മലപ്പുറം: ജില്ലയില്‍ വീണ്ടും സദാചാര ആക്രമണം. പെണ്‍കുട്ടിയ്ക്ക് വാട്‌സാപ്പില്‍ സന്ദേശമയച്ചെന്നാരോപിച്ചാണ് ഒരു സംഘമാളുകള്‍ സല്‍മാനുല്‍ ഹാരിസ് എന്ന യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്.
മര്‍ദ്ദനത്തിന് പിന്നാലെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു. മലപ്പുറം തിരൂരിനടുത്ത് ചെറിയമുണ്ടത്താണ് സദാചാര പൊലീസ് ചമഞ്ഞ് യുവാവിന് നേരെ ആക്രമണം ഉണ്ടായത്.
ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം.
ടൂ വീലറില്‍ പോകുകയായിരുന്ന യുവാവിനെ തടഞ്ഞ് വെച്ച് മാരകായുധങ്ങളുമായിട്ടായിരുന്നു ആക്രമണം. ഇയാളോട് മാസ്‌ക് മാറ്റാന്‍ ആവശ്യപ്പെട്ട് വണ്ടിയിലിരുത്തി തന്നെ വടിയും മറ്റുമായി അടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
തനിക്ക് മര്‍ദ്ദനമേറ്റ കാര്യം യുവാവ് വീട്ടില്‍ പറഞ്ഞിരുന്നില്ല. ശാരീരിക അവശതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇതിന് പിന്നാലെയാണ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് കുടുംബത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
സല്‍മാനുല്‍ ഹാരിസിന്റെ അമ്മ സുഹ്‌റ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന മകനെയാണ് ആക്രമിച്ചതെന്ന് സുഹ്‌റ പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.
ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സദാചാര ആക്രമണം ഉണ്ടാകുന്നത്. ആഗസ്റ്റ് 14 നാണ് സദാചാര ആക്രമണത്തില്‍ മനംനൊന്ത് അധ്യാപകനും കലാസംവിധായകനുമായ സുരേഷ് ചാലിയം ആത്മഹത്യ ചെയ്തത്.
ഒരു സ്ത്രീയുമായി വാട്‌സാപ്പില്‍ ചാറ്റ് ചെയ്‌തെന്നാരോപിച്ച് കഴിഞ്ഞ ദിവസം ഒരു കൂട്ടം ആളുകള്‍ സുരേഷിനെ വീട്ടിലെത്തി ആക്രമിച്ചിരുന്നു.
സുരേഷിനെ മര്‍ദ്ദിച്ച ശേഷം അക്രമിസംഘം വലിച്ചിഴച്ച് കൊണ്ടുപോവുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തിരുന്നെന്നും അമ്മയുടെയും മക്കളുടെയും കണ്‍മുന്നില്‍ വച്ച് മര്‍ദ്ദിച്ച വിഷമത്തിലായിരുന്നു സുരേഷെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടലാഴം,സൂരൃകാന്തിപ്പാടം തുടങ്ങിയ സിനിമകളുടെ കലാസംവിധായകനായിരുന്നു സുരേഷ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Malappuram Dishonor Attack Tirur