കോഴിക്കോട്: മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ അധികൃതര്‍ക്ക് ഇന്നും കഴിഞ്ഞില്ല. സ്‌കൂള്‍ പൂട്ടാനെത്തിയ എ.ഇ.ഒ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പിന്മാറി. മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ ഈ മാസം 27 നകം പൂട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
അതിനിടെ, സ്‌കൂള്‍ നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് മാധ്യമങ്ങളോട് പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നകാര്യം മുഖ്യമന്ത്രി, നിയമമന്ത്രി എന്നിവരുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് സ്‌കൂള്‍ പൂട്ടാനെത്തിയ എ.ഇ.ഒ കെ.എസ് കുസുമത്തെ സ്‌കൂള്‍ സംരക്ഷണസമിതി പ്രവര്‍ത്തകര്‍ നേരത്തെയും തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് അവര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഉത്തരവ് നടപ്പാക്കാനെത്തിയ തന്നെ നാട്ടുകാര്‍ തടഞ്ഞുവെന്ന് റിപ്പോര്‍ട്ടില് വിശദീകരിച്ചിരുന്നു.
കഴിഞ്ഞ ഒരു മാസത്തിലേറെയായി വിദ്യാലയത്തിന്റെ പ്രവേശന കവാടത്തില്‍ ജനകീയ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം നടത്തിവരികയായിരുന്നു.
കേരള വിദ്യാഭ്യാസ നിയമത്തിലെ (കെ.ഇ.ആര്‍.) ഒരു ചട്ടത്തിന്റെ പിന്‍ബലത്തില്‍ സ്‌കൂളിന്റെ മുന്‍ മാനേജരാണ് ഹൈക്കോടതിയില്‍ നിന്ന് സ്‌കൂള്‍ പൊളിച്ച് മാറ്റണമെന്ന വിധി സമ്പാദിച്ചിരിക്കുന്നത്.
2014 ഏപ്രില്‍ 11ന് അര്‍ധരാത്രി മാനേജ്‌മെന്റ് പൊളിച്ച മലാപ്പറമ്പ് എ.യു.പി. സ്‌കൂള്‍ രണ്ടുമാസത്തിനുള്ളില്‍ ജനകീയ കമ്മിറ്റി പുനര്‍നിര്‍മിക്കുകയും അധ്യയനം തുടരുകയുമായിരുന്നു.