| Tuesday, 17th March 2020, 3:28 pm

ദളപതി വിജയ്‌യുടെ മാസ്റ്ററില്‍ ഡ്രംസ് വായിച്ച മലപ്പുറത്തെ ചെക്കന്മാര്‍; വീഡിയോ

അശ്വിന്‍ രാജ്

കോഴിക്കോട്: കൈദിക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. തമിഴ്‌നാട്ടിലെ മാത്രമല്ല കേരളത്തിലെയും ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ്.

ചിത്രത്തിന് കേരളവുമായി ഒരു ബന്ധം കൂടിയുണ്ട്. മാസ്റ്ററിലെ പുറത്തുവന്ന വാത്തി ഗാനത്തിന് ഡ്രംസ് വായിച്ചിരിക്കുന്നത് മലപ്പുറത്തെ ഏതാനും യുവാക്കളാണ്. മലപ്പുറം ജില്ലയിലെ വെളിമുക്ക് ഗ്രാമത്തിലെ വി.എം.കെ ബാന്‍ഡാണ് ഗാനത്തിന് ഡ്രംസ് വായിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള വി.എം.കെ ബാന്‍ഡിന്റെ പ്രോഗ്രാം വീഡിയോയും മറ്റും കണ്ടിട്ടാണ് മാസ്റ്ററിന് സംഗീതമൊരുക്കുന്ന അനിരുദ്ധ് ഇവരെ ഗാനത്തിലേക്ക് തങ്ങളെ വിളിച്ചതെന്ന് വി.എം.കെ ബാന്‍ഡ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

2013ലാണ് തങ്ങള്‍ വിഎംകെ ബാന്‍ഡ് സംഘം ആരംഭിച്ചത്. അന്ന് കല്യാണം, ഉത്സവം തുടങ്ങിയ പരിപാടികളിലാണ് അധികവും ബാന്‍ഡ് കൊട്ടിയിരുന്നത്. തൃശ്ശൂരില്‍ നിന്നാണ് തങ്ങള്‍ക്ക് കൂടുതല്‍ പരിപാടികള്‍ ലഭിച്ചിരുന്നതെന്നും ഇവര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ചെന്നൈയിലേക്ക് റെക്കോര്‍ഡിങ്ങിന് പോകാനൊരുങ്ങിയ ദിവസം ട്രെയിന്‍ മിസ്സായി. പക്ഷേ പിന്നീട് അനിരുദ്ധിന്റെ ഓഫീസില്‍ നിന്ന് വിളിച്ച് കൊച്ചിയില്‍ ഒരു സ്റ്റുഡിയോയില്‍ ഇവരുടെ ഭാഗം റെക്കോര്‍ഡ് ചെയ്യുകയായിരുന്നു.

ഏറെ ആരാധിക്കുന്ന ദളപതിയുടെ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമായി കാണുന്നുവെന്നും ഇവര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

വാതി ഗാനം എന്ന് പേരിട്ടിരിക്കുന്ന ഗാനം ഒരു ഡപ്പാം കുത്ത് ഗാനമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ഗാനബാലചന്ദര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം.

വിജയും വിജയ് സേതുപതിയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. വിജയ്യുടെ 64ാമത് ചിത്രമാണിത്. ‘ദളപതി 64’ എന്ന പേരിലാണ് ചിത്രം ആഘോഷിക്കപ്പെടുന്നത്.

ചിത്രത്തില്‍ രവിചന്ദര്‍ ശന്തനു ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ കോളേജ് പ്രൊഫസറുടെ വേഷമാണ് വിജയ് ചെയ്യുന്നത്. ദല്‍ഹി, കര്‍ണ്ണാടക, ചെന്നൈ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണമുണ്ടായത്.

അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.