തിരുവനന്തപുരം: ക്രിസ്തു മതം തുടച്ചുനീക്കാമെന്നത് വ്യാമോഹം മാത്രമാണെന്നാണ് മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ മാര്‍ ബസേലിയോസ് ക്ലിമിസ് ബാവ. പ്രധാനമന്ത്രി മൗനം വെടിഞ്ഞ് മണിപ്പൂര്‍ വിഷയത്തില്‍ ഇടപെടണമെന്നും ജനാധിപത്യം പുലരുന്നെന്ന് ലോകത്തിന് മുന്നില്‍ വ്യക്തമാക്കണമെന്നും ക്ലിമിസ് ബാവ പറഞ്ഞു.
മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനത്തിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ നടത്തുന്ന ഉപവാസ വേദിയില്‍ വെച്ചായിരുന്നു ഈ വിമര്‍ശനം. ‘മണിപ്പൂരില്‍ കലാപം അവസാനിപ്പിക്കാന്‍ വൈകുന്നത് എന്താണ്. വിഷയത്തില്‍ ഭരണകൂടം മൗനം പാലിക്കുന്നു.
പ്രധാനമന്ത്രി മൗനം വെടിയണം. മണിപ്പൂര്‍ വിഷയത്തില്‍ ഇടപെടണം. ജനാധിപത്യം പുലരുന്നുവെന്ന് ലോകത്തിന് മുന്നില്‍ വ്യക്തമാക്കണം. ഭരണഘടനയില്‍ മതേതരത്വം എഴുതി വെക്കപ്പെട്ടത് ആലങ്കാരികമായല്ല,’ ക്ലിമിസ് ബാവ പറഞ്ഞു.
ഇതിന് പുറമെ, മണിപ്പൂര്‍ കലാപത്തില്‍ ക്രിസ്തീയ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തും ആശങ്കയറിയിച്ചു. കലാപം നിയന്ത്രിക്കുന്നതിന് അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തില്‍ കേന്ദ്ര സഹമന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിങ്ങിനോട് ആവശ്യപ്പെട്ടു.
രാജ്യത്ത് ക്രിസ്തീയ വിശ്വാസികള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചുവരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ബിഷപ്പ് പറഞ്ഞു. അതേസമയം മണിപ്പൂരില്‍ സംഘര്‍ഷം തുടരുകയാണ്.
ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളിയാഴ്ച രാത്രി ആരംഭിച്ച വെടിവെപ്പ് ശനിയാഴ്ച പകലും തുടര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അതിര്‍ത്തി പ്രദേശങ്ങളിലുണ്ടായ വ്യത്യസ്ത അക്രമസംഭവങ്ങളില്‍ ഒരു പൊലീസുകാരനും കൗമാരക്കാരനും ഉള്‍പ്പെടെ നാല് പേര്‍ വെടിയേറ്റ് മരിച്ചു.