|

മലങ്കരയില്‍ പൊളിച്ചുമാറ്റിയ ജാതി ഗേറ്റ് പൊലീസ് കാവലില്‍ വീണ്ടും പണിതുയര്‍ത്തി;വീണ്ടും പൊളിച്ചുമാറ്റിയെന്ന് ഭീം ആര്‍മി പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: ഭീം ആര്‍മി പ്രവര്‍ത്തകര്‍ പൊളിച്ചുമാറ്റിയ മലങ്കര എസ്റ്റേറ്റ് മാനേജ്‌മെന്റിന്റെ ജാതി ഗേറ്റ് പൊലീസ് കാവലില്‍ വീണ്ടും പണിതുയര്‍ത്തി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഭീം ആര്‍മി പ്രവര്‍ത്തകര്‍ പൊലീസുകാരുടെ മുന്നില്‍ വെച്ച് തന്നെ മതില്‍ പൊളിച്ചു നീക്കുകയും ചെയ്തു.

ചൊവ്വാഴ്ചയാണ് ഇടുക്കിയിലെ തൊടുപുഴയ്ക്കടുത്തുള്ള മുട്ടം പാമ്പാനി ദളിത് കോളനിയിലേക്കുള്ള റോഡിന് കുറുകെ മലങ്കര എസ്റ്റേറ്റ് മാനേജ്‌മെന്റ് സ്ഥാപിച്ച ജാതി ഗേറ്റ് ഭീം ആര്‍മി പൊളിച്ചുമാറ്റിയത്.

സംഭവത്തെത്തുടര്‍ന്ന് ഭീം ആര്‍മി സംസ്ഥാന പ്രസിഡന്റ് റോബിന്‍ ആലപ്പുഴ, ജനറല്‍ സെക്രട്ടറി പ്രൈസ് കണ്ണൂര്‍, വൈസ് പ്രസിഡന്റ് മന്‍സൂര്‍ കൊച്ചുകടവ്, സി.പി.ഐ.എം തോണിക്കുഴി ബ്രാഞ്ച് സെക്രട്ടറി രാജു തങ്കപ്പന്‍ എന്നിവരെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ ഇന്ന് കോളനിയിലേക്കുള്ള വഴി തടഞ്ഞ് ജാതി ഗേറ്റ് വീണ്ടും പണിയുര്‍ത്തിയെന്ന് ഭീം ആര്‍മി വെസ് പ്രസിഡന്റ് മന്‍സൂര്‍ കൊച്ചുകടവ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. തങ്ങള്‍ പൊളിച്ചുമാറ്റിയ ഗേറ്റ് പൊലീസ് സംരക്ഷണയില്‍ വീണ്ടും പണിതുയര്‍ത്തിയെന്നും പൊലീസുകാര്‍ പ്രദേശത്ത് കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും മന്‍സൂര്‍ പറഞ്ഞു.

‘പൊലീസ് സംരക്ഷണയിലാണ് മതില്‍ വീണ്ടും ഇന്ന് കെട്ടിയത്. കുറച്ച് പൊലീസുകാരും പ്രദേശത്ത് കാവല്‍ നില്‍പ്പുണ്ടായിരുന്നു. അവരുടെ മുന്നില്‍ വെച്ച് തന്നെ ഞങ്ങള്‍ വീണ്ടും ജാതിഗേറ്റ് പൊളിച്ചുമാറ്റി. തുടര്‍ന്ന് പൊലീസ് ഞങ്ങളെ ഇന്നും അറസ്റ്റ് ചെയ്തിരുന്നു. മുട്ടം പൊലീസ് സ്റ്റേഷനില്‍ ബുധനാഴ്ച രാവിലെ കൊണ്ടുവന്നു. കേസെടുക്കുന്നതില്‍ ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ദല്‍ഹിയില്‍ നിന്നും മറ്റും നിരവധി പേര്‍ ഈ സംഭവത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് രണ്ടാളുടെ ജാമ്യത്തില്‍ ഞങ്ങളെ വിട്ടയയ്ക്കുകയായിരുന്നു’, മന്‍സൂര്‍ പറഞ്ഞു.

അതേമയം തങ്ങളുടെ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നും മതില്‍ കെട്ടിപ്പൊക്കിയാല്‍ അത് പൊളിച്ചുമാറ്റുക തന്നെ ചെയ്യുമെന്ന് ഭീം ആര്‍മി പ്രവര്‍ത്തകര്‍ പറഞ്ഞു.

മാര്‍ച്ച് 16നാണ് മുട്ടം പാമ്പാനി ദളിത് കോളനിയിലേക്കുള്ള റോഡിന് കുറുകെ മലങ്കര എസ്റ്റേറ്റ് മാനേജ്‌മെന്റ് സ്ഥാപിച്ച ജാതി ഗേറ്റ് ഭീം ആര്‍മി പൊളിച്ചുമാറ്റിയത്.

നിരവധി കുടുംബങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ് മലങ്കര എസ്റ്റേറ്റ് മാനേജ്‌മെന്റ് സ്ഥാപിച്ച ഗേറ്റ് 26 വര്‍ഷമായി പ്രദേശത്തുണ്ട്. കളക്ടര്‍ അടക്കമുള്ളവര്‍ ഗേറ്റ് മാറ്റണമെന്ന് ഉത്തരവിട്ടിട്ടും എസ്റ്റേറ്റ് മാനേജ്മെന്റ് കേട്ടിരുന്നില്ല.

1993ല്‍ പട്ടിക ജാതി വിഭാഗങ്ങളില്‍ നിന്നുള്ള 30 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഇവിടെ ഭൂമി അനുവദിച്ചിരുന്നു. എന്നാല്‍ കോളനിയിലേക്കുള്ള വഴിയുടെ പ്രശ്‌നം കൊണ്ട് 11 കുടുംബങ്ങളാണ് താമസിക്കാനെത്തിയത്.

ഇവരില്‍ കുറച്ചുപേര്‍ വഴിയില്ലാത്തത് കൊണ്ട് മാത്രം സ്ഥലം ഉപേക്ഷിച്ച് പോയിരുന്നു. ഇപ്പോള്‍ ഇവിടെ അവശേഷിക്കുന്ന നാല്‍പ്പത് കുടുംബങ്ങള്‍ക്ക് പുറത്തേക്കുപോകാനുള്ള വഴി തടഞ്ഞാണ് മലങ്കര മാനേജ്‌മെന്റ് ജാതിഗേറ്റ് സ്ഥാപിച്ചത്.

അടിയന്തിരമായി ഹോസ്പിറ്റലില്‍ പോകേണ്ടി വന്നാല്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് എസ്റ്റേറ്റ് വാച്ചറുടെ റൂമില്‍ പോയി ഗേറ്റിന്റെ താക്കോല്‍ വാങ്ങി ഗേറ്റ് തുറന്ന് വേണം പുറത്തേക്ക് കടക്കാന്‍. അല്ലാത്തപക്ഷം മതിലിനു മുകളിലൂടെ ചാടിക്കടക്കണമായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Malankara Estate Caste Gate Again Erected By Police Says Bhim Army