മതം, ശാസ്ത്ര വിരോധം, അവികസിത മനസ്സ്: മലപ്പുറത്തിന്റെ വാക്‌സിന്‍ വിരുദ്ധതയ്ക്ക് പിന്നില്‍ എന്തെല്ലാം?
Daily News
മതം, ശാസ്ത്ര വിരോധം, അവികസിത മനസ്സ്: മലപ്പുറത്തിന്റെ വാക്‌സിന്‍ വിരുദ്ധതയ്ക്ക് പിന്നില്‍ എന്തെല്ലാം?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th November 2017, 4:43 pm

പൊതുജനാരോഗ്യ പരിപാടിയുടെ ഭാഗമായി നടത്തുന്ന യാത്രകളും ക്ലാസ്സുകളും ഇത്രയും ഭീതി നിറഞ്ഞതാകുമെന്ന് ഡോക്ടര്‍ എം.പി അലി ഒരിക്കലും കരുതിയതല്ല. മീസില്‍സ്-റുബെല്ല വാക്‌സിന്‍ കുത്തിവെപ്പിനെതിരെ മലപ്പുറത്തും സമീപജില്ലകളിലും എതിര്‍പ്പുകളുണ്ടെങ്കിലും അത് ശാരീരിക അതിക്രമത്തിലേക്ക് നീങ്ങില്ലെന്നായിരുന്നു എല്ലാവരും കരുതിയത്.

എന്നാല്‍ നവംമ്പര്‍ 23ന് മലപ്പുറം ജില്ലയിലെ എടയൂര്‍ അത്തിപ്പറ്റ ഗവണ്‍മെന്റ് എല്‍.പി സകൂളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അതിക്രമം അധികൃതരെയും പൊതുജനാരോഗ്യപ്രവര്‍ത്തകരേയും അമ്പരപ്പിലാക്കുന്നു. സമ്പൂര്‍ണ്ണസാക്ഷരതാ യജ്ഞവും കുടുംബശ്രീ പദ്ധതിയും ഉള്‍പ്പെടെ രാജ്യത്തിന് അഭിമാനകരമായ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട മലപ്പുറത്ത് ജനകീയ ആരോഗ്യപ്രവര്‍ത്തനം അസാധ്യമാക്കുന്ന അവസ്ഥയിലേക്കാണ് വാക്‌സിന്‍ വിരുദ്ധ പ്രചാരണങ്ങള്‍ പോകുന്നതെന്ന് അവര്‍ ഭയക്കുന്നു.

“പ്രാഥമിക ബോധവത്കരണം കഴിഞ്ഞ് കുട്ടികള്‍ക്ക് കുത്തിവെപ്പ് തുടങ്ങിയപ്പോള്‍ മുപ്പതിലധികം പേര്‍ വരുന്ന സംഘം തടയാന്‍ ശ്രമിക്കുകയായിരുന്നു. ഡോക്ടര്‍ അലിക്ക് നേരെ വടിവാള്‍ വീശി. കൂടെ ഉണ്ടായിരുന്ന നഴ്‌സ് ശ്യാമളാബായിയുടെ കൈപിടിച്ചു തിരിച്ചു. ഫോണ്‍ എറിഞ്ഞുടച്ചു”. മലപ്പുറത്ത് ആരോഗ്യപ്രവര്‍ത്തനം അസാധ്യമാകുന്നുവെന്ന് കാണിച്ച് സംഭവത്തിന് ശേഷം മന്ത്രിക്കയച്ച കത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറയുന്നു. എം.ആര്‍ വാക്‌സിന്‍ ക്യാമ്പെയിന്‍ തിരിച്ചടി നേരിട്ടതോടെ മലപ്പുറത്തെ വാക്‌സിന്‍ വിരുദ്ധത വീണ്ടും സജീവ ചര്‍ച്ചാ വിഷയമാവുകയാണ്.

 

1260493 കുട്ടികള്‍ക്കായിരുന്നു വാക്‌സിന്‍ നല്‍കേണ്ടിയിരുന്നത്. ക്യാമ്പെയിന്‍ തീരുമാനിച്ചതില്‍ നിന്നും രണ്ട് തവണ നീട്ടി നല്‍കിയത് മലപ്പുറത്ത് അന്‍പത് ശതമാനം പോലും പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ്. എന്താണ് മലപ്പുറത്തെ വാക്‌സിന്‍ വിരുദ്ധതയ്ക്ക് പിന്നിലെ കാരണം. ഒറ്റനോട്ടത്തില്‍ മതപരമായ കാരണമാണെന്ന് തോന്നിയേക്കാം. മലപ്പുറത്തിന് പുറമേ മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള കോഴിക്കോട്, കണ്ണൂര്‍ ജില്ലകളും തുടക്കം മുതല്‍ എം.ആര്‍ വാക്‌സിന്‍ നല്‍കുന്നതില്‍ പിറകില്‍ നില്‍ക്കുന്ന ജില്ലകളായിരുന്നു. എന്നാല്‍ വയനാട്ടില്‍ കാര്യമായ എതിര്‍പ്പുകളുണ്ടായില്ല എന്നതും പരിശോധിക്കപ്പെടണം.

വാക്‌സിന്‍ എന്ന വാക്ക് മലപ്പുറത്തിന് അലര്‍ജിയാണെന്ന് പരിഹസിക്കുന്നവരുണ്ട്. വാക്‌സിനുകളോടുള്ള ആ ജില്ലയിലെ ഭൂരിപക്ഷത്തിനുള്ള എതിര്‍പ്പ് എല്ലാ വാക്‌സിന്‍ ക്യാമ്പെയില്‍ കാലത്തും മറനീക്കി പുറത്തു വരും. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ രോഗപ്രതിരോധരംഗത്ത് തിരിച്ചടി നേരിടുന്നത് കണക്കുകളില്‍ നിന്ന് വ്യക്തമാണ്. പ്രതിരോധ കുത്തിവെപ്പിലൂടെ തടയാവുന്ന രോഗങ്ങള്‍ മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അത് ജീവനെടുക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്ക് പ്രകാരം 6124 പേര്‍ക്കാണ് മലപ്പുറത്ത് മീസില്‍സ്(അഞ്ചാംപനി) പിടിപെട്ടത്. പതിനാറ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 270 പേര്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ രണ്ട് ജീവനുകള്‍ നഷ്ടമായി.

 

2010ല്‍ 1325 പേര്‍ക്കാണ് അഞ്ചാംപനി പിടിപെട്ടത്. ഏറ്റവും കൂടുതല്‍ മരണവും റിപ്പോര്‍ട്ട് ചെയ്തത് ആ വര്‍ഷമാണ്. ഏഴ് മരണം. 2008 മുതലുള്ള കണക്ക് പരിശോധിച്ചാല്‍ അറുപത്തിയഞ്ച് പേര്‍ക്കാണ് ടെറ്റനസ് ബാധിച്ചത്. ഇതില്‍ പതിമൂന്ന് പേര്‍ മരിച്ചു. കഴിഞ്ഞ വര്‍ഷം മൂന്ന് പേര്‍ക്ക് ടെറ്റനസ് ബാധിച്ചെങ്കിലും മരണമുണ്ടായില്ല. ഇതിനിടെ തന്നെയാണ് മലബാറില്‍ മൊത്തം ആശങ്ക വിതച്ച് ഡിഫ്തീരിയ പടര്‍ന്നത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലായിരുന്നു കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ മലപ്പുറത്ത്് കഴിഞ്ഞ വര്‍ഷം മാത്രം 216 പേര്‍ ഡിഫ്തീരിയയുടെ ലക്ഷണങ്ങളോടെ ചിക്തിസ തേടി. രണ്ട് പേര്‍ മരിച്ചു. പത്ത് വര്‍ഷത്തിനിടെ 341 പേര്‍ക്ക് ഡിഫ്തീരിയ പിടിപെട്ടപ്പോള്‍ പതിനൊന്ന് ജീവനുകള്‍ മരണത്തിന് കീഴടങ്ങി.

വാക്‌സിന്‍ വിരുദ്ധ പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്ന ജേക്കബ് വടക്കുഞ്ചേരി ആരോഗ്യവകുപ്പിന്റെ കണക്കുകളെ തള്ളിക്കളയുകയാണ്. “ഡിഫ്തീരിയ മരണങ്ങള്‍ പത്രക്കാര്‍ എഴുതിയതാണ്. ഡിഫ്തീരിയ സ്ഥിരീകരിച്ച റിപ്പോര്‍ട്ട് എവിടെയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുണ്ടോ. ഡിഫ്തീരിയയുടെ വാക്‌സിന്റെ ക്യാമ്പെയിന്‍ നടക്കുന്നതിന് മുന്നോടിയായി ഡിഫ്തീരിയ പ്രത്യക്ഷപ്പെടുന്നു.”

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ മോഹന്‍ദാസ് നായര്‍ ഇതിനെ തള്ളിക്കളയുന്നു. “ഇല്ലാത്ത രോഗം ഉണ്ടെന്ന് പറഞ്ഞ് ഭീതി പരത്തേണ്ട ആവശ്യം ആരോഗ്യവകുപ്പിനില്ല. ഡിഫ്തീരിയയെന്ന് പറഞ്ഞ കേസുകള്‍ രണ്ട് തരത്തിലുണ്ട്. ഒന്ന് ക്ലിനിക്കലി സസ്‌പെക്ട് ചെയ്യുന്നതും പ്രൂവ് ചെയ്തും ഉണ്ടാകും. ഈ കഴിഞ്ഞ എപ്പിഡമിക്കില്‍ കുറെയേറെ കേസുകള്‍ സസ്‌പെക്ട് ചെയ്തിട്ടുണ്ട്. നല്ലൊരു ശതമാനവും സ്ഥിരീകരിച്ചവയാണ്. ഡിഫ്തീരിയയുടെ രോഗാണുവിനെ തൊണ്ടയിലെ പാടയില്‍ നിന്ന് ഐസലേറ്റ് ചെയ്തിട്ടുണ്ട്. മാത്രമല്ല, അതില്‍ പല കുട്ടികള്‍ക്കും ഡിഫ്തീരിയയില്‍ കാണുന്ന പല ക്ലോബ്ലിക്കേഷനുകളും വന്നിട്ടുണ്ട്. ഉദാഹരണത്തിന് ഹാര്‍ട്ടിനെ ബാധിക്കുന്ന മയോകാര്‍ഡൈറ്റിസ്, ഹാര്‍ട്ട് ബ്ലോക്ക്, ചിലര്‍ക്ക് തൊണ്ടയിലെ പേശികള്‍ക്ക് ബലക്കുറവ്, കൈകാല്‍ തളര്‍ച്ച.

 

ടെക്സ്റ്റ്ബുക്കില്‍ എങ്ങനെയാണോ ഡിഫ്തീരിയ , അണുക്കള്‍, ക്ലോബ്ലിക്കേഷന്‍സ് എന്നിവയെക്കുറിച്ച് പറയുന്നതൊക്കെ ഈ കുട്ടികളില്‍ കണ്ടതാണ്. അല്ലാതെ ഇല്ലാത്ത രോഗം ഉണ്ടെന്ന് പറഞ്ഞ് ആളുകളെ ഭീതിയിലാക്കുന്നത് ഞങ്ങളുടെ ജോലിയല്ല. അതേസമയം വാക്‌സിനുകള്‍ക്ക് ഇല്ലാത്ത കോബ്ലിക്കേഷന്‍സ് ഉണ്ടെന്ന് പ്രചരിപ്പിച്ച് ഭീതിപടര്‍ത്തുന്നത് ജേക്കബ് വടക്കുംഞ്ചേരിയെ പോലുള്ളവരാണ് എന്നതാണ് വാസ്തവം.” ഫോറന്‍സിക് വിദഗ്ധനായ ഡോക്ടര്‍ പി.എസ് ജിനേഷും മലപ്പുറത്ത് ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തത് ഡിഫ്തീരിയയാണെന്ന് സ്ഥിരീകരിക്കുന്നു. ” ഡിഫ്തീരിയ അഥവാ തൊണ്ടമുളള് വന്ന് ശ്വാസം വലിക്കാന്‍ കഴിയാത്ത തരത്തില്‍ അടഞ്ഞു പോവുകയാണ്. അവിടെ നിന്ന് എടുക്കുന്ന സ്രവം പരിശോധിച്ച് രോഗം തെളിഞ്ഞാല്‍ ഡിഫ്തീരിയ സ്ഥിരീകരിക്കും. അങ്ങനെ സ്ഥിരീകരിച്ച കേസുകളാണ് ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റില്‍ ഉള്ളത്.”

ഡിഫ്തീരിയ ശക്തമായി തിരിച്ചു വന്ന സാഹചര്യത്തില്‍ 2015ല്‍ ആരോഗ്യവകുപ്പ് സര്‍വ്വെ നടത്തി. ഈ സര്‍വ്വെയില്‍ മലപ്പുറത്തെ വാക്‌സിനേഷന്‍ നിരക്ക് 72% ആണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തിയ സര്‍വ്വെയുടെ അടിസ്ഥാനത്തില്‍ വാക്‌സിനേഷന്‍ കാര്‍ഡ് സ്‌കൂള്‍ പ്രവേശനത്തിന് നിര്‍ബന്ധമാക്കുമെന്ന വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം എതിര്‍പ്പുകള്‍ക്കിടയാക്കി.

വാക്‌സിന്‍ വിരുദ്ധതയ്ക്ക് പിന്നിലാര്

നിര്‍മ്മാര്‍ജ്ജനം ചെയ്ത രോഗങ്ങള്‍ തിരിച്ചു വരുന്നതിനിടെയാണ് എം.ആര്‍ ക്യാമ്പെയിന്‍ എത്തുന്നത്. മീസില്‍സ് , റുബെല്ലാ രോഗങ്ങളെ തടയുന്നതിനായി വിവിധ രാജ്യങ്ങളിലായി നടത്തുന്ന ക്യാമ്പെയിന്‍ നടപ്പാക്കുകയെന്നത് മലപ്പുറത്ത് വെല്ലുവിളിയായി. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും സാമുദായിക നേതാക്കളായ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരും ആലിക്കുട്ടി മുസലിയാരും വാക്‌സിന്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും കാര്യമായ ചലനമുണ്ടാക്കിയില്ല. മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടറും എം.ആര്‍ ക്യാമ്പെയിനില്‍ സജീവമായി ഇടപെടുകയും ചെയ്യുന്ന ഡോക്ടര്‍ ഷിംന അസീസ് നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്.

ഡോക്ടര്‍ ഷിംന അസീസ് 

“പൊതുവെ ഡോക്ടര്‍മാര്‍ എന്ത് പറഞ്ഞാലും എതിര്‍ക്കുന്നവരാണ് മലപ്പുറത്തുകാര്‍. ഇതേ കമ്യൂണിറ്റിയാണ് ഖദീജ മുംതാസ് വാക്‌സിനെതിരെ പറഞ്ഞപ്പോള്‍ അതിനെ പൊക്കിപ്പിടിച്ച് നടക്കുന്നത്. ബര്‍സ എഴുതിയ കാലത്ത് അത് മുഹമ്മദ് നബിയെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് ബഹളം വെച്ചവാരാണ് ഖദീജ മുംതാസിന്റെ എഴുത്തിനെ പിന്തുണച്ചത്. അവര്‍ക്ക് വേണ്ടത് എന്താണോ അത് സ്വീകരിക്കുകയെന്ന നിലപാടാണ് മലപ്പുറത്തുള്ളവര്‍ക്ക്. സാമുദായിക നേതാക്കള്‍ വാക്‌സിനെ പിന്തുണച്ച് സംസാരിച്ചു. അവര്‍ക്ക് താല്പര്യമില്ലാത്ത കാര്യം പണ്ഡിതന്‍മാര്‍ പറഞ്ഞാലും കേള്‍ക്കില്ലെന്നതാണ് വിരോധാഭാസം.”

എന്നാല്‍ ഇത്തരത്തില്‍ മുസ്‌ലിം പണ്ഡിതന്‍മാരെ കൊണ്ട് ആഹ്വാനം ചെയ്യിച്ചതിനെ ജേക്കബ് വടക്കുഞ്ചേരി ചോദ്യംചെയ്യുന്നു. “സകല മുസ്‌ലിം പണ്ഡിതന്‍മാരെക്കൊണ്ടും വാക്‌സിനെടുക്കാന്‍ പറയിപ്പിച്ചില്ലേ ആരോഗ്യവകുപ്പ്. ആരാണ് വര്‍ഗ്ഗീയമായി കാര്യങ്ങള്‍ ചെയ്യുന്നതെന്ന് വ്യക്തമല്ലേ. ജനാധിപത്യ രാജ്യത്ത് പദ്ധതി സുതാര്യമായി ജനങ്ങള്‍ക്ക് മുന്നില്‍ വെക്കുകയാണ് വേണ്ടത്. ജനങ്ങള്‍ക്ക് നന്‍മയുണ്ടാകുന്ന കാര്യത്തിന് ആരെങ്കിലും എതിര് നില്‍ക്കുമോ?”. ജേക്കബ് വടക്കുഞ്ചേരി ചോദിക്കുന്നു.

ക്യാമ്പെയിന്‍ തുടങ്ങുന്നതിനും മാസങ്ങള്‍ക്ക് മുമ്പ് തന്നെ വിരുദ്ധ പ്രചരണങ്ങള്‍ സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. മുസ്‌ലിം ജനസംഖ്യ കുറയ്ക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയാണെന്നതായിരുന്നു ഈ സന്ദേശങ്ങളിലെ പ്രധാന ആയുധം. ഒപ്പം അമേരിക്കയുടെ നിര്‍ദേശപ്രകാരമെന്നും കൂട്ടിച്ചേര്‍ത്തു. വാക്‌സിന്റെ സാമ്രാജ്യത്വ അജണ്ടയും കുത്തക കമ്പനികളുടെ ലാഭക്കൊതിയും വിശ്വസിച്ച് ശീലമായവരില്‍ ഈ സന്ദേശങ്ങളും പെട്ടെന്ന് പ്രചാരം നേടി.


Read more:   വ്യാജനില്‍ കുടുങ്ങിയ എം.ആര്‍ വാക്‌സിന്‍


എം.ആര്‍ ക്യാമ്പെയിന്‍ ആരോഗ്യവകുപ്പിന് വലിയ വെല്ലുവിളിയും ഉയര്‍ത്തി. ഇതിനെക്കുറിച്ച് ഷിംന പറയുന്നു.

” മുസ്‌ലിം സമുദായത്തിന് എല്ലാ കാലത്തും ഉണ്ടായിട്ടുള്ള അരക്ഷിതാവസ്ഥയുണ്ട്. തിരുവിതാംകൂറില്‍ കുത്തിവെപ്പ് കൊണ്ട് വന്നത് രാജാവാണ്. നേരെ മറിച്ച് മലബാറില്‍ അത് കൊണ്ട് വന്നത് ബ്രിട്ടീഷുകാരാണ്. മാപ്പിള ലഹള ഉള്‍പ്പെടെ ബ്രിട്ടിഷുകാരെ ശക്തിയുക്തം എതിര്‍ത്തവരാണ് മലപ്പുറത്തുകാര്‍. അന്ന് തൊട്ട് മലപ്പുറത്തുകാരുടെ ഉള്ളില്‍ ഒരു ഇന്‍സെക്യൂരിറ്റിയുണ്ട്. വാക്‌സിന്‍ അവരെ ഉപദ്രവിക്കാനുള്ളതാണെന്ന തോന്നലാണ്. കൂടാതെ ഇത് മോദി സര്‍ക്കാറിന്റെ അജണ്ടയാണെന്ന് വാക്‌സിന്‍ വിരുദ്ധര്‍ പ്രചരിപ്പിച്ചു. എം.ആര്‍ വാക്‌സിന്‍ എന്നതിനെ മോദി- ആര്‍.എസ്.എസ് വാക്‌സിന്‍ എന്ന് വരെ പ്രചരിപ്പിച്ചു. പലരും ഈ തമാശ വിശ്വസിക്കുകയാണ്. എം.ആര്‍ ക്യാമ്പെയിന്‍ തുടങ്ങുന്നതിന്റെ മൂന്ന് മാസം മുമ്പ് തന്നെ ഇത്തരം സന്ദേശം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു. മുസ്‌ലിംങ്ങള്‍ക്ക് എതിരെ ആര്‍.എസ്.എസ് ഇറക്കുന്ന വാക്‌സിന്‍ വരുന്നു. ജാഗ്രതയോടെ ഇരിക്കുകയെന്ന എന്ന വോയിസ് ക്ലിപ്പ് ഇറങ്ങി. ഉപദ്രവിക്കാന്‍ ആള് വരുന്ന എന്ന ഇന്‍സെക്യൂറിറ്റി മുതലാക്കുകയാണ് വാക്‌സിന്‍ വിരുദ്ധര്‍ ചെയ്യുന്നത്. അത് ക്രോസ്‌ചെക്ക് ചെയ്യാനുള്ള താല്പര്യമോ ശാസ്ത്രാഭിമുഖ്യമോ മലപ്പുറത്തുള്ളവര്‍ കാണിച്ചില്ല. ”

ഖദീജാ മുംതാസ്

ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ ആയിരുന്ന ഡോക്ടര്‍ അരവിന്ദനും മോദി വിരുദ്ധതയാണ് ഇപ്പോഴത്തെ വാക്‌സിന്‍ വിരുദ്ധതക്ക് കാരണമെന്ന് പറയുന്നു.” ആന്റിമോദി എന്നത് വാക്‌സിന്‍ വിരുദ്ധര്‍ ഉപയോഗിക്കുന്നു. മോദിയും അമേരിക്കയും ചേര്‍ന്ന് മുസ്‌ലിംങ്ങളെ ഇല്ലാതാക്കാനുള്ള പദ്ധതി നടപ്പാക്കുന്നുവെന്ന പച്ചക്കള്ളം പ്രചരിപ്പിക്കുന്നതില്‍ ഇവര്‍ കുറച്ചൊക്കെ വിജയിച്ചു.

കൂടാതെ വാക്്സിന്‍ ഓട്ടിസത്തിന് കാരണമാകുമെന്ന പ്രചരണത്തിലും രക്ഷിതാക്കള്‍ അകപ്പെട്ടു. ഇതിനായി ആന്‍ഡ്രു വെയ് ഫീല്‍ഡ് എന്ന ബ്രിട്ടീഷ് ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റിന്റെ പഠനമാണ് വാക്‌സിന്‍ വിരുദ്ധര്‍ ഉപയോഗിച്ചത്. ലാന്‍സെറ്റ് മാസികയില്‍ പ്രസിദ്ധീകരിച്ചതായിരുന്നു ആ പഠനം. കുറച്ച് കേസുകള്‍ പരിശോധിച്ച് വാക്‌സിന്‍ ഓട്ടിസത്തിന് കാരണമാകുന്നു എന്നതായിരുന്നു ആന്‍ഡ്രു വെയ് ഫീല്‍ഡിന്‌റെ പഠനം. എന്നാല്‍ ഇദ്ദേഹത്തിന്റെ നിരീക്ഷണങ്ങളോട് ശാസ്ത്രലോകം വിയോജിച്ചു. ആന്റിവാക്‌സിന്‍ കേസുകള്‍ നടത്തുന്ന വക്കീലന്‍മാരില്‍ നിന്ന് പണം വാങ്ങിയാണ് ഇദ്ദേഹം റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ഇതില്‍ ചൂണ്ടിക്കാട്ടിയ കണക്കുകള്‍ ശരിയല്ലെന്നും ലാന്‍സെറ്റ് മാസിക തന്നെ പിന്നീട് പ്രസിദ്ധീകരിച്ചു. ഇയാളുടെ പേരില്‍ നടപടിയുമുണ്ടായി. എന്നാല്‍ ഈ പഠനത്തെ  ഇപ്പോഴും അംഗീകരിക്കുകയാണ് വാക്‌സിന്‍ വിരുദ്ധര്‍ “.

എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ ശരിയല്ലെന്ന് വാക്‌സിന്‍ വിരുദ്ധ പ്രചരണം നടത്തുന്നവര്‍ പറയുന്നു. “വാക്‌സിനെന്താണെന്ന് മനസിലാക്കിയിട്ട് കുട്ടിക്ക് കൊടുക്കാമെന്ന് കരുതുന്നവര്‍ അത് മനസിലാക്കിയാല്‍ കൊടുക്കില്ല. മറ്റ് ജില്ലകളില്‍ കുട്ടികള്‍ വാക്‌സിനെടുക്കുന്നുവെന്നത് വെറുതെ പറയുകയാണ്. വാക്‌സിനെതിരെ ആരും പറഞ്ഞിട്ടില്ല. ഞങ്ങളുടെ പ്രവര്‍ത്തകരാരും വാക്‌സിനെടുക്കുന്നില്ല. സര്‍ക്കാറിന്റെ പരിപാടിക്കെതിരെ ഞങ്ങള്‍ പറഞ്ഞിട്ടില്ല .

ഞങ്ങള്‍ ചോദിക്കുന്ന ചോദ്യം ഇത്രേയേയുള്ളൂ. കേരളാ ആരോഗ്യവകുപ്പ് ഈ വാക്‌സിന്‍ എന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ? വ്യാപകമായിട്ട് ഒരു രോഗവുമില്ലാത്ത കുട്ടികള്‍ക്കും കുത്തിവിടുന്ന ഈ സാധനത്തിനകത്ത് എന്തൊക്കെയാണ് ഉള്ളതെന്ന് പരിശോധിച്ചിട്ടുണ്ടോ? അവര് തുറന്നു പറയുമോ? എന്തിനാണ് ഇതിനകത്ത് രഹസ്യം . ജനങ്ങളുടെ ആരോഗ്യം രക്ഷിക്കാനുള്ളതല്ലേ. എന്തുകൊണ്ടാണ് കാര്യങ്ങള്‍ തുറന്നു പറയാത്തത്. മള്‍ട്ടിനാഷണല്‍ കമ്പനി ഉണ്ടാക്കി വിടുന്ന ഈ മരുന്ന് ലാബില്‍ പരിശോധിച്ച് ബോധ്യപ്പെടേണ്ടേ. ജനങ്ങള്‍ ചോദിക്കേണ്ടേ. മന്ത്രി മാറിപ്പോകും. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ജയിലിലാകും. രണ്ടെണ്ണം കിടപ്പുണ്ടല്ലോ. ഇവരുടെ ഉത്തരവാദിത്വമാണ് കുട്ടികള്‍ക്ക് കൊടുക്കുന്ന സാധനം കുറ്റമറ്റതാണ് എന്ന് ഉറപ്പു വരുത്തേണ്ടത്.

 ജേക്കബ് വടക്കുംഞ്ചേരി

ഡ്രഗ് കണ്‍ട്രോളറും ആരോഗ്യവകുപ്പും ഇവിടെ ഇറങ്ങുന്ന മരുന്ന് പരിശോധിക്കുന്നുണ്ടോ. കൃത്രിമമല്ല. ലോകത്ത് കുടുംബാസൂത്രണത്തിന് ഏറ്റവും കൂടുതല്‍ ഫണ്ട് കൊടുക്കുന്ന ബില്‍ഗ്രേറ്റ്‌സിന്റെ സംഘടന മെറിന്റ ഗേറ്റ് ഫൗണ്ടേഷന്‍ ഇതിന് പിറകിലുണ്ടാകുമ്പോള്‍ കണ്ണടച്ച് വിശ്വസിക്കാനാവുമോ. അത് പരിശോധിക്കാന്‍ ആരോഗ്യവകുപ്പിന് ബാധ്യതയുണ്ട്. ഞങ്ങള്‍ വാട്്‌സആപ്പിലൂടെയായലും നെറ്റിലൂടെയായാലും പ്രസംഗങ്ങളിലൂടെയായാലും ചോദിക്കുന്നതിതാണ്. മെഡിക്കല്‍ ടെക്‌സറ്റുകളിലുള്ള ഇന്‍ഗ്രീഡിയന്‍സ് അനുസരിച്ചാണെങ്കില്‍ ഇതില്‍ പല സൈഡ് എഫെക്‌സും ഉണ്ടാകും. ഏറ്റവും ഗുണനിലവാരമുള്ളതെന്ന് പറയുന്ന വാക്‌സിന്‍ കൊടുക്കുന്ന അമേരിക്കയില്‍ വാക്‌സിന്‍ കോടതിയുണ്ട്. ഇന്ത്യയിലെന്താ അത് ഉണ്ടാകാത്തത്. ഇന്ത്യയിലെ വാക്‌സിന്‍ വളരെ പരിശുദ്ധമായത് കൊണ്ടാണോ. വാക്‌സിന്‍ കുഴപ്പമുണ്ടാക്കിയാല്‍ ആരാണ് ഉത്തരവാദി.” ഇതാണ് ജേക്കബ് വടക്കുംഞ്ചേരിയുടെ വാദം.

“വാക്‌സിന്‍ ശരിക്കും പറഞ്ഞാല്‍ റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ്‌സ് ഒത്തിരി സങ്കീര്‍ണ്ണമായതും വര്‍ഷങ്ങളെടുക്കുന്നതും ആണ്. വില്‍പ്പന സാധ്യത കുറവുള്ളതുമായിരുന്നു ഇതുവരെ. പല പ്രമുഖ വാക്‌സിന്‍ കമ്പനികളും അടച്ചു പൂട്ടുകയും ചെയ്തിട്ടുണ്ട്. വാക്‌സിന്‍ ബിസിനസ് ലാഭകരമാകുന്നത് കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളിലാണ്. ധനതത്വശാസ്ത്രവും പഠനവും എടുത്തു കഴിഞ്ഞാല്‍ കാണിക്കുന്നത് ദശകങ്ങളോളം വാക്‌സിന്‍ ബിസിനസ് അനാകര്‍ഷക മേഖലയായിരുന്നു.

എന്നാല്‍ വാക്‌സിന്‍ ഉല്‍പാദിപ്പിക്കാന്‍ റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റിന് ഒത്തിരി രൂപ ചിലവഴിക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. അടുത്ത കാലത്ത് വന്ന ഫ്‌ളു വാക്‌സിന്‍ പോലുള്ളവ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വലിയ തുകക്ക് വില്‍ക്കുന്നത് കൊണ്ട് ലാഭകരമായ സംഗതിയായി മാറിയെന്നതാണ് അടുത്ത കാലത്ത് സംഭവിക്കുന്നത്. അതുവരെ പത്തില്‍ താഴെ ശതമാനം ലാഭം മാത്രമാണ് മുഴുവന്‍ വാക്‌സിന്‍ ഉല്‍പാദന കമ്പനികള്‍ക്കുണ്ടായത്. അതുകൊണ്ട് തന്നെ മരുന്ന് വില്‍ക്കുന്നതാണ് ഇവര്‍ക്ക് ലാഭകരം” ഡോക്ടര്‍ ദീപു സദാശിവന്‍ വ്യക്തമാക്കുന്നു.

വാക്‌സിന്‍ വിരുദ്ധര്‍ ഓരോ വിഭാങ്ങളേയും ലക്ഷ്യമിട്ട് പല പല ആരോപണങ്ങള്‍ ഉന്നയിക്കുന്നതായി ഡോക്ടര്‍ മോഹന്‍ദാസ് നായര്‍ നിരീക്ഷിക്കുന്നു.” വാക്‌സിന്‍ വിരുദ്ധ പ്രചരണങ്ങളില്‍ ചിലത് മുസ്‌ലിങ്ങളെ പ്രത്യേകം ഉന്നംവെക്കുന്നതാണ്. കേന്ദ്രത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായി കൊണ്ട് വന്ന കാര്യം എന്ന് പറയുമ്പോള്‍ മുസ്‌ലിങ്ങളെ ഭീതിപ്പെടുത്തുന്നു. അതേസമയം സാമ്രാജ്യത്വ അജണ്ട എന്ന് പറയുമ്പോള്‍ ഇടതുപക്ഷ ചിന്താഗതിക്കാരെ ഉള്‍പ്പെടെ അകറ്റാന്‍ കാരണമാകും. പ്രത്യുല്‍പാദനം ഉണ്ടാകില്ലെന്ന് പറയുമ്പോള്‍ വിവിധ മതങ്ങള്‍ വാക്‌സിന് എതിരാകും. ഇത്തരം പല ആരോപണങ്ങള്‍ ഉന്നയിച്ചാണ് ജനങ്ങളെ വാക്‌സിനില്‍ നിന്നും അകറ്റുന്നത്.”
വാക്‌സിന്‍ വിരുദ്ധതയുടെ അനന്തരഫലം

സമൂഹത്തിലെ ഭൂരിപക്ഷം കുട്ടികളും കുത്തിവെപ്പെടുത്താല്‍ മാത്രമാണ് രോഗപ്രതിരോധം ഫലപ്രദമാകുകയുള്ളൂവെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. ഭൂരിഭാഗം കുട്ടികളും കുത്തിവെപ്പെടുത്താല്‍ വാക്‌സിനെടുക്കാത്ത ചെറിയ ശതമാനത്തിനും കുത്തിവെപ്പ് ഫലപ്രദമാകാത്തവര്‍ക്കും രോഗത്തില്‍ നിന്നും സംരക്ഷണം കിട്ടും. കഴിഞ്ഞ വര്‍ഷങ്ങളില്‍ വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്ക് ഡിഫ്തീരിയ പിടിപെടുകയും അത് മറ്റുള്ളവരിലേക്ക് പടരുകയും ചെയ്തിരുന്നു. ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ രോഗം പിടിപെട്ടത് ആശങ്ക ഉയര്‍ത്തി.

ഇതിന്റെ ശാസ്ത്രീയ വശം ഡോക്ടര്‍ മോഹന്‍ദാസ് നായര്‍ വിശദീകരിക്കുന്നു.” ശ്വാസത്തിലൂടെ പകരുന്ന പല രോഗങ്ങളും തടയാന്‍ വാക്‌സിനേഷനിലൂടെ മാത്രമേ പറ്റുകയുള്ളൂ. ഡിഫ്തീരിയയും അഞ്ചാംപനിയും ശ്വാസത്തിലൂടെ പകരുന്ന രോഗങ്ങളാണ്. ഇത്തരം രോഗങ്ങളെ വ്യക്തി ശുചിത്വത്തിലൂടെ തടഞ്ഞു നിര്‍ത്താനാവില്ല. ഒരു സാമൂഹ്യ പ്രതിരോധമുള്ള സൊസൈറ്റിയില്‍ ഇത്തരം രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്.

ജിനേഷ് പി.എസ്

മലപ്പുറത്തെ പ്രശ്‌നം ഒരു പ്രത്യേക ശതമാനത്തിലും താഴേക്ക് വാക്‌സിനേഷന്‍ കവറേജ് കുറഞ്ഞപ്പോഴേക്കും , അതും കേരളത്തിന്റെ മൊത്തത്തിലുള്ള ശതമാനമോ മലപ്പുറത്തേതോ നോക്കിയാല്‍ മതിയാകില്ല. ചില പ്രത്യേക ഏരിയകളില്‍ വല്ലാതെ കുറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് ഡിഫ്തീരിയ കണ്ടത് ഒരു ഓര്‍ഫനേജില്‍ ആയിരുന്നു. അവിടുത്തെ കുട്ടികളില്‍ വാക്‌സിനേഷന്‍ കവറേജ് വളരെ കുറവായിരുന്നു. പത്ത് ശതമാനം പോലും ഉണ്ടായില്ലെന്ന് തോന്നുന്നു. അതുപോലെയുള്ള സ്ഥലങ്ങളിലാണ് രോഗം കണ്ട് തുടങ്ങുക. പിന്നെ കൂടുതല്‍ കുട്ടികളിലേക്ക് പടരാനുള്ള സാധ്യതയും ഉണ്ട്. വാക്‌സിനേഷന്‍ കവറേജ് വല്ലാതെ താഴേക്ക് പോകുമ്പോള്‍ ഉയരുന്ന ആശങ്ക ഇതാണ്. ഒരുവിധം കണ്‍ട്രോള്‍ ചെയ്ത് നിര്‍ത്തിയ പല രോഗങ്ങളും പഴയ അവസ്ഥയിലേക്ക് മടങ്ങി വരും. മുമ്പ് കുട്ടികളുടെ മരണത്തിന് കാരണമായ രോഗങ്ങളില്‍ നാലാമത് ആയിരുന്നു ഡിഫ്തീരിയ. ”

മലപ്പുറം ജില്ലക്ക് പുറമേ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലും കഴിഞ്ഞ വര്‍ഷം ഡിഫ്തീരിയ രോഗം പടര്‍ന്നു. നിരവധി പേര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. പ്രത്യേക വാര്‍ഡ് ഒരുക്കാന്‍ പോലും കഴിയാതെ അധികൃതര്‍ കുഴഞ്ഞു. ഡിഫ്തീരിയ പിടിപെട്ടവര്‍ക്കുള്ള ആന്റി ടോക്‌സിന്‍ സീറം സംസ്ഥാനത്ത് ആവശ്യമായ അളവില്‍ ഉണ്ടായിരുന്നില്ലെന്നതും പ്രതിസന്ധിയായി. രോഗത്തിന്റെ തുടക്കത്തില്‍ ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിച്ച് ചികിത്സിക്കാം. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചാല്‍ ആന്റി ടോക്‌സിന്‍ സീറം തന്നെ വേണം. 1990 കളോടെ പൂര്‍ണ്ണമായും ഇല്ലാതായ രോഗത്തിനായുള്ള മരുന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ സംഭരിച്ചിരുന്നില്ല. പരിമിതമായ സ്റ്റോക്ക് മാത്രമാണ് മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷനില്‍ ഉണ്ടായിരുന്നത്. രോഗം പടര്‍ന്നതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ മരുന്നെത്തിക്കാന്‍ നടപടിയെടുക്കേണ്ടി വന്നു ആരോഗ്യവകുപ്പിന്.

“മുമ്പ് ഡിഫ്തീരിയ കേസുകള്‍ക്കായി പ്രത്യേക വാര്‍ഡുണ്ടായിരുന്നു മെഡിക്കല്‍ കോളേജില്‍. പിന്നീട് കേസുകള്‍ കുറഞ്ഞപ്പോള്‍ പല രോഗങ്ങള്‍ക്കായി ഒരു വാര്‍ഡായി. അഞ്ചാംപനിയൊക്കെ പോലെ ഏതെങ്കിലും ഒരു രോഗമൊക്കെ പിടിപെട്ട ഒരാളൊക്കെയാണ് ആ വാര്‍ഡില്‍ ഉണ്ടാവുക. ആ കാലത്ത് നിന്നും വീണ്ടും ഡിഫ്തീരിയക്കായി പ്രത്യേക വാര്‍ഡ് തുറക്കേണ്ട അവസ്ഥ ഉണ്ടായി. ഇത്തരം രോഗങ്ങള്‍ കുറഞ്ഞു വരുമ്പോള്‍ , കാണാനോ കേള്‍ക്കാനോ ഇല്ലാതാവുമ്പോള്‍ തോന്നും വാക്‌സിനുകളൊന്നും ആവശ്യമില്ലെന്ന്. സൈഡ്എഫ്കട്‌സ് ആണ് കൂടുതലെന്ന്. രോഗം കൊണ്ടുള്ള ശരിയായ ബുദ്ധിമുട്ടുകള്‍ തിരിച്ചു വരുമ്പോള്‍ റിയലൈസ് ചെയ്യും വാക്‌സിനേഷനില്ലാതെ മുന്നോട്ടു പോകാനാവില്ലെന്ന്. മലപ്പുറത്ത് പലരും അങ്ങനെ തിരിച്ചറിഞ്ഞു എന്നതാണ് വാസ്തവം. ഡിഫ്തീരിയക്ക് എതിരായ വാക്‌സിന്‍ എടുക്കാന്‍ കൂടുതല്‍ ആളുകള്‍ എത്തുന്നു എന്നതാണ് ഞങ്ങളുടെ അനുഭവം. ” ഡോക്ടര്‍ മോഹന്‍ദാസ് നായര്‍ പറഞ്ഞു.

മീസില്‍സ് , റുബെല്ല രോഗങ്ങള്‍ക്കെതിരായ ക്യാമ്പെയിനിന് പിന്നിലും ഈ രോഗങ്ങളെ പൂര്‍ണ്ണമായും തുടച്ചു നീക്കുക എന്നതാണ് ലക്ഷ്യമെന്നും തൊണ്ണൂറ്റിയഞ്ച് ശതമാനം കുട്ടികള്‍ക്കും കുത്തിവെപ്പ് എടുത്താല്‍ മാത്രമാണ് രോഗപ്രതിരോധം നേടുകയെന്നും ഡോക്ടര്‍ ജിനേഷ് പറയുന്നു.” മീസില്‍സ് വാക്‌സിന്‍ കേരളത്തില്‍ എടുത്തു വരുന്നതാണ്. എം.എം ആറിന്റെ ഭാഗമായി റുബെല്ലാ വാക്‌സിനും എടുക്കുന്നുണ്ട്.

എന്നാല്‍ ഇത് രണ്ടും കൂട്ടിയാല്‍ പോലും നൂറ് ശതമാനം കവറേജ് എത്തിക്കാന്‍ കഴിയുന്ന സാഹചര്യം കേരളത്തില്‍ ഇല്ലായിരുന്നു. ആദ്യത്തെ ഡോസ് മീസില്‍സ് വാക്‌സിന്‍ എടുക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന പ്രതിരോധത്തിന്റെ കവറേജ് എണ്‍പത്തിയഞ്ച് മുതല്‍ തൊണ്ണൂറ് ശതമാനം വരെയാണ്. ബൂസ്റ്റര്‍ ഡോസ് കൂടി എടുത്താല്‍ മീസില്‍സിന് എതിരെ കിട്ടുന്നത് തൊണ്ണൂറ്റിയെട്ട് ശതമാനമായി ഉയരും. ഒരു ഡോസും ഒരു ബൂസ്റ്ററും എടുത്ത നൂറ് കുട്ടികളില്‍ തൊണ്ണൂറ്റിയെട്ട് കുട്ടികള്‍ക്കും രോഗപ്രതിരോധശേഷി ഉണ്ടാകുന്നു.”

ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ പുറമേ നിന്നുള്ളവര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. വാക്‌സിന്‍ എടുക്കാത്തവരുടെ എണ്ണം കൂടിയാല്‍ അത് മലയാളികളുമായി ഇടപെടുന്നതിന് പരിഷ്‌കൃത സമൂഹത്തെ പിന്തിരിപ്പിക്കുമെന്ന് ആധുനിക വൈദ്യശാസ്ത്രത്തെ പിന്തുണക്കുന്നവരും പറയുന്നു. നിര്‍മ്മാര്‍ജ്ജനം ചെയ്ത രോഗം തിരിച്ചെത്തുമ്പോള്‍ വൈറസിന് രൂപാന്തരം പ്രാപിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വാക്‌സിനെടുക്കുന്നതിന്റെ 200 മടങ്ങ് ചിലവാണ് ആ രോഗം പിടിപെട്ടാല്‍ ഉണ്ടാവുന്നതെന്ന് മീസില്‍സിനെക്കുറിച്ച് യു.എസില്‍ നടന്ന ചില പഠനങ്ങള്‍ ചൂണ്ടാക്കാട്ടുന്നു.

മലപ്പുറത്തെ വാക്‌സിന്‍ വിരുദ്ധത മതപരമായ കാരണങ്ങളാലാണോ?

വാക്‌സിന്‍ വിരുദ്ധ പ്രചരണം നടത്തുന്നവര്‍ക്ക് ഏറെ സ്വാധീനം ചെലുത്താനായ ജില്ലകളില്‍ മുന്നില്‍ നില്‍ക്കുന്നത് മലപ്പുറമാണ്. ഇത്തരം ക്യാമ്പെയിന്‍ നടത്തുന്നവരും ഈ സ്വാധീനത്തെ അംഗീകരിക്കുന്നു.”ആളുകള്‍ കാര്യങ്ങള്‍ പഠിക്കുന്നതിനായി ഞങ്ങള്‍ കാര്യങ്ങള്‍ തുറന്നു പറയുന്നു. ഞങ്ങള്‍ക്ക് മരുന്ന് കമ്പനികളുടെ കമ്മീഷനില്ല. വാക്‌സിന് വേണ്ടി വാദിക്കുന്നവര്‍ക്ക് അതുണ്ട്. അതുകൊണ്ടാണല്ലോ അഞ്ച് കൊല്ലം കഴിയുമ്പോള്‍ ഇവര്‍ ജയിലില്‍ പോകുന്നത്. ഇപ്പോള്‍ ഇരിക്കുന്ന ആരോഗ്യവകുപ്പുകാര്‍ ആരൊക്കെ അഞ്ച് കൊല്ലം കഴിയുമ്പോള്‍ പുറത്തുണ്ടാകുമെന്ന് ആര്‍ക്കറിയാം. ഞങ്ങള്‍ പറയുന്നത് ആരാണ് കൂടുതല്‍ കേള്‍ക്കുന്നതെന്ന് നോക്കാറില്ല. കണ്ണുള്ളവന്‍ കാണും കാതുള്ളവന്‍ കേള്‍ക്കും. മലപ്പുറമാണോ , കോഴിക്കോടാണോ തിരുവന്തുപുരമാണോ എന്നത് വിഷയമല്ല. കള്ള് കുടിക്കരുത്, ഇറച്ചിയും മീനും കഴിക്കരുതെന്ന് ഒക്കെ ഞാന്‍ പറയുന്നു. ഞാന്‍ പറഞ്ഞിട്ടാണ് കേരളീയര്‍ നില്‍ക്കുന്നതെങ്കില്‍ ഇറച്ചിയും മീനും കഴിക്കുന്നത് മലയാളികള്‍ നിര്‍ത്തണം. മലപ്പുറത്തുള്ളവര്‍ ചോദ്യം ചോദിച്ചു. അതിന് ഉത്തരം കിട്ടുന്നില്ല. മലപ്പുറത്ത് വാക്‌സിന്‍ എടുക്കുന്നവര്‍ കുറവാണെന്ന മാധ്യമപ്രചരണം ദുരുദ്ദേശപരമാണ്. ഭാവിതലമുറയോട് ഭീകരമായി ദ്രോഹം ചെയ്യുകയാണ്. മാധ്യമങ്ങള്‍ക്ക് ഫണ്ടും പരസ്യവും കിട്ടാനുണ്ടാവും. അതിന് വേണ്ടി മാധ്യമധര്‍മ്മത്തെ വളച്ചൊടിക്കുകയാണ്”. ജേക്കബ് വടക്കുംഞ്ചേരി പറയുന്നു.

 

അതേസമയം സാമ്പത്തിക നേട്ടമല്ല വാക്‌സിന്‍ പ്രചരിപ്പിക്കുന്നതിന് പിന്നിലെന്ന് ഡോക്ടര്‍മാരും പറയുന്നു.

“ഡോക്ടര്‍മാര്‍ക്ക് നേരിട്ട് ഗുണം ലഭിക്കുന്ന ഒന്നും വാക്‌സിനേഷനിലില്ല. നേരെ മറിച്ച് സര്‍ക്കാര്‍ നടത്തുന്ന പരിപാടിയാണ്. സ്വകാര്യ ആശുപത്രികളിലും കൊടുക്കുന്നുണ്ട് എന്നത് ശരിയാണ്. മരുന്ന് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കമ്പനികളൊക്കെ വാക്‌സിന്‍ ഉദ്പാദിപ്പിക്കുന്നുണ്ടെങ്കിലും കേവലം അഞ്ചോ ആറോ പ്രമുഖ കമ്പനികള്‍ മാത്രമാണ് വാക്‌സിന്‍ ബിസിനസിന്റെ ഭൂരിഭാഗവും കൈയ്യാളുന്നത്. സിറം ഇന്‍സ്റ്റിററ്യൂട്ട് ഓഫ് ഇന്ത്യ ലോകാര്യോഗ്യ സംഘടന ഗുണനിലവാരം ഉറപ്പു വരുത്തിയ കമ്പനിയാണ്. നൂറ്റമ്പത് രാജ്യങ്ങള്‍ക്ക് മേല്‍ വാക്‌സിന്‍ സപ്ലൈ ചെയ്തിട്ടുള്ള കമ്പനിയാണ്. രസകരമായ ഒരു കണക്ക് പറയുകയാണെങ്കില്‍ ലോകത്ത് ആറിലൊരാളെങ്കിലും സിറം ഇന്‍സ്റ്റിററ്യൂട്ടിന്റെ ഒരു വാക്‌സിനെങ്കിലും എടുത്തിട്ടുണ്ടാകുമെന്നാണ് കണക്ക്. ഇങ്ങനെയുള്ള കമ്പനി വേറെ മരുന്നു ഉല്‍പാദിപ്പിക്കുന്നില്ലെന്നാണ് അറിവ്. വാക്‌സിനും അനുബന്ധ ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കുന്ന കമ്പനിയാണ്. അവര്‍ക്ക് മരുന്ന് ബിസിനസ് ഇല്ല. മരുന്ന് ബിസിനസിന് എതിരായി നില്‍ക്കുന്നതാണ് വാക്‌സിന്‍. മരുന്ന് കച്ചവടത്തിനുള്ള സാധ്യത കുറയ്ക്കുകയാണ് വാക്‌സിന്‍. മീസില്‍സ് ഔട്ട്‌ബ്രേക്കുണ്ടായാല്‍ വാക്‌സിന്‍ വഴി ലഭിക്കുന്നതിനെക്കാള്‍ വളരെയധികം ലാഭം മരുന്നു കമ്പനികള്‍ക്ക് ഉണ്ടാകും. കണ്‍ജന്റെല്‍ റുബെല്ല സിന്‍ട്രോം വന്ന് കേള്‍വി ശക്തി പോയാല്‍ കോക്ലിയാര്‍ ഇംപ്ലാന്റ് ചെയ്യാന്‍ ആശുപത്രികള്‍ക്കും പൈസ കിട്ടും കോക്ലിയാര്‍ ഇംപ്ലാന്റിന് ലക്ഷങ്ങളും ചിലവ് വരും. വാക്‌സിന്‍ കൊണ്ട് നേരിടാവുന്ന രോഗങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നതാണ് മരുന്നു കമ്പനികള്‍ക്ക് ലാഭം. വടക്കുംഞ്ചേരിയും മോഹനന്‍ വൈദ്യരും പ്രസാദുമുള്‍പ്പെടെയുള്ളവര്‍ മരുന്നു കമ്പനികളുടെ ഏജന്റു്മാരെണെന്ന് ആരോപിക്കേണ്ടി വരും. അത് യുക്തിസഹമാവുകയും ചെയ്യും.” ഡോക്ടര്‍ ദീപു സദാശിവന്‍ പറഞ്ഞു.

മലപ്പുറത്തെ പ്രശ്‌നം മതപരമല്ലെന്ന് ഡോക്ടര്‍ കെ.പി അരവിന്ദന്‍ പറയുന്നു.

” മലപ്പുറത്തെ എല്ലാ സാമുദായിക നേതാക്കളും വാക്‌സിനെ അനുകൂലിച്ചു. സയന്‍സ് വിരുദ്ധലോബി ഇവിടെ രൂപപ്പെട്ടു വരുന്നു എന്നതാണ് പ്രശ്‌നം. ഇതില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നത് ഇസ്‌ലാമിസ്റ്റുകളാണ്. ആന്റി ഇംപീരിയലിസം പോലെ അതിനൊരു രാഷ്ട്രീയവും കൊടുക്കും. പോസ്റ്റ് മോഡേണ്‍ സ്വാധീനമുള്ള സോകോള്‍ഡ് ഇന്റലെക്ചലുകള്‍, പഴയ നക്‌സെലൈറ്റുകള്‍, ഹോമിയോ- പ്രകൃതി ചികിത്സകര്‍ , ഇത് വലിയ മനുഷ്യാവകാശ പ്രശ്‌നമാണെന്ന് കരുതുന്നവര്‍ , ഇവരെല്ലാം ചേര്‍ന്ന കൂട്ടായ്മ രൂപപ്പെട്ടുവരുന്നുണ്ട്. ഇവരാണ് എല്ലാവിധ ശാസ്ത്രവിരുദ്ധതയും പ്രചരിപ്പിക്കുന്നത്. അതിന് മതത്തിന് ഒരു റോളുമില്ല”
വാക്‌സിന്‍ മതവിരുദ്ധമല്ലെന്നാണ് ഡോക്ടര്‍ ഷിംന അസീസിന്റെ വാദം. “പടച്ചോന്‍ രോഗം തരുന്നതിന് മുമ്പ് പ്രതിരോധിക്കാന്‍ പാടില്ലെന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ പ്രതിരോധത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന മതമാണ് ഇസ്‌ലാം. മുഹമ്മദ് നബിയുടെ ഹദീസുണ്ട് . ഒരിടത്ത് വസൂരിയുണ്ടായാല്‍ അവിടേക്ക് പോകരുതെന്നാണ് റസൂല്‍ പറഞ്ഞത്. കൂടുതല്‍ ആളുകളിലേക്ക് രോഗം എത്താതിരിക്കാനാണ് നബി അങ്ങനെ പറഞ്ഞത്. അത് തന്നെയാണ് ഇപ്പോള്‍ നമ്മള്‍ ചെയ്യുന്നതും.”

Image result for മലപ്പുറം വാക്‌സിന്‍

മലബാറില്‍ നിന്നുള്ള മുസ്‌ലിങ്ങള്‍ മാത്രമാണ് വാക്‌സിനെതിരെ നില്‍ക്കുന്നതെന്നത് കൊണ്ട് തന്നെ അതില്‍ മതത്തിന് റോളില്ലെന്നും സാമ്രാജ്യത്വ വിരുദ്ധതയാണെന്നും സോഷ്യല്‍ ആക്ടിവിസ്റ്റായ കിരണ്‍ തോമസ് നിരീക്ഷിക്കുന്നു.” മതപരമായ കാരണങ്ങള്‍ കൊണ്ടാണ് വാക്‌സിനെടുക്കാത്തതെങ്കില്‍ ഹജ്ജിന് പോകുന്നവര്‍ വാക്‌സിനെടുക്കില്ലല്ലോ. സാമ്രാജ്യത്വ വിരുദ്ധത മാത്രമാണ് ഇതിന് പിന്നില്‍. വാക്‌സിന്‍ അമേരിക്കന്‍ ഗൂഢാലോചനയാണെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. മരുന്ന് കമ്പനി, മരുന്ന് മാഫിയ, മരുന്ന പരീക്ഷണം തുടങ്ങിയ ടെര്‍മിനോളജികളില്‍ ഊന്നിയാണ് പ്രചരണം. മാതൃഭൂമി വാരികയടക്കം മുമ്പ് റുബെല്ലക്ക് എതിരെ തിരിഞ്ഞത് ആ പൊതുധാരയില്‍ നിന്നുള്ള ചിന്ത കൊണ്ടാണ്. മരുന്ന കമ്പനികള്‍ക്ക് വേണ്ടിയാണെന്ന് പറയുമ്പോള്‍ മുസ്‌ലിം മതവിഭാഗത്തിന് അകത്തെ സാമ്രജ്യത്വ വിരുദ്ധത വളരെ എളുപ്പം ചിലവാകുന്നു. ഇതാണ് ജേക്കബ് വടക്കുംഞ്ചേരിയും മോഹനന്‍ വൈദ്യരും ഉപയോഗിക്കുന്നത്. ബില്‍ഗേറ്റ്‌സ് എന്നിങ്ങനെയുള്ളവരെ കൂട്ടി അവതരിപ്പിക്കുമ്പോള്‍ അത് വിശ്വസിക്കുന്നു. മലബാറിലെ മുസ്‌ലിങ്ങളെ അത് സ്വാധീനിച്ചു. സാമ്രാജ്യത്വ അജണ്ടയും അന്താരാഷ്ട്ര ഗൂഢാലോചനയും ആരോപിക്കുമ്പോള്‍ അത് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ഉണ്ടെന്നതാണ് എതിര്‍പ്പിന് കാരണം. മതം വാക്‌സിനെതിരാണെങ്കില്‍ തെക്കന്‍ കേരളത്തിലെ മുസ്‌ലിങ്ങള്‍ വാക്‌സിന്‍ എടുക്കില്ലല്ലോ. പത്തനംതിട്ട ജില്ലയില്‍ മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള പ്രദേശത്തും വാക്‌സിന്‍ എടുക്കുന്നുണ്ടല്ലോ” .

വ്യവസ്ഥാപിത മത സംഘടനകള്‍ വാക്‌സിനെ പരസ്യമായി അനുകൂലിക്കുമ്പോഴും അത്തരം കേന്ദ്രങ്ങളില്‍ നിന്നുള്ള പിന്തുണയാണ് വാക്‌സിന്‍ വിരുദ്ധതക്ക് സഹായകരമാകുന്നതെന്നും ആക്ഷേപമുണ്ട്. മുജാഹിദ് വനിതാ വിഭാഗത്തിന്റെ ജില്ലാ സമ്മേളനവേദിയില്‍ വാക്‌സിന്‍ വിരുദ്ധ പ്രചരണത്തിന് ഇടം നല്‍കിയതാണ് ഇക്കൂട്ടര്‍ തെളിവായി ചൂണ്ടിക്കാണിക്കുന്നത്.
വാക്‌സിന്‍ വിരുദ്ധത- പരിഹാരം സാധ്യമോ?

മതപരവും രാഷ്ട്രീയപരവുമായ വിയോജിപ്പികളും ആധുനിക ചികിത്സ രീതികളോടുള്ള എതിര്‍പ്പും മലബാറിലും പ്രത്യേകിച്ച് മലപ്പുറത്തും വാക്‌സിന്‍ വിരുദ്ധ വികാരം സൃഷ്ടിച്ചു എന്നതാണ് പൊതുവായ നിഗമനം. സ്ഥാപിത താല്‍പര്യക്കാര്‍ വാക്‌സിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തിയാര്‍ജ്ജിക്കുന്നത് കേരളത്തിലും ഇവര്‍ക്ക് ഊര്‍ജ്ജം പകരുന്നുവെന്നതാണ് വാക്‌സിന്‍ അനുകൂല നിലപാട് സ്വീകരിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്. വസൂരിക്കെതിരായ വാക്‌സിന്‍ കണ്ടെത്തിയ കാലത്ത് തന്നെ ഇതിനെതിരായ പ്രചരണവും ആരംഭിച്ചിട്ടുണ്ട്. എഡ്വേര്‍ഡ് ജന്നര്‍ പശുക്കളെ ബാധിക്കുന്ന ഗോ വസൂരി രോഗാണുക്കളില്‍ നിന്നും വസൂരിക്ക് എതിരായ വാക്‌സിന്‍ കണ്ടെത്തി.

അപ്പോള്‍ തന്നെ ഇംഗ്ലണ്ടില്‍ ആന്റിവാക്‌സിനേഷന്‍ ലീഗ് എന്ന സംഘടനയും രൂപീകരിച്ചിരുന്നു. 1959ല്‍ ലോക വസൂരി നിര്‍മ്മാര്‍ജ്ജന പരിപാടി ആരംഭിച്ചു. 1980ല്‍ ലോകം വസൂരി വിമുക്തമായതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ഇതാണ് ഇന്നും വാക്‌സിന് വേണ്ടി വാദിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. മലപ്പുറത്തെ വാക്‌സിന്‍ വിരുദ്ധ വികാരം ഇല്ലാതാക്കാന്‍ സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ ശക്തമായ പ്രചരണ പരിപാടികള്‍ വേണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരും സാമൂഹ്യപ്രവര്‍ത്തകരും ആവശ്യപ്പെടുന്നത്. എം.ആര്‍ വാക്‌സിന്‍ വിരുദ്ധ പ്രചരണങ്ങളെ നേരിടാന്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കിയത്.

 

സ്വന്തം കുട്ടികള്‍ക്ക് വാക്‌സിനെടുക്കുന്നത് ലൈവായി നല്‍കിയും സ്വയം വാക്‌സിനെടുത്തും ഡോക്ടര്‍മാര്‍ രക്ഷിതാക്കളുടെ ആശങ്ക അകറ്റാന്‍ ശ്രമിച്ചു. അത് പലയിടത്തും വിജയം കാണുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിന് എതിരെ വിമര്‍ശനം ഉയര്‍ന്നു. മലപ്പുറത്ത് ക്യാമ്പെയിനിന് നേതൃത്വം നല്‍കിയ ഡോക്ടര്‍ ഷിംന പറയുന്നത് സര്‍ക്കാര്‍ ധൈര്യപൂര്‍വ്വം ഒരാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു. ” വാക്‌സിന്‍ വിരുദ്ധ പ്രചരണത്തിന് നേതൃത്വം നല്‍കുന്ന പ്രസാദോ മോഹനന്‍ വൈദ്യരോ വടക്കുംഞ്ചേരിയോ ആര് തന്നെയായാലും അവര്‍ എതിര്‍ക്കുന്നത് സര്‍ക്കാര്‍ പരിപാടിയേയാണ്. ആ പരിപാടിയെ വീഡിയോയിലൂടെയും പോസ്റ്റുകളിലൂടെയും വിരുദ്ധത പ്രചരിപ്പിക്കുന്നവര്‍ കുട്ടികളുടെ ജീവനാണ് അപകടപ്പെടുത്തുന്നത്. അവര്‍ക്ക് എതിരെ ശക്തമായ നടപടി ഇല്ലാത്തത് കൊണ്ടാണ് ഇത് തുടര്‍ന്ന് കൊണ്ടിരിക്കുന്നത്” ഷിംന വിമര്‍ശിക്കുന്നു.

വാക്‌സിന്‍ വിരുദ്ധരെ ശക്തമായി നേരിടണമെന്ന് ഡോക്ടര്‍ കെ.പി അരവിന്ദനും ആവശ്യപ്പെടുന്നു. ” വാക്‌സിന്‍ വിരുദ്ധരെ ശക്തമായി നേരിടുക മാത്രമാണ് ഇത് അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗ്ഗം. ഇവര്‍ക്കൊപ്പം ഒരു ചര്‍ച്ച പോലും സാധ്യതയില്ലാത്തതാണ് . മാധ്യമങ്ങള്‍ ഇത്തരം കാര്യങ്ങളെ പിന്തുണക്കുന്നതും അവസാനിപ്പിക്കണം. വാക്‌സിനേഷനെ ഒറ്റ മീഡിയ പബ്ലിക്കേഷന്‍ ദ്രോഹം ചെയ്തിട്ടുണ്ടെങ്കില്‍ അത് മാതൃഭൂമി ആഴ്ചപ്പതിപ്പാണ്. അവരാണ് ഇവര്‍ക്ക് പ്രോത്സാഹനം നല്‍കിയത്. മാധ്യമവും അതിനെ പിന്തുണച്ചു” ഡോക്ടര്‍ അരവിന്ദന്‍ പറഞ്ഞു.

ജനങ്ങളെ ബോധവത്കരിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് എന്‍.എച്ച്.എം ജീവനക്കാരനായ ഷഫീക് സല്‍മാന്‍ കെ. ആവശ്യപ്പെടുന്നു. ” വളരെ സാധാരണക്കാരായ മനുഷ്യര്‍ക്ക് ഇതിലെ ശാസ്ത്രീയമായ ശരികേടുകള്‍ മനസിലാക്കാനോ തിരിച്ചറിയാനോ കഴിഞ്ഞെന്ന് വരില്ല. അവര്‍ക്ക് അറിയാത്ത ഒരുപാട് കാര്യങ്ങളാണ് ഇതിലുള്ളത്. ആ ഭയത്തെ ഇല്ലാതാക്കാനുള്ള ഒരു ക്യാമ്പെയിന്‍ മലപ്പുറത്ത് നടന്നിട്ടില്ല. വേരുകളാഴ്ത്തിയ ഈ വാക്‌സിന്‍ വിരുദ്ധതക്കെതിരെ ജനകീയ മുന്നേറ്റം ആവശ്യമാണ്. ” അപ്പോഴും വാക്‌സിനെ എതിര്‍ക്കുന്നവര്‍ പറയുന്നത് ഇതാണ”് ഞങ്ങള്‍ ഈ പരിഹാസമൊക്കെ കേട്ട് കാര്യങ്ങള്‍ ചെയ്യുന്നതിന് എന്ത് മെച്ചമാണുള്ളത്. ഞങ്ങളെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞിട്ട് എന്തേ അറസ്റ്റു ചെയ്യാത്തത്. ക്രിമിനല്‍ കേസെടുക്കുമെന്ന് പറഞ്ഞിട്ടേന്തേ അത് ചെയ്യാത്തത്. ഞങ്ങള്‍ ഒരു കേസിനാണ് ആഗ്രഹിക്കുന്നത്. കാരണം , എന്നാലേ ഞങ്ങള്‍ക്ക് കാര്യങ്ങള്‍ കോടതിയില്‍ വിശദീകരിക്കാനാവൂ. നിര്‍ബന്ധിച്ച് വാക്‌സിന്‍ എടുപ്പിക്കരുതെന്ന് പറഞ്ഞ ഹൈക്കോടതിയും വര്‍ഗ്ഗീയമാണോ” ജേക്കബ് വടക്കുഞ്ചേരി സര്‍ക്കാറിനെ വെല്ലുവിളിക്കുന്നു. ബി.എം ഹെഗ്‌ഡേ, ജേക്കബ് പുളിയില്‍ , ഖദീജ മുംതാസ് എന്നിവരൊക്കെ വാക്‌സിനെ എതിര്‍ക്കുന്നത് എന്തുകൊണ്ടാണ്. ഖദീജ മുംതാസ് അവരുടെ കുടുംബത്തിലെ കുട്ടികള്‍ക്ക് വാക്‌സിന്‍ കൊടുക്കില്ലല്ലോയെന്നും വടക്കുംഞ്ചേരി ചോദിക്കുന്നു.

 

എന്നാല്‍ വാക്‌സിന്‍ വിരുദ്ധയല്ലെന്ന് ഡോക്ടര്‍ ഖദീജ മുംതാസ് പ്രതികരിച്ചു. ” സോഷ്യല്‍ മീഡിയയിലൊക്കെ എന്റെ പഴയൊരു ലേഖനം വെച്ചിട്ട് വാക്‌സിന്‍ വിരുദ്ധയാണെന്ന് ചിത്രീകരിക്കുന്നുണ്ട്. വിശദീകരിക്കാന്‍ തയ്യാറാവുമ്പോള്‍ അതിലെ ചില വാചകങ്ങള്‍ എടുത്ത് അതിനേയും വിരുദ്ധ ചേരിയിലാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ആ പ്രവണത കണ്ടുവരുന്നത് കൊണ്ടാണ് പ്രതികരിക്കാത്തത്. ഞാന്‍ വാക്‌സിന്‍ വിരോധിയല്ല. പക്ഷേ , ശാസ്ത്രത്തോട് അന്ധമായ വിശ്വാസവുമില്ല. എല്ലാത്തിനും പരിഹാരം വാക്‌സിനാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു ചെറിയ വിഭാഗം പെണ്‍കുട്ടികള്‍ക്ക് വാക്‌സിന്‍ കൊടുക്കാന്‍ തീരുമാനിച്ചപ്പോഴാണ് ലേഖനം എഴുതിയത്. സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് മാത്രം വാക്‌സിന്‍ നല്‍കുമ്പോള്‍ കമ്യൂണിറ്റിയില്‍ പ്രതിരോധം കിട്ടുന്നില്ല. രണ്ടാമത്തേത് എല്ലാ വാക്‌സിനും ജീവിതാവസാനം വരെ ഇമ്യൂണിറ്റി എന്നതില്‍ ഉറപ്പില്ല. പത്തോ പതിനഞ്ചോ വര്‍ഷം കഴിയുമ്പോള്‍ രോഗപ്രതിരോധം ഉണ്ടാവണമെന്നില്ല. ഇരുപത്തഞ്ചോ മുപ്പതോ വയസ്സിലാണ് വിവാഹം. അപ്പോഴേക്കും പ്രതിരോധം ഇല്ലാതാവുകയും റുബെല്ല രോഗം വരാന്‍ കൂടുതല്‍ സാധ്യത ഉണ്ടാവുകയും ചെയ്യും. പതിനെട്ട് വയസ്സില്‍ കൊടുത്താല്‍ പോരെയെന്നാണ് ലേഖനത്തില്‍ ചോദിച്ചത്. വിവാഹപ്രായം പതിനെട്ടാണെന്ന് നിയമമുണ്ടല്ലോ. എന്നാല്‍ ആ ലേഖനത്തോടെ വാക്‌സിന്‍ വിരുദ്ധയാണെന്ന് വാക്‌സിന്‍ വിരുദ്ധരും ഞാന്‍ പറഞ്ഞതിനെ ശരിയായി വിശദീകരിക്കാതെ ഡോക്ടര്‍മാരും വിരുദ്ധ ചേരിയിലാക്കുകയായിരുന്നു. ഞാന്‍ വാക്‌സിന്‍ അന്ധവിശ്വാസിയല്ല. വാക്‌സിന്‍ ഒരു സമൂഹത്തില്‍ കൊണ്ടുവരുമ്പോള്‍ ശരിയായ പഠനം നടത്തി തന്നെ കൊണ്ടുവരണം. ചില സംശയങ്ങള്‍ ഉന്നയിക്കുന്നവരെ വിരുദ്ധ ചേരിയിലേക്ക് മാറ്റുന്നതും ശാസ്ത്രവിരുദ്ധമാണ്.” ആരോപണങ്ങള്‍ക്ക് ഖദീജ മുംതാസ് ഇങ്ങനെ മറുപടി നല്‍കുന്നു.

വാക്‌സിനെതിരെ വിയോജിപ്പുള്ളവര്‍ കോടതിയെ സമീപിക്കട്ടെയെന്ന നിലപാടാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഉള്ളത്.