കോട്ടയം: സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ മൂന്ന് വൈദികര്‍ക്കെതിരെ നടപടി. കോട്ടയം ഭദ്രാസനത്തിലെ ഫാദര്‍ വര്‍ഗീസ് മാര്‍ക്കോസ്, ഫാ. വര്‍ഗീസ് എം വര്‍ഗീസ്, ഫാ. റോണി വര്‍ഗീസ് എന്നിവര്‍ക്കെതിരെയാണ് നടപടി.
മൂന്നുപേരെയും താത്കാലികമായി പുറത്താക്കി. മൂന്നുപേരെയും ആത്മീയ ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്തിയിട്ടുണ്ട്. സഭാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.
ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറി ഡോ.യുനാന്‍ മാര്‍ജിയോസ് കുറെസ് മെത്രോപൊലിത്തയാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. മൂന്നു പേര്‍ക്കെതിരെയും ഗുരുതരമായ ആരോപണങ്ങള്‍ സഭാ നേതൃത്വത്തിന് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.
പുറത്താക്കപ്പെട്ട ഫാദര്‍ വര്‍ഗീസ് മാര്‍ക്കോസിനെതിരെ അവിഹിത ബന്ധവും പണമിടപാട് ആരോപണവും ഉണ്ടായിരുന്നു. ഒരു വീട്ടമ്മ ആത്മഹത്യചെയ്തതുമായി ബന്ധപ്പെട്ട പരാതിയും ഇദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നു. വര്‍ഗീസ് മാര്‍ക്കോസിനെതിരെ കേസ് നടന്നുകൊണ്ടിരിക്കുകയാണ്.
ഫാദര്‍ വര്‍ഗീസ് എം. വര്‍ഗീസിനെതിരെ അനാശാസ്യ ആരോപണമാണ് ഉയര്‍ന്നത്. ഫാദര്‍ റോണി വര്‍ഗീസിനെതിരെയും സമാന രീതിയിലുള്ള ആരോപണങ്ങള്‍ സഭാ നേതൃത്വത്തിന് ലഭിച്ചിരുന്നു.
നിലവില്‍ പ്രാഥമിക നടപടിയായാണ് ഇവരെ താത്കാലികമായി പുറത്താക്കിയത്. അടുത്ത് വിളിക്കുന്ന കൗണ്‍സിലില്‍ ഈ വിഷയം ചര്‍ച്ച ചെയ്യും. തുടര്‍ന്ന് കടുത്ത നടപടികള്‍ സ്വീകരിക്കാനും സാധ്യതയുണ്ട്.