| Tuesday, 19th May 2020, 12:29 pm

ചെന്നൈയില്‍ നിന്ന് മലപ്പുറത്തെത്തിയ ആളുകളെ ക്വാറന്റീന്‍ ചെയ്യുന്നതില്‍ വീഴ്ച; കടകളില്‍ കയറി ഭക്ഷണം വാങ്ങിയും ഓട്ടോ വിളിച്ച് വീടുകളിലേക്ക് പോയും യാത്രക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ചെന്നൈയില്‍ നിന്ന് വാഹനത്തില്‍ മലപ്പുറത്തെത്തിയ പത്തിലധികം പേരെ നിരീക്ഷണത്തിലാക്കുന്നതില്‍ വീഴ്ച. പത്തിലേറെ പേര്‍ മലപ്പുറം ടൗണില്‍ അരമണിക്കൂറിലേറെ സമയമാണ് ചിലവിട്ടത്. ടൂറിസ്റ്റ് ബസിലാണ് ഇവര്‍ എത്തിയത്. ചിലരെ ബന്ധുക്കള്‍ എത്തി കൂട്ടിക്കൊണ്ടുപോയെങ്കിലും വാഹനം ലഭിക്കാത്തവര്‍ കുന്നുമ്മല്‍ ബസ് സ്റ്റാന്‍ഡില്‍ മണിക്കൂറുകളോളം വാഹനത്തിനായി കാത്തുനില്‍ക്കുകയായിരുന്നു.

അതിന് ശേഷം ചിലര്‍ വെള്ളവും ഭക്ഷണവും വാങ്ങാന്‍ കടകളിലും മറ്റും പോയി. മാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം ഇവിടെ എത്തിയത്.

വാളയാറില്‍ നിന്ന് ടൂറിസ്റ്റ് ബസിലാണ് 12 പേര്‍ മലപ്പുറം ടൗണില്‍ ഇറങ്ങിയത്. ഇവര്‍ വീടുകളിലേക്ക് നേരെ എത്തിക്കോളമെന്നായിരുന്നു അറിയിച്ചത്.

ഇതില്‍ വീടുകളില്‍ നിന്നുള്ള വാഹനം എത്താത്തതോടെ ചിലര്‍ ഓട്ടോറിക്ഷ വിളിച്ച് വീട്ടില്‍ പോയി. ചെന്നൈയില്‍ നിന്ന് വന്നതാണെന്ന് അറിയാതെയാണ് ഓട്ടോക്കാരന്‍ ഇദ്ദേഹത്തെ വാഹനത്തില്‍ കൊണ്ടുപോയത്.

ഇത്തരത്തില്‍ പലരും പല സ്ഥലത്തേക്ക് വാഹനം വിളിച്ച് പോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൊവിഡിനെ പ്രതിരോധിക്കാനുള്ള എല്ലാ സംവിധാനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോഴാണ് വാളയാറില്‍ നിന്ന് എത്തിയ സംഘത്തെ വീടുകളില്‍ ക്വാറന്റീന്‍ ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more