മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരളയില്‍ മലപ്പുറം എഫ്.സിയും തൃശൂര്‍ മാജിക് എഫ്.സിയും തമ്മില്‍ നടന്ന മത്സരം സമനിലയില്‍ പിരിഞ്ഞു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകള്‍ക്കും ഗോളടിക്കാനായില്ല. ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട തൃശൂര്‍ ഇന്നലെ ആദ്യ പോയന്റ് സ്വന്തമാക്കി. മൂന്ന് കളിയില്‍ നിന്ന് മലപ്പുറത്തിന് നാല് പോയന്റുണ്ട്.
ഗോള്‍ കീപ്പര്‍ സ്ഥാനത്ത് ടെന്‍സിന്‍, മുന്നേറ്റനിരയില്‍ ബുജൈര്‍ എന്നിവരെ ആദ്യ ഇലവനില്‍ കൊണ്ടുവന്നാണ് കോച്ച് ജോണ്‍ ഗ്രിഗറി ഇന്നലെ മലപ്പുറം ഇലവനെ കളത്തിലിറക്കിയത്. സ്പാനിഷ് താരം പെഡ്രോക്കൊപ്പം ഫസലു റഹ്‌മാനും ആതിഥേയരുടെ മുന്നേറ്റനിരയില്‍ ഇറങ്ങി. ബ്രസീല്‍ താരങ്ങളായ ലൂക്കാസ്, മൈല്‍സണ്‍ എന്നിവരെ പ്രതിരോധം ഏല്‍പ്പിച്ചാണ് തൃശൂര്‍ ടീം തന്ത്രങ്ങള്‍ മെനഞ്ഞത്.
തുടക്കം മുതല്‍ തകര്‍ത്തു കളിച്ച മലപ്പുറത്തിന്റെ 14ാം നമ്പര്‍ താരം ബുജൈര്‍ പത്താം മിനിട്ടില്‍ പറത്തിയ ബുള്ളറ്റ് ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോകുന്നത് കണ്ടാണ് ആരാധകര്‍ നിറഞ്ഞ മഞ്ചേരി സ്റ്റേഡിയം കളിയിലേക്ക് ഉണര്‍ന്നത്. ആദ്യ അരമണിക്കൂറിനിടെ നിര്‍ണായകമായ ഫ്രീകിക്കുകള്‍ നേടിയെടുക്കാന്‍ തൃശൂരിന് കഴിഞ്ഞെങ്കിലും രണ്ടുതവണയും ലൂക്കാസിന്റെ ശ്രമങ്ങള്‍ക്ക് ലക്ഷ്യബോധം ഉണ്ടായിരുന്നില്ല.
35ാം മിനിറ്റില്‍ തൃശൂര്‍ നായകന്‍ സി.കെ. വിനീതിന് തുറന്ന അവസരം കൈവന്നിരുന്നു. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ പന്തിലേക്ക് ഓടിയെത്താന്‍ താരത്തിന് കഴിഞ്ഞില്ല. 40ാം മിനിട്ടില്‍ മലപ്പുറത്തിന്റെ ശ്രമം ബാറില്‍ തട്ടി തെറിച്ചതോടെ ആദ്യപകുതി ഗോള്‍ രഹിതമായി അവസാനിച്ചു.
രണ്ടാംപകുതിയുടെ തുടക്കം മുതല്‍ ഇരു സംഘങ്ങളും ഗോളിനായി ആഞ്ഞുശ്രമിച്ചതോടെ കളി ആവേശകരമായി. 57ാം മിനിട്ടില്‍ നന്നായി കളിച്ച ബുജൈറിനെ പിന്‍വലിച്ച് മലപ്പുറം റിസ്‌വാന്‍ അലിയെ കൊണ്ടുവന്നു. അഭിജിത്ത്, ജസീല്‍ എന്നിവരെയിറക്കി തൃശൂരും ആക്രമണത്തിന് മൂര്‍ച്ചകൂട്ടി. 71ാം മിനിട്ടില്‍ തൃശൂരിന്റെ കോര്‍ണര്‍ വഴിയുള്ള ആക്രമണത്തിന് ക്രോസ് ബാര്‍ വിലങ്ങായി.