ഡി.സി.സി പുനസംഘടനയെച്ചൊല്ലി സംസ്ഥാന കോണ്‍ഗ്രസില്‍ കലാപം കൊടുമ്പിരി കൊള്ളുകയാണ്. കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങള്‍ക്കിടയിലും മലപ്പുറത്ത് വി.എസ്. ജോയ് എന്ന 36-കാരനെ പാര്‍ട്ടിയെ നയിക്കാന്‍ തെരഞ്ഞെടുത്ത് ശ്രദ്ധേയമായിരുന്നു. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഡി.സി.സി അധ്യക്ഷനാണ് പോത്തുകല്ല് സ്വദേശിയായ വി.എസ്. ജോയ്. സ്‌കൂള്‍ ലീഡറായി തുടങ്ങിയ രാഷ്ട്രീയ ജീവിതം ജില്ലാ അധ്യക്ഷനിലെത്തി നില്‍ക്കുമ്പോള്‍ തന്റെ നിലപാടും പാര്‍ട്ടിയുടെ ഭാവി പരിപാടികളും പങ്കുവെക്കുകയാണ് ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെ വി.എസ്. ജോയ്.
ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയിലാണ് പാര്‍ട്ടിയെ നയിക്കാന്‍ താരതമ്യേന പ്രായം കുറഞ്ഞ താങ്കളെ നിയോഗിക്കുന്നത്. എന്തുതോന്നുന്നു?
വളരെ സന്തോഷമുണ്ട്. സംഘടനാപരമായി ഭാരിച്ച ഉത്തരവാദിത്തമാണ്. ചെറുപ്പക്കാരെ സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരണം എന്നത് രാഹുല്‍ ഗാന്ധിയുടെ തീരുമാനമാണ്. അദ്ദേഹത്തിന്റെ പാര്‍ലമെന്റ് മണ്ഡലം കൂടി ഉള്‍പ്പെടുന്ന ജില്ലയാണ് മലപ്പുറം.
36-ാമത്തെ വയസില്‍ എ.കെ. ആന്റണി കേരളത്തിന്റെ മുഖ്യമന്ത്രിയായിട്ടുണ്ട്. 27-ാമത്തെ വയസില്‍ രമേശ് ചെന്നിത്തല മന്ത്രിയായിട്ടുണ്ട്. പക്ഷെ അടുത്തകാലത്ത് യുവാക്കള്‍ക്ക് അവസരം കുറഞ്ഞിരുന്നു. ഇപ്പോള്‍ തലമുറ കൈമാറ്റത്തിന്റെ മുദ്രാവാക്യം മുഴങ്ങിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് പാര്‍ട്ടി ഈയൊരു ഉത്തരവാദിത്തം ഏല്‍പ്പിക്കുന്നത്.
മലപ്പുറത്ത് കോണ്‍ഗ്രസിന്റെ സ്വാധീനകേന്ദ്രങ്ങളില്‍ ഒന്നാണ് നിലമ്പൂരും പോത്തുകല്ലും. ജില്ലയുടെ പൊതുചിത്രത്തില്‍ യു.ഡി.എഫില്‍ പ്രബല കക്ഷി ലീഗാണ്. മുന്നണി സമവാക്യങ്ങളില്‍ ആര്യാടന്‍ മുഹമ്മദിന്റെ കാലത്തൊക്കെ ലീഗുമായി നിരന്തരം ഉരസലുകളുണ്ടായിരുന്നു. ലീഗ് നേതാക്കളുമായുള്ള ബന്ധം എങ്ങനെയാണ്?
മുന്നണി ബന്ധം കുറച്ചുകൂടി ഊഷ്മളമായി കൊണ്ടുപോകും. രാജ്യത്തിന്റെ പ്രത്യേക സാഹചര്യം മുന്‍നിര്‍ത്തിയുള്ള ഇടപെടലുകളുണ്ടാകും. ഫാസിസത്തിനെതിരായി എല്ലാവരും ഒരുമിച്ച് അണിനിരക്കേണ്ട ഒരു സന്ദര്‍ഭമാണിത്. മുന്നണി ബന്ധത്തില്‍ വന്നിട്ടുള്ള അവസാനത്തെ അസ്വാരസ്യവും പരിഹരിച്ചുകൊണ്ട് മുന്നോട്ടുപോകും.
ജില്ലയില്‍ നാല് സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. അതില്‍ മൂന്ന് സീറ്റിലും ഇത്തവണയും തോറ്റു. ഇത് മുന്നില്‍ക്കണ്ട് എന്ത് പ്രവര്‍ത്തനമാണ് നടത്താനുദ്ദേശിക്കുന്നത്?
സംഘടനാപരമായ വീഴ്ചയും പോരായ്മയുമാണ് ജില്ലയിലെ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്നത്. സംഘടനാ പോരായ്മ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈക്കമാന്റ് ഇത്തരത്തിലൊരു പ്രക്രിയ ആരംഭിച്ചിട്ടുള്ളത്. കെ.പി.സി.സി തന്നെ അയല്‍ക്കൂട്ട കമ്മിറ്റികള്‍ പോലുള്ള ഒരുപാട് പരിപാടികള്‍ വിഭാവനം ചെയ്യുകയാണ്.
മലപ്പുറം ജില്ലയില്‍ സംഘടന, സമരം, സേവനം എന്നീ മൂന്ന് മുദ്രാവാക്യങ്ങളില്‍ അധിഷ്ഠിതമായിട്ട് മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ചാരിറ്റി തലത്തില്‍ക്കൂടി കോണ്‍ഗ്രസിനെ കൈപിടിച്ചുയര്‍ത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളുണ്ടായിരിക്കും.
വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ലഭിക്കാത്ത സാഹചര്യമുണ്ട്. ഹയര്‍സെക്കണ്ടറി സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. തെക്കന്‍ കേരളത്തില്‍ സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുമ്പോള്‍ ഇവിടെ സീറ്റ് ഇല്ല. അത്തരം വിഷയങ്ങളിലൊക്കെ ക്രിയാത്മകമായി ഇടപെടും.
ഗ്രൂപ്പില്ലാതെയാണ് താങ്കള്‍ കെ.എസ്.യു. ഭാരവാഹിയാകുന്നത്. പിന്നീട് എ ഗ്രൂപ്പിന്റെ ഭാഗമായി. എ ഗ്രൂപ്പില്‍ തന്നെയാണോ ഇപ്പോഴും?
ഇപ്പോഴും ഗ്രൂപ്പിന്റെ ഭാഗം തന്നെയാണ്. ഡി.സി.സി അധ്യക്ഷനായി കഴിഞ്ഞാല്‍ പിന്നെ ഗ്രൂപ്പ് കേന്ദ്രീകരിച്ചായിരിക്കില്ല പ്രവര്‍ത്തനം. കോണ്‍ഗ്രസില്‍ തീര്‍ച്ചയായും ചേരികളുണ്ട്. ആ ചേരികളുടെ ഭാഗമായി നിലപാട് എടുക്കേണ്ടി വന്നിട്ടുണ്ട്.
ഡി.സി.സി പ്രസിഡന്റ് എന്ന ഉത്തരവാദിത്തം ഗ്രൂപ്പിന് അതീതമായുള്ള ഉത്തരവാദിത്തമാണ്. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകുക എന്നുള്ള ഉത്തരവാദിത്തമാണ് ഇപ്പോഴുള്ളത്.
ഡി.സി.സി അധ്യക്ഷന്‍മാരെ നിയോഗിച്ചത് മുതല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ ഇടഞ്ഞ് നില്‍ക്കുന്നു? കോണ്‍ഗ്രസില്‍ ഒരു പുതിയ ഗ്രൂപ്പ് രൂപപ്പെടുമോ?
കോണ്‍ഗ്രസില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളും ചേരികളുമൊക്കെ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. മഹാത്മാ ഗാന്ധിയുടെ കാലം തൊട്ടെ ഇത്തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. അത് കോണ്‍ഗ്രസിന്റെ ഒരു ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്. കോണ്‍ഗ്രസിന്റെ സൗന്ദര്യവുമാണ് ഗ്രൂപ്പുകള്‍.
പക്ഷെ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുപോകും. തീര്‍ച്ചയായും അത് അങ്ങനെ തന്നെ ആയിരിക്കും.
പുനസംഘടനയെ ന്യായീകരിച്ച് കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും പറയുന്നത് കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുകള്‍ക്ക് മുന്‍ഗണന ഉണ്ടാകില്ല എന്നാണ്. ഗ്രൂപ്പ് ഇല്ലാതെ കോണ്‍ഗ്രസിന് മുന്നോട്ടുപോകാനാകുമോ?
തീര്‍ച്ചയായും കഴിയും. കോണ്‍ഗ്രസ് ഒരു പ്രതിസന്ധിയെ നേരിടുകയാണ്. ആ സമയത്ത് എല്ലാവരും ഒറ്റക്കെട്ടായി ഒരുമിച്ച് നിന്നാലെ മുന്നോട്ടുപോകാന്‍ കഴിയുള്ളൂ. അഭിപ്രായവ്യത്യാസം മാറ്റിവെച്ച് ഒരുമിച്ച് പോകണം. നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ് കോണ്‍ഗ്രസ്.
വനിതാ പ്രാതിനിധ്യം ഒട്ടുമില്ലാതെയാണ് ഡി.സി.സി അധ്യക്ഷന്‍മാരെ നിയോഗിച്ചിട്ടുള്ളത്. എന്ത് സന്ദേശമാണ് ഇത് സമൂഹത്തിന് നല്‍കുന്നത്?
കഴിഞ്ഞ തവണ അധ്യക്ഷ സ്ഥാനത്ത് ഒരു വനിതയെ നിയോഗിച്ചിരുന്നു. മുന്‍വര്‍ഷങ്ങളിലും പലപ്പോഴായി വനിതകളെ ഡി.സി.സി നേതൃത്വത്തിലേക്ക് കൊണ്ടുവന്നിരുന്നു. സ്ഥിരമായിട്ട് ഉണ്ടായിട്ടില്ല എന്നത് ഒരു വസ്തുതയാണ്. പക്ഷെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ഒരു ജില്ലാ സെക്രട്ടറി പോലും വനിതകളായിട്ടില്ല. സി.പി.ഐ.എമ്മോ ബി.ജെ.പിയോ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടില്ല.
കോണ്‍ഗ്രസില്‍ മാത്രമാണ് വനിതകള്‍ക്ക് അത്തരമൊരു പ്രാധാന്യമോ പ്രാതിനിധ്യമോ കൊടുത്തിട്ടുള്ളത്. പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റ് തന്നെ വനിതയാണ്. ഇത്തവണയും വനിതകളെ ഉള്‍പ്പെടുത്തണമെന്ന ചര്‍ച്ചകളൊക്കെ ഉണ്ടായിരുന്നു.
എല്ലാ സംസ്ഥാനങ്ങളിലും അങ്ങനെ തന്നെയാണ്. ഇവിടെ ജില്ലകളുടെ എണ്ണം കുറവായത് കൊണ്ടാണ് പരിഗണിക്കാന്‍ കഴിയാതെ പോയത്. പക്ഷെ മറ്റ് സംസ്ഥാനങ്ങളിലൊക്കെ നല്ല രീതിയില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം കൊടുക്കാറുണ്ട്.
വനിതകളെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഗൗരവമായി കോണ്‍ഗ്രസ് ആലോചിച്ചിരുന്നു. രണ്ട്, മൂന്ന് ജില്ലകളില്‍ ലിസ്റ്റുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇവിടെ ചര്‍ച്ചയങ്കിലും ഉണ്ടല്ലോ. മറ്റ് പാര്‍ട്ടികളില്‍ അതുപോലുമില്ല.
മലപ്പുറം ജില്ലയ്‌ക്കെതിരെ സംഘപരിവാര്‍ പ്രൊഫൈലുകളും കേന്ദ്രസര്‍ക്കാര്‍ തന്നെയും നിരന്തരം വിദ്വേഷപ്രചരണങ്ങള്‍ നടത്താറുണ്ട്. അതിലെ ഒടുവിലത്തെ ഉദാഹരമാണ് മലബാര്‍ സമരം സ്വാതന്ത്ര്യസമരമല്ല എന്നും വാരിയന്‍കുന്നനും ആലി മുസ്‌ലിയാരും സ്വാതന്ത്ര്യസമരസേനാനികളല്ല എന്നുമുള്ള പ്രചരണം. ജില്ലയ്‌ക്കെതിരായ ഇത്തരം പ്രചരണങ്ങളെ മുന്‍പൊന്നും മലപ്പുറത്തെ കോണ്‍ഗ്രസ് നേതാക്കള്‍ വലിയ രീതിയില്‍ പ്രതികരിച്ച് കണ്ടിട്ടില്ല?
ഇനി അങ്ങനെ ഉണ്ടാകില്ല. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി യോഗം ചേര്‍ന്ന് അതിനെതിരായ പ്രചരണങ്ങള്‍ നടത്തും. അതിനെക്കുറിച്ച് ആലോചിട്ടുണ്ട്. സ്വാതന്ത്രസമരത്തിന്റെ ഭാഗമായും ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായും മഹാത്മാ ഗാന്ധിയും അലി സഹോദരന്‍മാരുമുണ്ടാക്കിയ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായും രൂപം കൊണ്ടതാണ് മലബാര്‍ സമരം.
ആ സമരത്തില്‍ പങ്കെടുത്ത ആലി മുസ്‌ലിയാരും നേതൃത്വം കൊടുത്ത വാരിയന്‍കുന്നനുമൊക്കെ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി അഭേദ്യമായ ബന്ധമുള്ളവരായിരുന്നു. വാരിയന്‍കുന്നന്‍ ബോംബെയിലെ പ്രവാസ ജീവിതത്തിനിടെ ഗാന്ധിയുടെ രാഷ്ട്രീയങ്ങളില്‍ ആകൃഷ്ടനായി തിരികെ കേരളത്തിലെത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകനായി. മഞ്ചേരി രാമയ്യര്‍ എന്ന് പറയുന്ന കോണ്‍ഗ്രസ് നേതാവിന്റെ കൈയില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ച് 1920 ല്‍ മഞ്ചേരിയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്ത ആളാണ് അദ്ദേഹം.
ആലി മുസ്‌ലിയാര്‍, മഹാത്മാ ഗാന്ധിയും അലി സഹോദരന്‍മാരും പങ്കെടുത്ത കോഴിക്കോട്ടെ ഖിലാഫത്ത് പ്രസ്ഥാനത്തില്‍ പങ്കെടുത്തിട്ടുണ്ട്. നാലായിരം ആളുകളുടെ റാലി നയിച്ചാണ് അദ്ദേഹം അന്ന് അവിടെ എത്തിയത്.
ഇവരെല്ലാം ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാണ്. മലബാര്‍ സമരത്തിന്റെ ഭാഗമായി ഒറ്റപ്പെട്ട ചില പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ഏത് വലിയ സമരത്തിന്റെ ഭാഗമായും ഉണ്ടാകും. അതിന്റെ പേരില്‍ ഈ സമരത്തെ ഒരു കലാപമായിരുന്നു എന്ന തരത്തില്‍ ചിത്രീകരിക്കുന്നത് ശരിയല്ല.
തീര്‍ച്ചയായും ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായി മുന്നോട്ടുപോകും.
കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പുറത്തായിട്ട് അഞ്ച് വര്‍ഷത്തിലേറെയായി. നിരവധി നേതാക്കള്‍ പാര്‍ട്ടി വിടുന്നു. നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളിലും പ്രശ്‌നങ്ങളാണ്. സംഘപരിവാര്‍ ഭരിക്കുന്ന ഇന്ത്യയില്‍ എന്ത് ഫോര്‍മുലയാണ് കോണ്‍ഗ്രസിനെ രക്ഷിക്കുമെന്ന് കരുതുന്നത്?
ഇന്ത്യയുടെ രാഷ്ട്രീയ ചക്രവാളത്തില്‍ വലിയൊരു മാറ്റം പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. പ്രശാന്ത് കിഷോര്‍ ഉള്‍പ്പടെയുള്ള രാഷ്ട്രീയ തന്ത്രജ്ഞര്‍ രാഹുല്‍ ഗാന്ധിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യപ്പെടുന്നുണ്ട്. മമതാ ബാനര്‍ജി, സോണിയാ ഗാന്ധിയെ നേരിട്ട് കണ്ട്ു. വലിയൊരു മുന്നേറ്റം ഇന്ത്യാ രാജ്യത്ത് നടക്കുന്നുണ്ട്.
ഇന്ത്യയുടെ പ്രബല സംസ്ഥാനങ്ങളില്‍ ഉത്തര്‍പ്രദേശും ബീഹാറുമൊഴിച്ച് പലയിടത്തും ബി.ജെ.പി ഇതര കക്ഷികള്‍ ഭരിക്കുകയാണ്. പലയിടങ്ങളിലും കോണ്‍ഗ്രസ് അധികാരത്തിലുണ്ട്. മറ്റിടങ്ങളില്‍ കോണ്‍ഗ്രസ് സഖ്യകക്ഷികളാണ്. കോണ്‍ഗ്രസിന് ഇപ്പോഴും സാധ്യതയുണ്ട്, അതില്‍ തര്‍ക്കുമില്ല. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അതിന്റെ തയ്യാറാടെുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Malappuram DCC President VS Joy Congress Interview