കോഴിക്കോട്: മലപ്പുറത്ത് പി.ഡി.പി തയ്യാറാക്കിയ പ്രചരണ വീഡിയോയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച ജില്ലാ കലക്ടര്‍ക്കെതിരെ പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി. ഫാഷിസം എന്ന വാക്കുച്ചരിക്കുന്നത് തടയാന്‍ കലക്ടര്‍ക്ക് എന്തവകാശമെന്ന് മഅ്ദനി ചോദിച്ചു.
ആ വീഡോയിയില്‍ ഒരു രാഷ്ട്രീയ നേതാവിനേയും പേരെടുത്ത് വിമര്‍ശിക്കുകയോ ഏതെങ്കിലും മതവിഭാഗങ്ങളെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളെയോ വിമര്‍ശിക്കുന്നില്ലെന്നും ഫാഷിസം എന്ന വാക്ക് പറയാന്‍ പാടില്ല എന്ന് നിര്‍ദേശിക്കാന്‍ ഒരു കലക്ടര്‍ക്ക് അവകാശമുണ്ടോ എന്നത് ഈ തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യപ്പെടണമെന്നും മഅ്ദനി പറഞ്ഞു. ഫാഷിസം എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ പോലും ഹിന്ദുഫാഷിസം എന്ന വാക്ക് ഒരിടത്ത് പോലും ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഫാഷിസം’ എന്ന വാക്ക് ആ വിഡിയോയില്‍ ഉപയോഗിക്കുന്നു എന്നാണ് വിഡിയോ പ്രദര്‍ശനത്തിന് അനുമതി നിഷേധിക്കുന്നതിന് കലക്ടര്‍ കാരണമായി പറഞ്ഞത്. ആ വാക്കുപയോഗിക്കാന്‍ പാടില്ല എന്നാണ് നിര്‍ദേശം. പി.ഡി.പി സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രികസമര്‍പ്പിക്കുന്ന സമയത്ത് ഒട്ടും സുഖകരമല്ലാത്ത ചില സമീപനങ്ങള്‍ കലക്ടറുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. അങ്ങനെ ചെയ്തത് ശരിയാണോ എന്ന് അദ്ദേഹം സ്വയം പരിശോധിക്കണം. പക്ഷേ, ഐ.എ.എസുകാരനായ അദ്ദേഹംഫാഷിസം എന്ന വാക്കിന്റെ അര്‍ഥവും ആശയവും മനസ്സിലാക്കിയിരിക്കാന്‍ സാധ്യതയുള്ളയാളാണെന്നും മഅ്ദനി ഫേസ്ബുക്കിലിട്ട വിഡിയോയില്‍ പറഞ്ഞു.
ഫാഷിസത്തിനെതിരെ അതിശക്തമായ ശബ്ദം മുഴക്കി എന്നതുകൊണ്ടാണ് ഞാന്‍ ഇത്രയും കാലം നിരന്തരമായ പീഡനങ്ങളും വിഷമങ്ങളും അനുഭവിക്കേണ്ടിവന്നതും എന്റെ ഒരവയവം നഷ്ടപ്പെട്ടതുമൊക്കെ. ഇനിയിപ്പോള്‍ ഒരു കലക്ടര്‍ പറഞ്ഞതുകൊണ്ട് ഫാഷിസം എന്ന വാക്ക് ഉപയോഗിക്കാതിരിക്കാന്‍ കഴിയില്ല’. മഅ്ദനി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ഫാഷിസ്റ്റ് എന്നീ വാക്കുകളുള്ളതിന്റെ പേരില്‍ പി.ഡി.പി തയ്യാറാക്കിയ പ്രചരണ വിഡിയോയ്ക്ക് ജില്ലാ കളക്റ്റര്‍ അമിത് മീണ പ്രദര്‍ശനാനുമതി നിഷേധിച്ചത്. കലക്ടറുടെ നടപടിയ്‌ക്കെതിരെ പ്രതിഷേധിച്ച അഞ്ച് പി.ഡി.പി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. മഅദനിയുടെ സന്ദേശമുള്‍പ്പടെ 45 മിനിറ്റ് വിഡിയോയായിരുന്നു പി.ഡി.പി തയ്യാറാക്കിയിരുന്നത്.
ഫാസിസ്റ്റ് പ്രയോഗം ഒഴിവാക്കണം, ഫാഷിസം എന്ന പ്രയോഗം ഒഴിവാക്കണം, ക്ഷേത്രത്തിന് മുന്നിലും ഹിന്ദുമതത്തോടും എന്നീ പ്രയോഗങ്ങള്‍ ഒഴിവാക്കണം, അസ്വസ്ഥതയുളവാക്കുന്ന കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് കാരണമാകുന്നു, എന്നീ അഞ്ച് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അഞ്ച് വീഡിയോയ്ക്ക് അനുമതി നിഷേധിച്ചത്.