മലപ്പുറം: മലപ്പുറത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ.രാജു നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോടും നേരത്തെ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.
ആശങ്ക വേണ്ടെന്നും മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. അതേസമയം തിരുവനന്തപുരത്ത് കൊക്കുകള്‍ ചത്തത് പക്ഷിപ്പനി മൂലമല്ലെന്നും മന്ത്രി പറഞ്ഞു.
പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും. വീടുകളില്‍ ഒളിപ്പിച്ചുവെച്ച പക്ഷികളെ പിടികൂടി കൊല്ലുകയാണ് ചെയ്യുക. പരിശോധനയ്ക്ക് എത്തിയ കേന്ദ്രസംഘം ഇന്ന് വേങ്ങേരി സന്ദര്‍ശിക്കും.
പക്ഷികളെ പിടികൂടി കൊന്ന് കത്തിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ടം പൂര്‍ത്തിയായി. വേങ്ങേരി, വെസ്റ്റ് കൊടിയത്തൂര്‍ പ്രദേശങ്ങളിലെ വീടുകളില്‍ ഇന്ന് മുതല്‍ പ്രതിരോധ പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കും.
പക്ഷികളെ ഒളിപ്പിച്ചിട്ടുണ്ടെങ്കില്‍ പൊലീസ് സഹായത്തോടെ പിടികൂടി നശിപ്പിക്കുകയാണ് ചെയ്യുക. ഒപ്പം ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തും.
കൊവിഡ് 19 പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ആളുകളെ വിളിച്ചു വരുത്തി ബോധവത്കരണ പരിപാടികള്‍ നടത്താനാവില്ല. അതുകൊണ്ട് വീടുകള്‍ സന്ദര്‍ശിക്കുന്ന സംഘം തന്നെ ആരോഗ്യബോധവത്കരണം നടത്താനാണ് തീരുമാനം. വൃത്തിയാക്കിയ ഇടങ്ങള്‍ ഒന്നുകൂടി സന്ദര്‍ശിക്കും.