെന്ന് മലപ്പുറത്ത് ആത്മഹത്യ ചെയ്ത മൂസക്കുട്ടിയുടെ മകള്‍ ഹിബ. ഒരച്ഛനും സഹിക്കാനാവാത്ത ക്രൂരമായ വാക്കുകളാണ് തന്റെ ഭര്‍ത്താവ് അബ്ദുള്‍ഹമീദ് പറഞ്ഞതെന്നും ഹിബ പറയുന്നു.

നിങ്ങളുടെ മുറ്റത്ത് റബ്ബര്‍ഷീറ്റും മറ്റും കണ്ടപ്പോള്‍ റബ്ബര്‍തോട്ടമുണ്ടൊന്നൊക്കെ കരുതിയാണ് മകളെ കെട്ടിയതെന്നും അല്ലാതെ മകളെ കണ്ടിട്ടല്ലെന്നുമായിരുന്നു അയാള്‍ ഉപ്പയോട് പറഞ്ഞത്. എന്നും മാനസികമായും ശാരീരികമായും അയാള്‍ എന്നെ ഉപദ്രവിക്കുമായിരുന്നു. ക്രൂരമായ മര്‍ദ്ദനമാണ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും നേരിട്ടത്.

വേലക്കാരിയെപ്പോലെയാണ് എന്നെ കണ്ടത്. അത്രയേറേ ജോലി ചെയ്യിപ്പിച്ചിട്ടുണ്ട്. സ്വര്‍ണം ഇത് പോര എന്ന് പറഞ്ഞ് എന്നെ ഇവിടെ കൊണ്ടുവിട്ടു. ഇതോടെ ഉപ്പ ഉമ്മയുടെ കയ്യിലും കഴുത്തിലുമുണ്ടായിരുന്ന സ്വര്‍ണം എനിക്ക് ഊരി നല്‍കി. ഒരാഴ്ചയ്ക്ക് ശേഷം ഞാന്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയി. ആ സ്വര്‍ണം അവരെ ഏല്‍പ്പിച്ചു. എന്നിട്ടും പണ്ടം പോരെന്ന് പറഞ്ഞ് വീണ്ടും ഉപദ്രവം തുടങ്ങി.

പത്ത് പവന്‍ കൂടി കൊണ്ടുവരണമെന്നായി ആവശ്യം. നിരന്തരമായി ഉപദ്രവമായിരുന്നു. ഒരുപാട് ആഗ്രഹിച്ചാണ് ഉപ്പ ഈ കല്യാണം നടത്തിയത്. എന്നിട്ടും അവിടെ ഞാന്‍ നേരിടുന്ന കാര്യങ്ങള്‍ അറിഞ്ഞാല്‍ ഉപ്പയ്ക്ക് സഹിക്കില്ല എന്നതുകൊണ്ട് പലതും ഞാന്‍ ഇവിടെ വന്ന് പറഞ്ഞിരുന്നില്ല. ഉറങ്ങാന്‍ പോലും അവര്‍ സമ്മതിച്ചിരുന്നില്ല. അടിക്കും, മൊട്ടുസൂചി കൊണ്ട് കുത്തും, പിന്നുകൊണ്ട് കുത്തും, എന്നെ ഇരിക്കാനോ കിടക്കാനോ സമ്മതിക്കില്ല.

പ്രസവിച്ചുകിടക്കുമ്പോള്‍ ഭര്‍ത്താവ് ഇവിടെ വന്ന് ഉപ്പയോട് സ്വര്‍ണം തന്നത് പോരെന്നും പത്ത് പവന്‍ കൂടി നല്‍കാതെ എന്നെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകില്ലെന്നും പറഞ്ഞു. ഒരു കുട്ടി ഉണ്ടായാല്‍ സന്തോഷിക്കുകയല്ലേ വേണ്ടത് എന്ന് ഉപ്പ പറഞ്ഞപ്പോള്‍ നിങ്ങള്‍ എന്താണ് കരുതിയത് നിങ്ങളുടെ മകളെ താത്ക്കാലത്തേക്ക് അഡ്ജസ്റ്റ്‌മെന്റിന് കൊണ്ടുനടക്കുകയാണെന്നാണ് അയാള്‍ പറഞ്ഞത്. അത് എന്റെ ഉപ്പയ്ക്ക് താങ്ങാന്‍ കഴിഞ്ഞില്ല.

പൈസയൊന്നും ഉണ്ടായിട്ടല്ല, എങ്കിലും അത്യാവശ്യം നന്നായി തന്നെയാണ് ഉപ്പ എന്റെ കല്യാണം നടത്തിയത്. തത്ക്കാലത്തേക്ക് കൊണ്ടുനടക്കുകയാണെന്നൊക്കെ കേട്ടപ്പോള്‍ ഉപ്പയ്ക്ക് അത് താങ്ങാനായില്ല. ഉപ്പയെ അവര്‍ തല്ലാന്‍ വരെ നോക്കി. 10 പവന്‍ തന്നില്ലെങ്കില്‍ വേറെ ആള്‍ക്ക് കെട്ടിച്ചുകൊടുത്തോ എന്നൊക്കെ പറഞ്ഞാണ് അവര്‍ പോയത്, ഹിബ പറയുന്നു.

കഴിഞ്ഞ മാസം 23നാണ് മൂസക്കുട്ടി തന്റെ വീടിന് സമീപമുള്ള റബ്ബര്‍ തോട്ടത്തില്‍ ആത്മഹത്യ ചെയ്യുന്നത്. മകളെ ഭര്‍തൃവീട്ടുകാര്‍ ഉപദ്രവിക്കുന്നതിലുള്ള ദുഃഖം വീഡിയോയായി ചിത്രീകരിച്ച ശേഷമായിരുന്നു ഇദ്ദേഹം ആത്മഹത്യ ചെയ്തത്.

”മകളെ ഭര്‍ത്താവ് അബ്ദുള്‍ ഹമീദ് ക്രൂരമായി പീഡിപ്പിക്കുന്നു. എന്റെ വേദന കേരളം ഏറ്റെടുക്കണം. പത്ത് പവന്‍ നല്‍കാതെ മകളെ വേണ്ടെന്ന് ഭര്‍ത്താവ് പറയുന്നു” എന്നാണ് മൂസക്കുട്ടി വീഡിയോയില്‍ പറയുന്നത്.

2020 ജനുവരി 12നാണ് മൂസക്കുട്ടിയുടെ മകള്‍ ഹിബയും ഒതായി തെഞ്ചേരി സ്വദേശി അബ്ദുള്‍ ഹമീദും വിവാഹിതരായത്. അന്നുമുതല്‍ സ്ത്രീധനം കുറഞ്ഞെന്നു പറഞ്ഞുള്ള പീഡനം താന്‍ നേരിടേണ്ടി വന്നിരുന്നുവെന്ന് ഹിബ പറഞ്ഞിരുന്നു.

വിവാഹ സമയത്തുള്ള 18 പവന്‍ സ്വര്‍ണാഭരണങ്ങള്‍ പോരെന്ന് പറഞ്ഞപ്പോള്‍ ആറ് പവന്‍ വീണ്ടും മൂസക്കുട്ടി നല്‍കി. അതും പോരെന്നും പത്ത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കൂടി കൊടുത്താലേ പ്രസവിച്ചു കിടക്കുന്ന ഹിബയേയും കുഞ്ഞിനേയും വീട്ടിലേക്ക് കൊണ്ടുപോകുകയുള്ളൂവെന്നും പറഞ്ഞ് അബ്ദുള്‍ ഹമീദ് ഹിബയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു. ഹിബയുടെ പരാതിയില്‍ നിലമ്പൂര്‍ പൊലീസ് അബ്ദുള്‍ ഹമീദിനും മാതാപിതാക്കള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Malappuram Father Suicide Issue Daughter Hiba Comment

Latest Stories

We use cookies to give you the best possible experience. Learn more